വയസ്സ് 106 , ഹോബി പാചകം , യൂട്യൂബ് സെലിബ്രിറ്റിയായി  ഈ അമ്മൂമ്മ 

106 വയസുള്ള മസ്തനാമ്മയുടെ പ്രധാനഹോബി പാചകമാണ്...

മനസ്സുണ്ടെങ്കിൽ പ്രായം ഒന്നിനും ഒരു തടസ്സമാകുകയില്ല എന്നു തെളിയിക്കുകയാണ് ആന്ധ്രാപ്രദേശ് സ്വദേശിനിയായ മസ്തനാമ്മ എന്ന അമ്മൂമ്മ. 106  വയസുള്ള ഈ മുത്തശ്ശിയുടെ പ്രധാന ഹോബി പാചകമാണ്. യൂട്യൂബിൽ സ്വന്തമായി ചാനലുള്ള ഈ മുത്തശിയുടെ പാചക ക്ളാസുകൾ സൈബർ ലോകത്തെ പ്രധാന ചർച്ച വിഷയമാണ്. പാചകം എന്നു പറഞ്ഞാൽ വെറും പാചകമല്ല. നല്ല രുചിയുള്ള വിഭവങ്ങൾ ഉണ്ടാക്കിയുള്ള പരീക്ഷണം. ആ പരീക്ഷണം ഒരിക്കലും പാളിപ്പോകാറില്ല എന്നത് ഈ പാചക മുത്തശിയുടെ കുടുംബം തന്നെ സമ്മതിക്കുന്നു. വയസ്സ് 106  ആയെങ്കിലും പാചകത്തിൽ മറ്റൊരാളുടെയും സഹായം മസ്താനമ്മയ്ക്ക് ആവശ്യമില്ല. 

മുത്തശ്ശിയുടെ കൈപ്പുണ്യത്തിന്റെ നിറവിൽ വളർന്ന കൊച്ചുമകനാണ് മുത്തശ്ശിക്കായി യൂട്യൂബ് ചാനൽ ആരംഭിച്ചത്. കൺട്രി ഫുഡ്സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനൽ ഇതുവരെ 2,48,000  ആളുകൾ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. ചാനലിലൂടെ മുറതെറ്റാതെ മുത്തശ്ശിയുടെ നാടൻ വിഭവങ്ങളുടെ റെസിപ്പി കാഴ്ചക്കാരെ തേടിയെത്തുന്നു.

ഇപ്പോൾ യൂട്യൂബിൽ തരംഗം സൃഷ്ടിക്കുന്നത് മസ്തനാമ്മയുടെ എഗ്ഗ് ദോശയാണ്‌ . നാടൻ മുട്ടകൾ അരിമാവിൽ ചേർത്തുണ്ടാക്കുന്ന ഈ രുചികരമായ ദോശയുടെ നിർമാണ രീതി തന്നെ ആരെയും ആകർഷിക്കും.അതിനാൽ പാചക മുത്തശ്ശിക്ക് ആരാധകർ ഏറെയാണ്. പാചകത്തോടുള്ള താൽപര്യം മാറ്റി നിർത്തിയാലും മസ്തനാമ്മയെ സ്നേഹിക്കാൻ കാര്യങ്ങൾ ഏറെ. പൊതുവെ  മടിയന്മാർ എന്ന് മുദ്രകുത്തപ്പെട്ട ഇന്നത്തെ തലമുറയിൽപ്പെട്ടവർ കണ്ടിരിക്കണം മുത്തശ്ശിയുടെ ചുറുചുറുക്ക്.

ഓർമ ശരിയാണെങ്കിൽ ഏകദേശം 95  കൊല്ലമായി മസ്തനാമ്മ പാചകം തുടങ്ങിയിട്ട്. ഈ പ്രായത്തിലും ഒരു കാര്യത്തിനും ഒരാളെയും മസ്തനാമ്മ ആശ്രയിക്കില്ല. ഭക്ഷണം പാചകം ചെയ്തു തരാൻ പറഞ്ഞാൽ അതിലും വലിയ സന്തോഷം കക്ഷിക്ക് വേറെയില്ല .യൂട്യൂബിൽ ആരാധകർ ആവട്ടെ മുത്തശ്ശിയെ സ്നേഹാശംസകൾ കൊണ്ട് മൂടുകയാണ്. റിയലി ...ഗ്രാൻ മാ..യു ആർ ഓസം....