Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെയര്‍ ചെയ്യല്ലേ....വൈറലായ ആ വിഡിയോ വ്യാജമാണ്!

Donald Trump

അമേരിക്ക എന്നും ഒരു തുറന്ന സമൂഹമായിരുന്നു. ലോകത്തെ ഉദാരമായ രാജ്യം. അവിടെയാണ് ഡൊണാള്‍ഡ് ട്രംപ് എന്ന പേരുള്ള സംരക്ഷണവാദി, തീവ്രദേശീയവാദിയെന്ന് സ്വയം വിശേഷിപ്പിച്ച് സര്‍വരേയും ഞെട്ടിച്ച് അധികാരത്തിലേറിയത്. അമേരിക്കയുടെ സവിശേഷത ആയിരുന്ന പല ഉദാരമൂല്യങ്ങളും പുരോഗമന കാഴ്ച്ചപ്പാടും ട്രംപിന് അന്യമായിരുന്നു. 

ലോകത്തെ ഒന്നായി കാണുന്ന ആഗോളവല്‍ക്കരണ നയത്തെ ട്രംപ് ശക്തമായി വിമര്‍ശിച്ചു, അപഹസിച്ചു. അമേരിക്കയുടെ തുറന്ന സംസ്‌കാരത്തെ പുച്ഛിച്ചു. കുടിയേറ്റക്കാര്‍ക്ക് അഭയമേകുന്ന അമേരിക്കന്‍ രീതിയെ അധിക്ഷേപിച്ചു. സ്വാഭാവികമായും അമേരിക്കയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ട്രംപിനെതിരെ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങി. ഇപ്പോഴും തുടരുന്നു ആ പ്രതിഷേധങ്ങള്‍. 

ഈ പശ്ചാത്തലത്തില്‍ സാക്ഷാല്‍ യുഎസ് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് ഒരു കുട്ടിയെ കെട്ടിപ്പിടിക്കാന്‍ ഒരുങ്ങുമ്പോള്‍, നിങ്ങള്‍ അമേരിക്കയ്ക്ക് അപമാനമാണെന്ന് പറയുന്ന വിഡിയോ കണ്ടാല്‍ ഏറ്റവും കൂടുതല്‍ സന്തുഷ്ടരാകുന്നത് മുകളില്‍ പറഞ്ഞ പ്രതിഷേധക്കാര്‍ ആയിരിക്കും. അങ്ങനെയൊരു വിഡിയോ കിട്ടിയ ആഹ്‌ളാദത്തില്‍ ട്രംപിന്റെ എതിരാളികള്‍ അതങ്ങ് വൈറലാക്കി. ട്വിറ്ററിലൂടെ അത് സകല ട്വീറ്റുകളെയും കടത്തിവെട്ടി തരംഗം തന്നെയായി മാറി. 

ഒരു പക്ഷേ നിങ്ങളുടെ മുന്നിലും ആ വിഡിയോ എത്തിക്കാണും. എന്നാല്‍ അറിഞ്ഞോളു, ആ വിഡിയോ വ്യാജമാണ്. ട്വിറ്ററിലാണ് ആദ്യമായി ട്രംപിനെതിരെയുള്ള വിഡിയോ പോസ്റ്റ് ചെയ്തത്. ആരാണ് അവള്‍ എന്നായിരുന്നു വിഡിയോയുടെ കാപ്ഷന്‍. അതിനു ശേഷം പതിനായിരക്കണക്കിന് പേര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വിഡിയോ റീ ട്വീറ്റ് ചെയ്തു. 

യഥാര്‍ത്ഥത്തില്‍ ഈ വിഡിയോ പ്രസിഡന്റ് ഷോ എന്ന കോമഡി സീരിസ് പരിപാടിയില്‍ നിന്നും കട്ട് ചെയ്ത് എടുത്തതാണ്. ഇതറിയാതെയാണ് ട്രംപിനെതിരെ പെണ്‍കുട്ടി പറയുന്നതാണെന്ന് കരുതി ലോകത്തങ്ങോളമിങ്ങോളമുള്ളവര്‍ ട്വീറ്റിയത്. 

ഇതാണ് ട്വിറ്ററില്‍ പ്രചരിക്കുന്ന വിഡിയോ

അന്തോണി അറ്റമാന്യുക് എന്ന ട്രംപുമായി രൂപസാദൃശ്യമുള്ള മനുഷ്യനാണ് പ്രസിഡന്റ് ഷോയില്‍ ട്രംപെന്ന രീതിയില്‍ അഭിനയിച്ചിരിക്കുന്നത്. ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയില്‍ മുഖം വളരെ വ്യക്തമായി കാണുന്നില്ല. എന്നാല്‍ ഒറിജിനല്‍ വിഡിയോയില്‍ വ്യക്തി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അല്ലെന്ന് വ്യക്തമായി കാണാന്‍ സാധിക്കും. 

പ്രസിഡന്റ് ഷോയിലെ ഒറിജിനല്‍ വിഡിയോ താഴെ കാണാം