'ഞാൻ ഷാരൂഖ് ഖാനല്ല, എന്റെ കയ്യിൽ അത്ര പണവുമില്ല' , വൈറലായി സെയ്ഫിന്റെ പഴയകാല അഭിമുഖം

സെയ്ഫ് അലി ഖാനും മുൻഭാര്യ അമൃത സിങ്ങും

മകൻ തൈമൂർ അലി ഖാനൊപ്പം എത്ര സമയം പങ്കിട്ടാലും മതിവരുന്നില്ല അച്ഛൻ സെയ്ഫ് അലി ഖാന്. ഭാര്യ കരീനയും കുഞ്ഞു തൈമൂറും കഴിഞ്ഞേയുള്ളു സെയ്ഫിന് ഇപ്പോൾ എന്തും. സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന സെയ്ഫ് ഒരു അഭിമുഖത്തിനിടെ മുൻഭാര്യ അമൃത സിങ്ങിനെക്കുറിച്ചു പരാമർശിച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ ബോളിവുഡ് ലോകത്തു ചർച്ചയാകുന്നത്. പത്തുവർഷം മുമ്പ് വിവാഹമോചിതരായപ്പോള്‍ തൊട്ട് ഇരുവരും പഴിചാരലുകൾക്ക് വേദി നൽകാറില്ലെന്നു മാത്രമല്ല കൃത്യമായ അകലവും പാലിക്കുന്നുണ്ട്. എന്നാൽ 2005ൽ വിവാഹമോചിതനായി ഒരുവർഷം കഴിഞ്ഞപ്പോൾ സെയ്ഫ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമം ഏറ്റുപിടിക്കുന്നത്. അഭിമുഖത്തിനിടെ അമൃത സിങ്ങുമായി പിരിഞ്ഞ സംഭവവും സെയ്ഫ് വ്യക്തമാക്കിയിരുന്നു. 

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ പോകുന്നു. '' അമൃതയ്ക്ക് ഞാൻ കൊടുക്കാൻ ഉദ്ദേശിക്കുന്നത് അഞ്ചുകോടിയാണ്, അതിൽ 2.5 കോടി ഇതിനകം തന്നെ കൈമാറിയിട്ടുണ്ട്. മാത്രമല്ല മകന് പതിനെട്ടു വയസാകുന്നതുവരെ മാസത്തിൽ ഒരുലക്ഷം രൂപയും നൽകുന്നുണ്ട്. ഞാൻ ഷാരൂഖാനൊന്നുമല്ല, എന്റെ കയ്യിൽ അതിനുമാത്രം പണവുമില്ല. ബാക്കി പണം എന്തായാലും നല്‍കിയിരിക്കുമെന്ന് ഞാൻ അവർക്കു വാക്കു കൊടുത്തിട്ടുണ്ട്. പരസ്യങ്ങളിൽ നിന്നും സ്‌റ്റേജ് ഷോകളിൽ നിന്നും സിനിമയിൽ നിന്നുമൊക്കെയായി ഞാൻ സമ്പാദിക്കുന്നതെല്ലാം എന്റെ മക്കൾക്കുള്ളതാണ്.  ഞങ്ങളു‌ടെ ബംഗ്ലാവ് അമൃതയ്ക്കും മക്കൾക്കും വേണ്ടിയുള്ളതാണ്.

തന്റെ അക്കാലത്തെ ഗേൾഫ്രണ്ട് റോസയെക്കുറിച്ചും സെയ്ഫ് അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. '' അമൃതയെപ്പോലെ റോസ സിനിമാമേഖലയിൽ നിന്നുള്ളയാളല്ല. അമൃതയിലൂടെ ഇൻഡസ്ട്രിയിലെ പ്രമുഖരുമായി അടുക്കാന്‍ ഞാനിഷ്ടപ്പെട്ടിരുന്നുവെന്നത് സത്യമാണ്. അമൃത കാരണമാണ് ഞാൻ ഇന്ന് ഈ നിലയ്ക്ക് എത്തിയതെന്നു പറയുന്നവരുണ്ട്. നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും എന്റെ വളർച്ചയിൽ അമൃത വലിയ സ്ഥാനം വഹിച്ചിട്ടുണ്ട്. പക്ഷേ സിനിമയുമായി ഒരു ബന്ധവുമില്ലാത്തൊരു പെൺകുട്ടിക്കൊപ്പം ഉണ്ടായിരിക്കാൻ പറ്റുക എന്നത് ഭാഗ്യമാണ്. ഷാരൂഖിന്റെ പത്നി ഗൗരി പോലും അദ്ദേഹത്തിന്റെ കരിയറിൽ നിന്നു വിട്ടുനിൽക്കുന്നു, ആ വഴി തുടരാനാണ് എനിക്കിഷ്ടം.''

എ​ന്തായാലും സെയ്ഫിന്റെ വാക്കുകളെ ഇഴകീറി പരിശോധിച്ച് സമൂഹമാധ്യമത്തിൽ വൈറലാക്കുകയാണ് ഒരുകൂട്ടർ. സിനിമയിൽ നിന്നു പങ്കാളിയെ തേടില്ലെന്നു പറഞ്ഞ സെയ്ഫ് കരീനയെ വിവാഹം കഴിച്ചതിനെക്കുറിച്ചു പറഞ്ഞാണ് പലരും അഭിമുഖം പങ്കുവെക്കുന്നത്.