'എന്നാലും എന്റെ ബീഫിനീ ഗതി വന്നല്ലോ', വൈറലായി വിഡിയോ

റാണി ലക്ഷ്മി

സമൂഹത്തിൽ എന്തു നടന്നാലും അവ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ പുകഴ്ത്താനും ഇകഴ്ത്താനുമൊക്കെ തയ്യാറായി ഒരുകൂട്ടം ജനങ്ങൾ എപ്പോഴും ഉണ്ടാകും. സമൂഹമാധ്യമങ്ങൾ കൂടി എത്തിയതോടെ പ്രതികരണശേഷിയുള്ള വിഭാഗത്തിന്റെ വളർച്ച കൂടുകയാണു ചെയ്തത്. വിഷയം ഗൗരവതരമാണെങ്കിൽക്കൂടിയും അതിലും നര്‍മം കലർത്തി സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്ന യുവതലമുറ ഇന്ന് ഏറെയാണ്. കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെട‌ുവിച്ച വിജ്ഞാപനത്തിന്മേൽ പ്രതിഷേധം അലയടിക്കുകയാണ്. ട്രോളുകളായും പോസ്റ്റുകളായുമൊക്കെ വിഷയത്തിലെ രോഷപ്രകടനങ്ങൾ ഉയരുമ്പോൾ അതിനിടയിൽ വ്യത്യസ്തമാകുന്നൊരു വിഡിയോ കൂടിയുണ്ട്. ബീഫിനെയോർത്തു വിലപിക്കുന്ന രണ്ടു യുവതികളാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്ന ആ വിഡിയോയിലുള്ളത്. 

അമരം എന്ന ചിത്രത്തിലെ 'രാക്കിളി പൊന്മകളേ' എന്ന ഗാനത്തിന് അകമ്പടിയായാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബീഫിനെ നോക്കി വിതുമ്പുന്ന യുവതികൾ ബീഫ് എടുത്ത് പരസ്പരം വായിൽ വച്ചു കൊടുക്കുന്നതും കരയുന്നതുമാണ് വിഡിയോയിൽ കാണുന്നത്. ഒറ്റവാക്കിൽ അസലൊരു ആക്ഷേപഹാസ്യം എന്നു തോന്നിക്കുന്ന വിഡിയോ തയ്യാറാക്കിയതിനു പിന്നിൽ കോട്ടയം സ്വദേശിയായ റാണി ലക്ഷ്മി രാഘവനും കൂട്ടുകാരി ശീതളുമാണ്.

പ്രോഗ്രാം പ്രൊഡ്യൂസർമാരായി പ്രവർത്തിക്കുന്ന ഇരുവരും ഒരു നേരമ്പോക്കിനെന്ന വണ്ണം ചെയ്ത വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തപ്പോഴേക്കും ഹിറ്റായിരിക്കുകയാണ്. അപ്‌‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം വിഡിയോയ്ക്ക് നാനൂറിൽപ്പരം ഷെയറുകളും ഇരുപത്തി ആറായിരത്തിൽപ്പരം കാഴ്ച്ചക്കാരെയുമാണ് ലഭിച്ചിരിക്കുന്നത്. എന്തായാലും ബീഫിനെയോർത്തു വിലപിക്കുന്ന ഈ യുവതികളാണ് ഇന്ന് ബീഫ് വിഷയത്തില്‍ സമൂഹമാധ്യമത്തിലെ താരങ്ങളായിരിക്കുന്നത്.