സൈബർ ഞരമ്പ് രോഗികൾക്കു കുറിക്കുകൊള്ളുന്ന മറുപടിയുമായി ദീപ നിശാന്ത് 

ദീപ നിശാന്ത്, ചിത്രം: ഫേസ്ബുക്

അധ്യാപികയാണ്, ഗുരുവാണ് അതോർക്കണം ഓരോ വാക്കും സൈബർ ഇടത്തിൽ കുറിക്കും മുൻപ്. ഇല്ലെങ്കിൽ ദീപ ടീച്ചറെ പോലെ ഏതൊരു വ്യക്തിയും പ്രതികരിക്കും കുറിക്കു കൊള്ളുന്ന പോലെ തന്നെ. എസ്എഫ്‌ഐ കേരളവര്‍മ്മ കോളജില്‍ സ്ഥാപിച്ച എംഎഫ് ഹുസൈന്റെ ''സരസ്വതി''ചിത്രം പതിച്ച ബോര്‍ഡിന് നേരയുള്ള സംഘപരിവാര ആക്രമണങ്ങളെ വിമർശിച്ചതിനുള്ള മറുപടിയായി, അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ ചിത്രം മോർഫ് ചെയ്ത് സൈബർ ഇടത്തിൽ പോസ്റ്റ് ചെയ്തിരുന്നു. നഗ്നയായ ഒരു സ്ത്രീയുടെ ശരീരത്തില്‍ ദീപയുടെ മുഖം ചേര്‍ത്തുവച്ച് ഇത് ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്ന തരത്തിലുള്ള പ്രചരണമാണ് അവർ നടത്തിയത്. വി  ടി ബൽറാം ഉൾപ്പെടെയുള്ളവർ ഈ പോസ്റ്റിനെതിരെ ദീപ ടീച്ചർക്കു പിന്തുണ പ്രഖ്യാപിച്ചു മുന്നോട്ടു വന്നിരുന്നു 

ഒന്നിലധികം ഫേക്ക് ഐഡികളിലൂടെ നടത്തിയ ഈ സൈബർ കുറ്റകൃത്യത്തെ നിയമപരമായി തന്നെ നേരിടും എന്നു ദീപ നിശാന്ത് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് സൈബർ പോരാളികൾക്കുള്ള ഉത്തരമായി ദീപ നിശാന്ത് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. "അല്ലയോ ഞരമ്പുരോഗികളേ.......,എന്ന് അഭിസംബോധന ചെയ്ത തുടങ്ങുന്ന പോസ്റ്റ് സൈബർ ഇടങ്ങളിൽ ഒളിയാക്രമണം നടത്തുന്നവർക്കുള്ള പ്രഹരമാണ്. 

ദീപയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

"അല്ലയോ ഞരമ്പുരോഗികളേ.......,

ഗതികേടിനോ ചതിക്കപ്പെട്ടോ അല്ലെങ്കിൽ സ്വന്തം ഇഷ്ടത്തിനോ തുണിയില്ലാതെ, ലവലേശം കലയില്ലാതെ വെറുമൊരു 'പോൺ ഉടലായി ' ഫോട്ടോയിൽപ്പെട്ടുപോയ ഏതെങ്കിലുമൊരു പാവം പെൺകുട്ടിയുടെ ശരീരത്തിൽ എൻ്റെ തല ദയനീയമായി ഫോട്ടോഷോപ്പ് ചെയ്ത് കേറ്റി നാടുമുഴുവനും പോരാത്തതിന്‌ എൻ്റെ തന്നെ പോസ്റ്റിലും കൊണ്ട് ഒട്ടിക്കുന്ന എൻ്റെ പ്രിയപ്പെട്ടവരേ...

കലയിലെ സ്വാതന്ത്ര്യമല്ല ഒരു ജീവിച്ചിരിക്കുന്ന വ്യക്തിയെ വച്ച് കളിക്കുന്നത് എന്ന് നിങ്ങൾക്ക് താമസിയാതെ മനസ്സിലായിക്കോളും. മിത്തും റിയാലിറ്റിയും രണ്ടാണ്‌. നിങ്ങൾക്ക് മിത്തിന്റെ പുറത്തേ സ്വാതന്ത്ര്യമുള്ളൂ, വ്യക്തികളുടെ പുറത്തില്ല. മിത്ത് ഏതോ കാലത്തിലെ ഭാവനയാണ്‌. ആ ഭാവനക്കുമുകളിലുള്ള തുടർഭാവനകളെ മരവിപ്പിക്കാൻ ആർക്കും ഒരു ജനാധിപത്യരാജ്യത്തിൽ കഴിയില്ല. കഴിയുകയുമരുത്. നിങ്ങളീ കയറുപൊട്ടിക്കുന്ന ഇതിഹാസങ്ങളൊക്കെ അങ്ങനെ തുടർഭാവനകളിൽ നൂറ്റാണ്ടുകൾ കൊണ്ട് രൂപമെടുത്തവയാണ്‌. നിങ്ങളെപ്പോലുള്ളവർ അക്കാലത്ത് സാംസ്കാരികാധികാരം കയ്യാളാതിരുന്നതുകൊണ്ട് അവയൊക്കെ ഇന്ന് നമ്മൾ വായിക്കുന്നു .നിങ്ങൾ ഏകശിലാരൂപമാക്കാൻ ശ്രമിക്കുന്ന ഹിന്ദുമതത്തിനകത്തെ നൂറുകണക്കിന്‌ ധാരകളും ആയിരക്കണക്കിന്‌‌ പിരിവുകളും ഇത്തരം ഭിന്ന- തുടർഭാവനകളുടെ സൃഷ്ടികളാണ്‌.

മിത്തുകൾ ഒരു ജനതയുടെ പൊതുസ്വത്താണ്‌. അല്ലാതെ ആ മിത്തുകളെ ഏറ്റെടുത്ത ഒരു പ്രത്യേക മതത്തിന്റെയോ പ്രദേശവാസികളുടെയോ കുത്തകയല്ല. ഹൈന്ദവപുരാണങ്ങളിലും ചരിത്രത്തിലും പരാമർശിക്കപ്പെടുന്ന പ്രദേശങ്ങളിൽ നല്ലൊരു ഭാഗവും ഇന്നത്തെ പാക്കിസ്ഥാനിലും ചിലതൊക്കെ അഫ്ഘാനിസ്ഥാനിൽ പോലുമാണ്‌. അതിന്റെ സാംസ്കാരികാവകാശികളായി അതാത് പ്രദേശത്തെ ജനതയെയോ അവിടങ്ങളിലെ ഭൂരിപക്ഷമതത്തെയോ ഏൽപ്പിക്കുന്നതുപോലെ അസംബന്ധമാണ്‌ ഹിന്ദുമതം സ്വാംശീകരിച്ച ഇന്ത്യൻ മിത്തുകളുടെ അവകാശം ഇവിടത്തെ ഹിന്ദുക്കൾ ഏറ്റെടുക്കുന്നതും. എന്തിന്‌, ഇന്ന് ഹിന്ദുദൈവങ്ങളായി ആരാധിക്കപ്പെടുന്നവ ഒരുകാലത്ത് പരസ്പരം കൊന്നുമുടിച്ചിരുന്ന ശൈവ-വൈഷ്ണവ ദൈവസങ്കല്പങ്ങളുടെ സഞ്ചിതരൂപമാണ്‌. എന്തിന്‌ ഏകശിലാത്മക ഹിന്ദുമതത്തിന്റെ പൊതുസ്വഭാവമായി നിങ്ങൾ നിർവ്വചിക്കാൻ ശ്രമിക്കുന്ന ബ്രാഹ്മണരുടെ വെജിറ്റേറിയനിസം തന്നെ ബുദ്ധമതത്തിൽ നിന്ന് കടം കൊണ്ടതാണ്‌.

മിത്തല്ല വ്യക്തി. അത് ചോരയും നീരും ജീവനും വികാരവും ബുദ്ധിയുമുള്ള ജനനവും മരണവുമുള്ള ഒരു മനുഷ്യജീവിയാണ്‌. നിലനിൽക്കുന്ന ഭൗതികയാഥാർത്ഥ്യമാണ്‌. ഭരണഘടനാവകാശങ്ങളുള്ള പൗരനാണ്‌. അതിന്റെ പുറത്ത് വല്ലാണ്ടങ്ങ് ഭാവനിക്കാൻ പറ്റില്ല. നിങ്ങൾക്ക് തോന്നുന്നത് കൂട്ടിച്ചേർക്കാൻ പറ്റില്ല . തുണിയുരിക്കാനോ നിങ്ങൾക്കിഷ്ടമുള്ള തുണിയുടുപ്പിക്കാനോ പറ്റില്ല എന്നർത്ഥം. 

നിങ്ങളുടെ മിത്തുകളിലെ കഥാപാത്രങ്ങളുടെ ഇഷ്ടഭക്ഷണം പൗരൻ കഴിക്കണമെന്നോ ഇഷ്ടമില്ലാത്തത് കഴിക്കരുതെന്നോ വാശിപിടിക്കാൻ പറ്റില്ല. അതവിടെ ഇരിക്കട്ടെ. അല്ലെങ്കിലും ഈ ആയുസ്സിൽ അതൊന്നും നിങ്ങൾക്ക് തിരിയാൻ പോകുന്നില്ല. എൻ്റെയൊരു സമാധാനത്തിന്‌ പറഞ്ഞെന്നേയുള്ളൂ. "ഇയാൾക്കെങ്ങനെ നോട്ട് നിരോധനത്തിന്റെ പ്രശ്നങ്ങൾ ആദ്യമേ മനസ്സിലായി?" എന്ന ചോദ്യത്തിന്‌‌ "തോമസ് ഐസക്ക് എക്കണോമിക്സ് പഠിച്ചത് യൂണിവേഴ്സിറ്റിയിലാണ്‌, അല്ലാതെ അമ്പാടിമുക്ക് ശാഖയിലല്ല!'' എന്ന മറുപടി കേട്ടിട്ടി്ലേ? അത്രയും മനസ്സിലാക്കിയാൽ മതി. അതിനെ ഇങ്ങോട്ടങ്ങ് പറിച്ചുനട്ടാൽ മതി. അദ്ധ്വാനിച്ച് നേരം കളയണ്ട.

നിങ്ങൾക്ക് ചിലപ്പോൾ മനസ്സിലായേക്കാവുന്ന വേറൊരു ഭാഷയിൽ പറയാം. തലവെട്ടി വേറൊരു നഗ്നമായ ഉടലിലൊട്ടിച്ചത് കണ്ട് ഹൃദയം നൊന്ത് സ്വയം തീ കൊളുത്തുകയോ ഉത്തരത്തിൽ സ്വന്തം ശരീരം കൊളുത്തിയിടുകയോ ചെയ്യേണ്ടിവന്നിരുന്ന പാവം പെൺകുട്ടികളുടെ കാലമൊക്കെ കഴിഞ്ഞു ചേട്ടന്മാരേ. ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി, പരാതി കൊടുത്ത് രണ്ടാം ദിവസം കൂളായി ജോലിക്ക് ചെന്ന് ചെയ്തവനേം ചെയ്യിച്ചവനേം നാടുമുഴുവൻ കൊണ്ട് നടന്ന് പഴനിക്ക് പോവാൻ നോമ്പെടുത്തവരെപ്പോലെ തെണ്ടിക്കുന്ന കാലമാണ്. അതിന്റെടേലാണ് അവന്റൊരു ഫോട്ടോ മോർഫിങ് !! അതുകണ്ട് ഇവിടാരും തൂങ്ങിച്ചാവാനൊന്നും പോണില്ല! പോയി പണി നോക്ക്!

"മതവികാരം വ്രണപ്പെടുത്തുക " എന്ന ഒരു വകുപ്പും വച്ചുള്ള നിങ്ങളുടെ ഭീഷണി അതിലും വലിയ തമാശയാണ്‌. അത് സാംസ്കാരികവ്യാഖ്യാനങ്ങൾക്കെതിരെ പോലും ഉപയോഗിക്കാൻ കഴിയില്ല, അക്കാദമിക് സ്വാതന്ത്ര്യം എന്ന തൊഴിൽപരമായ പ്രിവിലേജുകൂടി എനിക്കുണ്ട്. ഞാൻ പറഞ്ഞത് ദേവീശില്പങ്ങളിൽ ആർക്കിയോളജിക്കലായി കാണുന്ന വസ്ത്രസംസ്കാരത്തിലും കൂടുതലായി കോളേജിൽ പ്രദർശിപ്പിച്ച കലാസൃഷ്ടിയുടെ കോപ്പിയിലും ഒന്നുമില്ല എന്നതാണ്. അതെൻ്റെ അഭിപ്രായമാണ്. യോജിക്കാം വിയോജിക്കാം.. വിയോജിപ്പിൻ്റെ ഭാഷയിലാണ് പ്രശ്നം. പറയുന്ന വസ്തുതയിൽ നിങ്ങളുടെ വികാരം വ്രണപ്പെടുന്നുണ്ടെങ്കിൽ അതിന് മാനസികരോഗാശുപത്രിയിലാണ്‌ പോകേണ്ടത്. കോടതിയിലല്ല!

എന്നുവച്ച് " ഞാൻ ചുമ്മാ ഫോട്ടോ‌ മോ‌‌ർഫ് ചെയ്തല്ലേയുള്ളൂ" എന്ന് കരുതി വീട്ടിലിരിക്കാമെന്ന് ആരും കരുതണ്ട. വരേണ്ടവർ വീട്ടിൽ എത്തും താമസിയാതെ. നടന്ന് തെറിവിളിച്ച കമന്റുകളും പോസ്റ്റുകളും' സ്വമേധയാ 'അപ്രത്യക്ഷമാകുന്നുണ്ട്. ചിലരെ ബ്ലോക്കിയിട്ടുണ്ട്. പേടിച്ചിട്ടാണെന്ന് കരുതരുത്. പ്ലീസ്.. കമൻ്റും കൊണ്ട് ഓടാതിരിക്കാനാണ്.. ഐഡി ഡീആക്റ്റിവേറ്റ് ചെയ്ത് ഹിമാലയ പ്രാന്തപ്രദേശങ്ങളിൽ ധ്യാനത്തിനു പോയ പരിശുദ്ധാത്മക്കൾക്ക് ഉചിതമായ ഉദകക്രിയകൾ ചെയ്യുന്നതാണെന്നും ഞാനിതാ വാഗ്ദാനം ചെയ്യുന്നു. ഡെലീറ്റ് ചെയ്ത് ഊരിയാൽ പ്രത്യേകിച്ചൊരു കാര്യവുമില്ല. സി സി ടി വി യുടെ ദൃശ്യങ്ങൾ കൃത്യം മൂന്ന് ദിവസത്തേക്ക് മായ്ച്ചുകളഞ്ഞ ജനപ്രിയനടന്റെ അവസ്ഥയായിപ്പോകും. അതുതന്നെ തെളിവാകുമെന്നർത്ഥം. നിയമപ്രക്രിയക്കാവശ്യമുള്ള എല്ലാം ലിങ്കും ഉള്ളടക്കവും സ്ക്രീൻ ഷോട്ടും അടക്കം ശേഖരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ നിയമമുണ്ടോ എന്ന് അറിയണമല്ലോ.

അടുത്ത സ്ഥിരം ചോദ്യം എന്തുകൊണ്ട് മറ്റ് മതക്കാർക്കെതിരെ സംസാരിക്കുന്നില്ല എന്നാണ്‌. ഒന്നാമത് ഞാൻ ഒരു മതത്തിനും എതിരെ സംസാരിച്ചിട്ടില്ല. വിശ്വാസം ഒരു വ്യക്തിപരമായ ആഭിമുഖ്യമാണ്‌, അതിൽ വിശ്വാസിയായ വ്യക്തിക്കൊഴിച്ച് മറ്റാർക്കും കാര്യമില്ല. ഞാൻ അഭിസംബോധന ചെയ്തത് തീവ്രവാദത്തെയാണ്‌.വിശ്വാസത്തെയല്ല. വിശ്വാസികളെയുമല്ല. അതൊരു സാമൂഹ്യപ്രശ്നമാണ്‌. നിങ്ങളുടെയും എൻ്റെ യും മതവിശ്വാസം എപ്പോഴെങ്കിലും സമൂഹത്തിലെ മറ്റ് വ്യക്തികളുടെ അവകാശങ്ങളിൽ സാമൂഹ്യമായോ വ്യക്തിപരമായോ കടന്നുകയറുകയോ നിയന്ത്രിക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ അത് തീവ്രവാദമാവും. ഒരു തീവ്രവാദം മറ്റൊരു തീവ്രവാദത്തിനുള്ള മറുപടിയോ ന്യായീകരണമോ അല്ല. മുന്നിലുണ്ടായിരുന്ന പ്രശ്നത്തിന്റെ സാമൂഹ്യ ഉത്തരവാദി ഹിന്ദുതീവ്രവാദമായിരുന്നതുകൊണ്ട് സ്വാഭാവികമായും ഹിന്ദുതീവ്രവാദികളെ അഭിമുഖീകരിച്ചാണ്‌ സംസാരിച്ചത്. ഹൈന്ദവതയെ തീവ്രവാദത്തിന് ഉപയോഗിക്കുന്നവരെ മാത്രമാണ് ഞാനങ്ങനെ അഭിസംബോധന ചെയ്തിട്ടുള്ളത്. സാമാന്യവത്കരണമല്ല. സാമാന്യവത്കരണമാണെങ്കിൽ അതിൽ ഞാനും ഉൾപ്പെടും.ഹിന്ദു മതത്തിൽ നിന്ന് വിട്ടു പോകാൻ ഞാനാഗ്രഹിക്കുന്നേ ഇല്ല. നിങ്ങൾ വിചാരിച്ചാൽ അത് സാധിക്കാനും പോണില്ല.

തീവ്രവാദം എന്ന സാമൂഹ്യപ്രശ്നം ഞാൻ പഠിപ്പിക്കുന്ന കോളേജിലെത്തി അവിടെ വിദ്യാർത്ഥികൾ കോപ്പി ചെയ്തുവച്ച ഇന്നേവരെ നിരോധിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്ടിയുടെ പേരും പറഞ്ഞ് അക്കാര്യത്തിൽ ഒരക്ഷരം മിണ്ടാതിരുന്ന എന്റെ ഫോട്ടോയും വച്ച് പോസ്റ്ററടിച്ച് നാടുനീളെ കൊണ്ടിട്ട് എന്റെ വായിൽ കുത്തി പറയിപ്പിച്ചതാണ്‌. എന്റെ പോസ്റ്റ് ഞാൻ ജീവിക്കുന്ന ഇടത്തിൽ ക്രമേണ എന്റെ വ്യക്തിത്വത്തിനുനേരെക്കൂടി വന്ന ഒരാക്രമണത്തിനോടുള്ള പ്രതിഷേധവും അതിന്റെ സാംസ്കാരികകാരണങ്ങളോടുള്ള വ്യക്തിയുടെ വിയോജനക്കുറിപ്പുമാണ്‌. അതിൽ ഞാനെന്തിന്‌ വിഷയവുമായി ബന്ധമില്ലാത്ത മറ്റ് മതത്തിലെ തീവ്രവാദത്തെ അഭിമുഖീകരിക്കണം? എന്റെ തെരഞ്ഞെടുപ്പുകൾക്ക് ഞാനെന്തിന്‌‌ ആരോടെങ്കിലും മറുപടി പറയണം?

പിന്നെ,"പുസ്തകം വിറ്റു പോകാൻ ഇടക്കിടെ ഇങ്ങനെ വിവാദമുണ്ടാക്കും.. അതിലൊന്നും വല്യ കാര്യല്യ ."എന്നു പറയുന്ന ത്രികാലജ്ഞാനികളോട്,

എൻ്െ പുസ്തകം ഇത്തരം വിവാദങ്ങളുടെ അകമ്പടിയില്ലാതെ തന്നെ നല്ല ഉഷാറുഷാറായി ചെലവാകുന്നുണ്ട്.. ഒന്നന്വേഷിച്ചാ മതി.. കൃത്യമായി പതിപ്പും ഇറങ്ങുന്നുണ്ട്. റോയൽറ്റി ഇനത്തിൽ കനത്ത തുക കൈപ്പറ്റി ആ തുക കൊണ്ട് നാലു നേരോം ഞാൻ ബീഫ് ബിരിയാണി വാങ്ങിത്തിന്നുന്നുണ്ട്.ഇത്തരം ആരോപണങ്ങളുന്നയിക്കുന്ന എഴുത്തുകാരായ ആളുകൾ പറയാതെ പറഞ്ഞു വെക്കുന്ന ചിലതുണ്ട്. അവരുടെ പുസ്തകം ചെലവാകാത്തത് അവർ ഇത്തരം വിവാദങ്ങളൊന്നും ഉണ്ടാക്കാതെ ലോകാ സമസ്താ സുഖിനോ ഭവന്തു ലൈനിൽ ജീവിക്കുന്ന നിഷ്കളങ്ക പരബ്രഹ്മങ്ങളായതുകൊണ്ടാണ് എന്നാണ്. കപടലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണ്‌ നിങ്ങളുടെ പരാജയം എന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? നിങ്ങളുടെ പുസ്തകം വായിച്ച് പ്രബുദ്ധരാവാനുള്ള ശേഷി മലയാളികൾക്കുണ്ടാവാൻ ഞാനും പ്രാർത്ഥിക്കാം! മലയാള സാഹിത്യത്തിൻ്റെ ഭാവി അങ്ങനെ നന്നാവട്ടെ! ബുദ്ധിജീവികളേ വാഴ്ക !വാഴ്ക !

പിന്നെ, ടീച്ചറിൻ്റെ പുസ്തകം വായിച്ചിട്ട് ആദ്യോക്കെ ഇഷ്ടമായിരുന്നു. ഇപ്പോൾ വെറുക്കുന്നു എന്ന് പറയുന്ന ലിമിറ്റഡ് പിരീഡ് ഓഫർ സ്നേഹക്കാരോട്,

പുസ്തകവായന എഴുത്തുകാരന്/ കാരിക്ക് നിങ്ങൾ കൊടുക്കുന്ന ഔദാര്യമല്ല. സ്നേഹവും ഔദാര്യമായി ആവശ്യമില്ല. എൻ്റെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാതെ ഭൂതകാലക്കുളിരും അയവിറക്കി ജീവിക്കുന്ന പരാന്നഭോജിയായി നിങ്ങളെന്നെ കാണേണ്ടതില്ല. വായിക്കേണ്ടതുമില്ല. നിങ്ങൾക്കാവശ്യമുണ്ടെങ്കിലാണ് നിങ്ങൾ പുസ്തകം വാങ്ങേണ്ടത്. എൻ്റെ പുസ്തകത്തിൽ ഈ ഫേസ്ബുക്കിൽ ഞാൻ കുറിച്ചിട്ടതല്ലാതെ പുതുമയുള്ള മറ്റൊന്നും തന്നെയില്ല. വാങ്ങുകയോ വാങ്ങാതിരിക്കുകയോ നിങ്ങൾക്ക് ചെയ്യാം. പുസ്തകം വാങ്ങുന്നതിനാൽ എനിക്ക് നിങ്ങളോട് വ്യക്തി എന്ന നിലയിൽ എന്തെങ്കിലും ബാദ്ധ്യതയുണ്ടാവും എന്ന് കരുതരുത്. അഥവാ നിങ്ങളുടെ രാഷ്ട്രീയ- സാമൂഹ്യ - സാംസ്കാരിക പ്രതീക്ഷകൾ പ്രതി എന്റെ മുകളിൽ പുസ്തകം വാങ്ങിക്കൊണ്ട് സ്ഥിരനിക്ഷേപം നടത്തരുത്. എന്റെ വ്യക്തിത്വം നിങ്ങളുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശ കൊടുക്കാനായി മാറ്റിവെക്കൽ ഇത്തിരി ബുദ്ധിമുട്ടാണ്‌. ബുദ്ധിമുട്ടാണ് എന്നല്ല .പറ്റില്ല.. അത്ര തന്നെ!എന്റെ

പുസ്തകം വാങ്ങി എന്നുവച്ച് നിങ്ങൾ പറയുന്നതൊക്കെ കേൾക്കാൻ ഞാൻ ലോകബാങ്കിൽനിന്ന് ലോണൊന്നുമല്ലല്ലോ എടുത്തിട്ടുള്ളത്?

അപ്പോ ശരി. പൂർവ്വാധികം ഭംഗിയായി നിങ്ങളുടെ ഉത്സവം നടക്കട്ടെ.

(പശ്ചാത്തലമറിയാത്ത വായനക്കാരുണ്ടെങ്കിൽ മുൻ പോസ്റ്റുകളും അതിനുതാഴെയുള്ള കമന്റുകളും വായിക്കുക. കമന്റുകളിൽ സരസ്വതീപ്രസാദം കിട്ടിയ ആർഷഭാരതനാവുകളിൽ നിന്ന് വരുന്ന വാക്കിന്റെ അമൃത് നേരിട്ട് രുചിക്കുക. നിങ്ങൾക്കെന്റെ മംഗളാശംസകൾ!)

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam