ട്വിറ്ററിനെ ഇളക്കിമറിച്ച് ഒബാമയുടെ ട്വീറ്റ്

ഇരുകയ്യും നീട്ടിയാണ് ഒബാമയുടെ അഭിപ്രായത്തെ ട്വിറ്റര്‍ സ്വീകരിച്ചത്

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈക്ക് ചെയ്ത ട്വീറ്റിന് ഉടമ ഇനി ബരാക് ഒബാമ. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് വംശീയതയ്‌ക്കെതിരെ നടത്തിയ ട്വീറ്റാണ് സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരിക്കുന്നത്. 

വിര്‍ജിനിയയിലെ ഷാര്‍ലെറ്റ്‌സില്‍ നടന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ആയിരുന്നു സമാധാന സന്ദേശവുമായുള്ള ഒബാമയുടെ ട്വീറ്റ്. ഇതിഹാസനായകന്‍ നെല്‍സണ്‍ മണ്ടേലയുടെ ആത്മകഥയായ ലോങ് വാക്ക് ടു ഫ്രീഡം എന്ന പുസ്തകരത്തിലെ ഉദ്ധരണി ആണ് ഒബാമ ട്വിറ്ററിലിട്ടത്. 

ഒരാളുടെ നിറത്തെയോ, മതത്തെയോ, പശ്ചാത്തലത്തെയോ വെറുത്ത് കൊണ്ട് ആരും ജനിക്കുന്നില്ല എന്നതായിരുന്നു ഒബാമയുടെ ട്വീറ്റ്. അതിനൊപ്പം കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഒബാമയുടെ ഫോട്ടോയും. 

അക്ഷരാര്‍ത്ഥത്തില്‍ ഇരുകയ്യും നീട്ടിയാണ് ഒബാമയുടെ അഭിപ്രായത്തെ ട്വിറ്റര്‍ സ്വീകരിച്ചത്. ഇതിനോടകം തന്നെ 2.9 ദദശലക്ഷം പേര്‍ ഈ ട്വീറ്റ് എന്‍ഡോഴ്‌സ് ചെയ്തു കഴിഞ്ഞു.

വിര്‍ജീനിയയില്‍ വംശീയവാദികള്‍ നടത്തിയ റാലിക്കിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇമാനിസിപ്പേഷന്‍ പാര്‍ക്കില്‍ നിന്ന് കോണ്‍ഫെഡറേറ്റ് ജനറല്‍ റോബര്‍ട്ട് ഇ ലീയുടെ സ്റ്റാച്ച്യൂ നീക്കം ചെയ്യുന്നതിനെതിരെയാണ് തീവ്ര വലതുപക്ഷവാദികള്‍ റാലി സംഘടിപ്പിച്ചത്. ശനിയാഴ്ച്ചയായിരുന്നു ഇതിന്റെ ഫലമായി സിവില്‍ റൈറ്റ്‌സ് ആക്റ്റിവിസ്റ്റായ ഹീതെര്‍ ഹെയ്യര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

എന്നാല്‍ സംഭവത്തിനെതിരെ അത്ര കടുത്ത പ്രതികരണമൊന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയില്ല. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ട്വീറ്റ് പോസ്റ്റ് ചെയ്ത് വംശീയതക്കെതിരെയുള്ള നിലപാടില്‍ തന്റെ നിലപാട് അറിയിച്ച ഒബാമ താരമായത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച 10 ട്വീറ്റുകളില്‍ ആറും ഒബാമയുടേതാണെന്നതാണ് ശ്രദ്ധേയം.  

Read more: Lifestyle Magazine