'ഞാന്‍ എന്റെ അച്ഛനെപ്പോലെ തന്നെ', വികാരഭരിതനായി ഷാരൂഖ്

ഷാരൂഖ് ഖാൻ മക്കളായ ആര്യനും സുഹാനയ്ക്കും അബ്റാമിനുമൊപ്പം

ബോളിവുഡിലെ താരരാജാവ് ഷാരൂഖ് ഖാന് സിനിമയാണോ അതോ കുടുംബമാണോ ഏറ്റവും വലുതെന്നു ചോദിച്ചാൽ ഒരൽപം സംശയിക്കേണ്ടി വരും. തന്നെ താരമാക്കിയ സിനിമയോളം അല്ലെങ്കിൽ അതിനേക്കാളും ഒരുപടി കൂടുതലായിരിക്കും കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം. എത്രതന്നെ തിരക്കുകളാണെങ്കിലും ഭാര്യ ഗൗരിക്കും മക്കളായ ആര്യനും സുഹാനയ്ക്കും അബ്റാമിനുമൊപ്പം സമയം കണ്ടെത്താൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ബോളിവുഡിലെ തന്നെ ബെസ്റ്റ് ‍ഡാഡിയാണ് ഷാരൂഖ് എന്നത് പരസ്യമായ കാര്യമാണ്.

കുടുംബത്തെക്കുറിച്ച് എത്ര സംസാരിച്ചാലും ഷാരൂഖിനു മതിവരാറില്ല. തന്റെ അച്ഛനെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ ഷാരൂഖ് ഖാൻ വാചാലനാകാറുണ്ട്. ഷാരൂഖിനു പതിനഞ്ചു വയസ്സു പ്രായമുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്, അന്ന് അദ്ദേഹത്തിന്റെ അമ്മ ഇരുപതുകളിൽ എ​ത്തിയിട്ടേയുള്ളു. ഇപ്പോൾ തന്റെ അച്ഛന്റെ ചരമ വാര്‍ഷിക ദിനത്തിൽ ഷാരൂഖാൻ ട്വിറ്ററിൽ പങ്കുവച്ച വാക്കുകൾ ആരാധകരുടെ ഹൃദയത്തെ സ്പർശിച്ചിരിക്കുകയാണ്. 

'സെപ്തംബർ 19, അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞ ദിവസം. എന്റെ അച്ഛനെപ്പോലെ, മക്കളോടുള്ള എ​ന്റെ ഡ്യൂട്ടിയും അവരു‌െട പ്രായപൂർത്തിയാകലിനെ എത്രത്തോളം വൈകിപ്പിക്കുക എന്നതാണ്. അതിലൂടെ അവരുടെ ബാല്യകാലത്തിന്റെ വിശുദ്ധിയെ കാത്തുസൂക്ഷിക്കാം.- ഇതായിരുന്നു ഷാരൂഖ് ട്വിറ്ററിൽ കുറിച്ച വാക്കുകൾ.

ഷാരൂഖ് എന്ന അച്ഛന്‍ തന്റെ മക്കളുടെ കുട്ടിത്തത്തെ എത്രത്തോളം വിലമതിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ. അവർ വലുതാകുന്നതും പക്വത കൈവരിക്കുന്നതുമൊക്കെ സാവധാനം മതിയെന്നാണ് ഷാരൂഖ് ആഗ്രഹിക്കുന്നത്, കാരണം അത്രത്തോളം തന്റെ മക്കളുടെ ബാല്യകാലത്തെ ആസ്വദിക്കാമല്ലോ. 

മക്കളോടൊപ്പം സമയം പങ്കിടുന്ന കാര്യത്തിൽ യാതൊരു കോംപ്രമൈസും വെക്കാത്തയാളാണ് ഷാരൂഖ്. ആര്യനും സുഹാനയ്ക്കും ഇളയ പുത്രൻ അബ്റാമിനുമൊപ്പം എത്രനേരം പങ്കിട്ടാലും അദ്ദേഹത്തിനു മതിവരാറില്ല. മക്കളെ നോക്കുന്ന കാര്യത്തില്‍ താനും അച്ഛനെപ്പോലെ തന്നെയായിരിക്കുമെന്നു പറയുകയാണ് ഷാരൂഖ്. 

Read more: Lifestyle Malayalam Magazine