Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകനെ രക്ഷിച്ച ഡോക്ടറോട് വസ്ത്രം കീറിയതിന്റെ കാശു ചോദിച്ച അച്ഛൻ !

doctor Representative Image

മകന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരോടുള്ള നന്ദിയെങ്ങനെ തീർത്താൽ തീരും. മരിച്ചാലും മറക്കില്ലെന്ന ഒറ്റവാക്കിൽ വേണമെങ്കിൽ പറഞ്ഞു നിർത്താം. ജീവിതകാലം മുഴുവൻ ആ ഡോക്ടർക്കു വേണ്ടി പ്രാർഥിക്കുന്നവരുമുണ്ടാകാം. ഇതൊക്കെ സാധാരണ സംഭവങ്ങൾ. ചൈനയിലെ ഒരു പിതാവ് വളരെ വ്യത്യസ്തനാണ്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച മകന്റെ പരിചരണത്തിനിടയിൽ വസ്ത്രം കീറിയതിനെതിരെ അദ്ദേഹം രോഷവാനാണ്. നന്ദിയെന്ന വാക്കു പറയുന്നതിനു പകരം ഡോക്ടറോട് നഷ്ടപരിഹാരം ചോദിച്ചു വാങ്ങിയശേഷമേ അദ്ദേഹം അടങ്ങിയുള്ളൂ! ആ പിതാവിനെതിരെ തിരിഞ്ഞിരിക്കുകയാണിപ്പോൾ ചൈനയിലെ സമൂഹ മാധ്യമങ്ങൾ.

രക്തധമനിയിലെ തടസ്സം കാരണം ബോധമറ്റ നിലയിലാണ് യുവാവിനെ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ സോഗ്‌നൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ ഭാഗ്യംകൊണ്ട് ഡോക്ടർമാർക്ക് ജീവൻ രക്ഷിച്ചെടുക്കാനായി. ശസ്ത്രക്രിയയ്ക്കുശേഷം മുറിയിലേക്കു മാറ്റിയതോടെയാണ് പ്രശ്നം തുടങ്ങിയത്. മകന്റെ വസ്ത്രങ്ങൾ ശസ്ത്രക്രിയയ്ക്കായി കീറിയതായി പിതാവിന്റെ ശ്രദ്ധയിൽ പെട്ടു. ജീവൻ രക്ഷിച്ചതിന്റെ നന്ദി പറയാനൊന്നും നിൽക്കാതെ വസ്ത്രം കീറിയതിന്റെ 1500 യുവാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഐഡന്റിറ്റി കാർഡും ചില രേഖകളും കുറച്ച് കാശും പോക്കറ്റിൽ നിന്ന് നഷ്ടപ്പെട്ടതായും ആ പിതാവ് പരാതിപ്പെട്ടു. 

ഒടുവിൽ ഡോക്ടർ 1000 യുവാൻ നൽകി അദ്ദേഹത്തെ സമാധാനിപ്പിച്ചതായാണ് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തത്. ‘ചിലർക്ക് 1000 അത്ര വലിയ സംഖ്യയല്ലായിരിക്കാം. എന്നാൽ ആ പിതാവിനെ സംബന്ധിച്ചിടത്തോളം അതു വലുതാണ്’കാശു കൊടുത്തശേഷം ഡോക്ടറുടെ പ്രതികരണം ഇങ്ങനെയായിരുന്നു. എന്നാൽ ചൈനീസ് സമൂഹ മാധ്യമമായ വീബോയിൽ രൂക്ഷ വിമർശനമാണ് പിതാവിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇനി അപകടം ഉണ്ടാകുമ്പോൾ നഷ്ടപരിഹാരമോർത്ത് ജീവൻ രക്ഷിക്കാതിരിക്കരുതേയെന്ന് ‍ഡോക്ടർമാരോട് അഭ്യർഥിക്കുകയായിരുന്നു മിക്കവരും. 

Read more: Lifestyle Malayalam Magazine