ബച്ചനു മുന്നിൽ മകൻ കാണിച്ച ആ അബദ്ധം ഓർക്കുമ്പോൾ: സച്ചിൻ

അമിതാഭ് ബച്ചനൊപ്പം സച്ചിന്‍ ടെൻഡുൽക്കർ

ക്രിക്കറ്റ് ലോകത്തെ ദൈവം സച്ചിൻ ടെൻഡുൽക്കറിന് ബിഗ്ബിയെന്നാൽ ജീവനാണ്. അമിതാഭ് ബച്ചന്റെ സിനിമകളും ജീവിതവും തന്നെ തെല്ലൊന്നുമല്ല പ്രചോദിപ്പിച്ചിരുന്നതെന്ന് സച്ചിൻ എപ്പോഴും പറയാറുണ്ട്. ഇപ്പോഴത്തെ വിശേഷം എന്താണെന്നല്ലേ? പണ്ടൊരിക്കൽ അമിതാഭ് ബച്ചനു മുന്നിൽ താൻ അതിവിനയത്തോടെ നിൽക്കുന്ന സമയത്ത് മകൻ അർജുൻ ഒപ്പിച്ച ഒരു അബദ്ധമാണ്. തന്നിലെ സൂപ്പർ ഫാൻ ചമ്മിപ്പോയ രസകരമായ ആ അനുഭവം പങ്കുവെക്കുകയാണ് സച്ചിൻ. 

അർജുന് വെറും ഒന്നര വയസ്സു പ്രായമുള്ള സമയമാണത്. താനും അമിതാഭ് ബച്ചനും ഒരു പരസ്യം ചെയ്യുകയായിരുന്നു. ഷോട്ടിന്റെ ഇടവേളകളിലൊന്നില്‍ അർജുൻ തന്റെ മടിയിൽ വന്നിരുന്നു, അന്നേരം താൻ പോലും സ്വപ്നത്തിൽ വിചാരിക്കാത്ത ഒരു അബദ്ധവും സംഭവിച്ചു. ഓറഞ്ച് കഴിക്കുകയായിരുന്ന അർജുൻ അതു തീർന്നതിനു ശേഷം യാതൊന്നും നോക്കാതെ കൈകൾ ബച്ചന്റെ കുർത്തിയിൽ തുടച്ചു. ആരാധനാപാത്രമായി കാണുന്ന വ്യക്തിക്കു മുന്നിൽ സച്ചിൻ ചൂളിപ്പോയ സംഭവമായിരുന്നത്രേ അത്. 

ബിഗ്ബിയില്‍ തന്നെ സ്വാധീനിച്ച ഒട്ടേറെ സ്വഭാവ സവിശേഷതകൾ ഉണ്ടെന്നും സച്ചിൻ പറയുന്നു. ''ജോലിയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത പാഷന്‍ പറഞ്ഞറിയിക്കാനാവില്ല. ഉത്സാഹവാനായിട്ടേ എന്നും അദ്ദേഹത്തെ കണ്ടിട്ടുള്ളു. ബച്ചൻ എന്ന വ്യക്തി എല്ലാം കൊണ്ടും സന്തുഷ്ടനാണ്, പക്ഷേ അദ്ദേഹത്തിന് ജോലിയുടെ കാര്യം വരുമ്പോൾ ഇന്നും ആവേശമാണ്. തനിക്കു കഴിയുന്നതിന്റെ ഏറ്റവും മികച്ച റിസൽട്ട് െകാണ്ടുവരാൻ അദ്ദേഹം അങ്ങേയറ്റം ശ്രമിക്കും. ഈ എഴുപത്തിയഞ്ചാം വയസ്സിലും ഇനിയും അദ്ദേഹത്തിന് ഒരുപാടു നമുക്കായി നൽകാനുണ്ട്. 

കഴിഞ്ഞ ദിവസം ബച്ചന്റെ പിറന്നാൾ ദിനത്തിലും ട്വിറ്ററിൽ ആശംസകളുമായി സച്ചിൻ എത്തിയിരുന്നു. '' പിറന്നാൾ ആശംസകൾ അമിത്ജീ, താങ്കളുടെ ചിത്രങ്ങൾ കണ്ടാണ് ഞാൻ വളർന്നത്, ഇന്നും അതു തുടരുന്നു. താങ്കളുടെ ഊർജവും ഉത്സാഹവുമൊക്കെ എന്നെ പ്രചോദിപ്പിക്കുന്നു. ഞങ്ങൾ താങ്കളെ സ്നേഹിക്കുന്നു''-ഇതായിരുന്നു സച്ചിന്റെ ട്വീറ്റ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam