ഒന്നു പാർക് ചെയ്തു പോയതാണ്; 20 വർഷമെടുത്തു ഓർമിക്കാൻ!!

Representative Image

മറവി പല വിധത്തിലാണ് മനുഷ്യരെ ബാധിക്കുക. ചിലർക്ക് എപ്പോഴും മറവിയാണ്. ഒരു സാധനം എവിടെവച്ചെന്ന് ഓർക്കാൻ സാധിക്കാത്ത വിധം മറവി അവരെ ചുറ്റിപ്പിടിച്ചിരിക്കും. മറ്റു ചിലർ സ്വന്തം കുഞ്ഞുങ്ങളെവരെ മറന്നു വയ്ക്കുന്നു. പഴക്കമേറിയ മറവികൾ ചിലപ്പോൾ ചിരിക്കും ചിന്തയ്ക്കും കൗതുകത്തിനുംവരെ വഴിമാറാറുണ്ട്. അത്തരത്തിലൊരു സംഭവമിതാ ജർമനിയിൽനിന്ന്. 

ഒരാൾ കാർ പാർക് ചെയ്തു പോയതാണ്. എത്ര തിരഞ്ഞിട്ടും കണ്ടു കിട്ടിയില്ല. ഒടുവിൽ പൊലീസിൽ അറിയിക്കുക തന്നെ ചെയ്തു. എന്നിട്ടും തുമ്പുണ്ടായില്ല. അങ്ങനെ മറവിയുടെ ഇരുട്ടിലേക്ക് കാർ ഓടിച്ചുകയറി. എന്നാലിതാ 20 വർഷത്തിനുശേഷം കാർ പേരുവെളിപ്പെടുത്താത്ത ഉടമയെ അന്വേഷിച്ചെത്തിയിരിക്കുകയാണ്. വീണ്ടും കാണാൻ രണ്ടുപേരും ജീവിച്ചിരിപ്പുണ്ടായതു ഭാഗ്യം. ഫ്രാങ്ക്ഫർട്ടിലാണ് സംഭവം. 1997ൽ ആണ് തന്റെ ഫോക്സ്‌വാഗൺ പസാട് കാർ മോഷണംപോയെന്നു കാണിച്ച് ഒരാൾ പൊലീസിൽ പരാതി നൽകുന്നത്. പൊലീസിൽനിന്നൊരു വിളി വന്നപ്പോഴാണ് ഇപ്പോൾ 76 വയസ്സുള്ള കഥാനായകൻ മകളെയും കൂട്ടി ചെന്നത്. 

മോഷ്ടിക്കപ്പെട്ടുവെന്നു കരുതിയ കാറുമായുള്ള പുനസമാഗമമാണ് പിന്നെയുണ്ടായത്. അപ്പോഴാണ് അദ്ദേഹത്തിനു മറവിക്കാര്യം ഓർമ വന്നത്. പൊളിക്കാൻ പോകുന്ന ഒരു വ്യവസായ കേന്ദ്രത്തിന്റെ ഗാരിജിലായിരുന്നു കാർ ഉണ്ടായിരുന്നത്. കെട്ടിടം പൊളിക്കുന്നതിനു കാർ തടസ്സമായപ്പോഴാണ് ഉടമയാരെന്ന് അറിയില്ലെന്നു കാണിച്ച് പൊലീസിൽ വിവരമെത്തുന്നത്. പൊലീസ് അന്വേഷിച്ചപ്പോഴാണ് കേസുള്ള കാറാണെന്ന് അറിയുന്നത്. പിന്നെ കാര്യം എളുപ്പമായി. 

കാർ കാണാനുള്ള ഭാഗ്യം ഉടമയ്ക്കുണ്ടായെങ്കിലും അത് ഓടിച്ചുകൊണ്ടുപോകാനൊന്നും പറ്റില്ല. ഇനി തുരുമ്പു വിലയ്ക്കു വിൽക്കാവുന്ന നിലയിലാണ് കാറിപ്പോൾ. എന്നാലും ഇത്ര നാളും ആരും കണ്ടു പിടിക്കാതെ പോയല്ലോ കാറേ നിന്നെ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam