ഷോഓഫില്ല, സെലിബ്രിറ്റി പരിവേഷമില്ല, സാധാരണക്കാരനായി ദ്രാവിഡ്

മറ്റുള്ളവരെപ്പോലെ തന്നെ ക്യൂവിൽ നിൽക്കുന്ന ദ്രാവിഡിന്റെ ചിത്രമാണ് വൈറലാകുന്നത്...

കളിക്കളത്തിലെ ജെന്റില്‍മാൻ ആണ് അദ്ദേഹം, പരിഭവങ്ങളില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെ ഫീൽഡിൽ നിറഞ്ഞു നില്‍ക്കുന്ന വൻമതിൽ–പറഞ്ഞു വന്നത് ക്രിക്കറ്റ്താരം രാഹുൽ ദ്രാവിഡിനെക്കുറിച്ചാണ്. ക്രിക്കറ്റ് ലോകത്തെ വമ്പന്മാരെല്ലാം വിഐപി കൾച്ചറിൽ തന്നെ വിരാജിക്കുമ്പോൾ ദ്രാവിഡിന് അതിലൊന്നും പണ്ടും ഇപ്പോഴും താൽപര്യമില്ല. സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രവും വ്യക്തമാക്കുന്നത് അതാണ്. 

എത്രത്തോളം ലാളിത്യം കാത്തുസൂക്ഷിക്കുന്നയാളാണ് ദ്രാവിഡെന്നു വ്യക്തമാക്കുന്നതാണ് പുതിയ ഫോട്ടോ. പൊതുപരിപാടികളിൽ ഏറ്റവുമധികം മുൻഗണന ലഭിക്കാറുള്ളത് സെലിബ്രിറ്റികൾക്കാണ്. പക്ഷേ തനിക്കത്തരം വിഐപി പരിവേഷമൊന്നും വേണ്ടെന്നു പറഞ്ഞുെവക്കുകയാണ് ദ്രാവിഡ്. അടുത്തിടെ ഒരു പൊതുപരിപാടിക്കു വന്നപ്പോൾ മറ്റുള്ളവരെപ്പോലെ തന്നെ ക്യൂവിൽ നിൽക്കുന്ന ദ്രാവിഡിന്റെ ചിത്രമാണ് വൈറലാകുന്നത്. 

ഒരു സയൻസ് എക്സിബിഷനു പങ്കെടുക്കവേ മക്കൾക്കൊപ്പം ദ്രാവിഡ് നിൽക്കുന്ന ചിത്രമായിരുന്നു അത്. മറ്റേതു രക്ഷിതാക്കളെയും പോലെ തികച്ചും ക്ഷമയോടെ കാത്തുനിൽക്കുന്ന ദ്രാവിഡിന് സമൂഹമാധ്യമത്തിലാകെ അഭിനന്ദന പ്രവാഹമാണ്. ഫീൽഡിൽ നിന്നും വിരമിച്ചെങ്കിലും സാധാരണക്കാർക്ക് അദ്ദേഹം ഇന്നും പ്രചോദനമാണന്നു പറഞ്ഞാണ് പലരും ചിത്രം പങ്കുവെക്കുന്നത്. 

എത്ര തിരക്കുകളുണ്ടെങ്കിലും മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നും മുന്നിട്ടു നിൽക്കുന്നയാളാണ് ദ്രാവിഡ്. മക്കളുടെ ഒരു പാരന്റ്സ് മീറ്റിങ് പോലും അദ്ദേഹം ഇതുവരെ ഒഴിവാക്കിയിട്ടില്ലെന്ന് ദ്രാവിഡിന്റെ മക്കളെ പഠിപ്പിക്കുന്ന അധ്യാപികയും പറഞ്ഞിരുന്നു. ചെറിയ വിജയങ്ങളിൽ പോലും അഹങ്കരിച്ച് കഴിഞ്ഞ കാലത്തെക്കുറിച്ചു സ്വയംമറന്നു നടക്കുന്നവർക്കൊരു മാതൃകയാണ് ദ്രാവിഡ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam