ഒന്നു കുങ്ഫു ചെയ്തു നോക്കിയതാ, 40 ബൈക്കുകൾ ചാമ്പലായി!

കൈ തീയോട് അടുപ്പിച്ചൊരു പ്രയോഗത്തിൽ മെഴുകുതി കെടുത്താനായിരുന്നു ശ്രമം. പലവട്ടം പയറ്റി നോക്കിയെങ്കിലും വിജയിച്ചില്ല.,,

ചൈനീസ് അധികൃതരെ ദിവസങ്ങളായി കുഴക്കിയ ആ ദുരൂഹ തീപിടിത്തത്തിന്റെ ചുരുളഴിഞ്ഞു. ഒറ്റയടിക്ക് 40 ഇലക്ട്രോണിക് ബൈക്കുകൾ കത്തിച്ചാമ്പലായ സംഭവത്തിൽ കുറ്റവാളി ഒരു ആൺകുട്ടിയാണ്. ആയോധന കലകളിൽ കമ്പക്കാരനായ കക്ഷി ഒന്നു കുങ്ഫു ചെയ്തത് പാളിപ്പോയതാണ് അപകടത്തിൽ കലാശിച്ചത്. ഒരു പാർക്കിങ് കോംപ്ലക്സിലായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ സിസിടിവി ക്യാമറയാണ് കുറ്റവാളിയെ വെളിച്ചത്തുകൊണ്ടുവന്നത്. ആൺകുട്ടി ഇലക്ട്രിക് ബൈക്കിനു മുകളിൽ മെഴുകുതിരി കത്തിച്ചുവച്ച് കുങ് ഫു അടവുകൾ പയറ്റുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽനിന്ന് ലഭിച്ചത്. മുതിർന്നവരുടെയൊന്നും മേൽനോട്ടമില്ലാതെ ഒറ്റയ്ക്കായിരുന്നു അടവുകൾ. 

കൈ തീയോട് അടുപ്പിച്ചൊരു പ്രയോഗത്തിൽ മെഴുകുതി കെടുത്താനായിരുന്നു ശ്രമം. പലവട്ടം പയറ്റി നോക്കിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ ക്ഷമകെട്ട് ബൈക്കിൽ കത്തിച്ചുവച്ച മെഴുകുതിരി അലക്ഷ്യമായി ഉപേക്ഷിച്ച് അവൻ സ്ഥലം കാലിയാക്കുകയായിരുന്നു. ഈ മെഴുകുതിയിൽനിന്നാണ് ബൈക്കിനു തീ പിടിച്ചത്. അത് കത്തിക്കയറി അടുത്തു നിർത്തിയിരുന്ന 40 ബൈക്കുകളിലേക്കും പടരുകയായിരുന്നു. ഫയർഫോഴ്സിന്റെ വൻ സന്നാഹമെത്തിയാണ് തീയണച്ചത്. എങ്കിലും ആകെ ശേഷിച്ചത് ബൈക്കുകളുടെ അസ്ഥികൂടം മാത്രമായിരുന്നു. 

ചൈനയിലെ ഹാൻയിൻ കൗണ്ടിയിൽ കഴിഞ്ഞയാഴ്ച ഒരു രാത്രിയാണ് സംഭവം. ഇത്രവലിയ തീപിടിത്തമുണ്ടായെങ്കിലും ആർക്കു പരുക്കേറ്റില്ല. എന്തായാലും കുട്ടിയുടെ മാതാപിതാക്കൾക്ക് പണിയായി. 15,000 ഡോളർ അവരിൽനിന്ന് ഈടാക്കാനാണ് പൊലീസിന്റെ നീക്കം. തീപിടിത്തത്തിന്റെ കാരണങ്ങൾക്കു തെളിവു ലഭിക്കാതെ കുഴങ്ങുകയായിരുന്നു പൊലീസ് അധികൃതർ. ഒടുവിലാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. കുറ്റം തെളിയിക്കുന്ന ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam