ഷാരൂഖും കജോളുമായി റിതേഷും ജനീലിയയും; വൈറൽ വിഡിയോ

റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും

ബോളിവുഡിലെ റൊമാന്റിക് ചിത്രങ്ങളിൽ മുന്നിലാണ് കുച് കുച് േഹാതാഹേ യുടെ സ്ഥാനം. ഷാരൂഖ് ഖാനും കജോളും നായികാ നായകന്മാരായി അഭിനയിച്ച ചിത്രത്തിന് ഇന്നത്തെ തലമുറയിലും ആരാധകരേറെയാണ്. സൗഹൃദം പ്രണയത്തിലേക്കു വഴിമാറിയ കഥ പറഞ്ഞ കുച് കുച് ഹോതാ ഹേയില്‍ നിന്നുള്ള ഒരു രംഗമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. പക്ഷേ നടിയും നടനും ഷാരൂഖും കജോളും അല്ലെന്നു മാത്രം.

ബിടൗണിലെ താരദമ്പതികളായ റിതേഷ് ദേശ്മുഖും ഭാര്യ ജനീലിയ ഡിസൂസയുമാണ് ചിത്രത്തിലെ ഒരു രംഗത്തിന് കിടിലൻ ഡബ്സ്മാഷുമായി രംഗത്തെത്തിയിരിക്കുന്നത്. ഷാരൂഖിന്റെ കഥാപാത്രമായ രാഹുലും കജോളിന്റെ കഥാപാത്രമായ അഞ്ജലിയും പരസ്പരം വഴക്കിടുന്ന രംഗമാണ് അവതരിപ്പിച്ചിരിക്കുന്നത്. 'രാഹുൽ ഈസ് എ ചീറ്റർ' എന്നു പറയുന്ന കജോളും ഇതിനു മറുപടിയായി തന്നെ ചീറ്റർ എന്നു വിളിക്കരുതെന്ന ഷാരൂഖിന്റെ ഡയലോഗുമൊക്കെയാണ് ഇരുവരും രസകരമായി ചെയ്തിരിക്കുന്നത്. 

എന്തായാലും വി‍ഡിയോ പുറത്തു വിട്ട് അധികം കഴിയുംമുമ്പേ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ന്യൂജെ‌ൻ രാഹുലും അഞ്ജലിയും കലക്കിയിട്ടുണ്ടെന്നാണ് പലരുടെയും കമന്റുകൾ. 

2003ൽ അടുത്തു പരിചയപ്പെട്ട റിതേഷും ജനീലിയയും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012 ഫെബ്രുവരിയിലാണ് വിവാഹിതരായത്. വിവാഹശേഷം അഭിനയത്തോടു താൽക്കാലികമായി വിടപറഞ്ഞ ജനീലിയ 2016ൽ ഫോഴ്സ് 2 എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവു നടത്തിയിരുന്നു. ഇപ്പോൾ മറ്റു തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് റിയാൻ, റാഹിൽ എന്നീ രണ്ടു മക്കൾക്കൊപ്പമാണ് ജനീലിയ ഏറെ സമയവും ചിലവഴിക്കുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam