ബീച്ചിൽ പോകുമ്പോൾ പിന്നെ സാരി ധരിക്കണോ? ട്രോളിയവർക്ക് രാധികയുടെ ചുട്ടമറുപടി

രാധിക ആപ്തെ

ശക്തമായ കഥാപാത്രങ്ങൾ, അതിലേറെ ശക്തമായ നിലപാടുകൾ... ബോളിവുഡ് സുന്ദരി രാധിക ആപ്തെയെ പലരും ഇഷ്ടപ്പെ‌ടുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്. ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ ഉറച്ച അഭിപ്രായങ്ങൾ പറഞ്ഞും വിമർശിക്കേണ്ടയിടങ്ങളിൽ വിമർശിച്ചും സാധാരണ ബിടൗൺ നായികമാരിൽ നിന്നും ഒരൽപം വ്യതിചലിച്ച് സഞ്ചരിക്കുന്ന താരമാണ് രാധിക. ഇപ്പോഴിതാ തന്റെയൊരു ബിക്കിനി ചിത്രത്തിന്റെമേല്‍ വിമർശനപ്പെരുമഴയുമായെത്തിയവർക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് താരം. 

ബിക്കിനിയിട്ടു ചിത്രങ്ങൾ പങ്കുവെക്കുന്ന നടിമാരൊക്കെയും ട്രോളന്മാരുടെ ഇരകളും ആയിട്ടുണ്ട്. സ്വന്തം ശരീരം സ്വന്തം അവകാശം എന്ന വാദഗതി എത്രതന്നെ ഉയർത്തിയാലും അവർക്കെതിരെ വാക്കുകൾകൊണ്ട് കയ്യേറ്റം നടത്തുന്നവരാണ് ഏറെയും. രാധിക പങ്കുവച്ച ബിക്കിനി ചിത്രത്തിനും കിട്ടി വിമർശനങ്ങൾ ഒരുപാട്. സൂര്യാസ്തമയം ആസ്വദിച്ച് ബിക്കിനിയിൽ ഇരിക്കുന്ന ചിത്രമായിരുന്നു രാധിക പങ്കുവച്ചത്. 

എന്നാൽ ട്രോളുകളെ തെല്ലും വകവെക്കാത്ത രാധിക തന്നെ വിമര്‍ശിച്ചവർക്കെല്ലാം കണക്കിനു മറുപടിയും നൽകിക്കഴിഞ്ഞു. ആരോ പറയുന്നതുവരെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ബീച്ചിൽ സാരി ധരിച്ചു താൻ പോകണമെന്നാണോ ഇവർ പ്രതീക്ഷിക്കുന്നതെന്നും രാധിക േചാദിച്ചു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു രാധികയുടെ പരാമർശം.

നേരത്തെ പാർച്ഡ് എന്ന രാധികയുടെ ചിത്രത്തിൽ നിന്നുള്ള ചില നഗ്നരംഗങ്ങൾ ഓൺലൈനിൽ വൈറലായിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും തന്നെ തെല്ലും ബാധിക്കില്ലെന്നും താൻ തന്റെ ജോലിയാണ് ചെയ്തതെന്നുമാണ് അന്ന് രാധിക മറുപടി പറഞ്ഞത്. നിറത്തിന്റെ പേരിൽ കളിയാക്കുന്നവർക്കെതിരെയും രാധിക വിമർശിച്ചിരുന്നു. നിറം കൂടിയവരെ ആരും കളിയാക്കാറില്ലല്ലോ പിന്നെന്തിനാണ് നിറം കുറഞ്ഞവരെ കളിയാക്കുന്നതെന്നുമാണ് അന്നു രാധിക ചോദിച്ചിരുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam