പൊലീസിന് ആള്‍ദൈവത്തിന്‍റെ മസാജ്; ചിത്രങ്ങൾ വൈറൽ, വിവാദം, നടപടി!

ഡൽഹിയിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ തല ആൾദൈവം മസാജ് ചെയ്തു കൊടുക്കുന്ന ചിത്രങ്ങൾ വൈറലായതിന് തൊട്ടുപിന്നാലെ പൊലീസുകാരനെതിരെ നടപടിയുമായി സേന. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയതോടെ പൊലീസുകാരനെ സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവ് ഇടുകയും ചെയ്തു. 

ജാന്‍ക്പുരി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്. ഒ ഇന്ദ്രപാലാണ് കാക്കി വേഷത്തിൽ ആൾദൈവത്തിന്‍റെ മസാജ് ആസ്വദിക്കാൻ ഇരുന്നു കൊടുത്തത്. കുറെ നാളുകളായി താൻ അതിസമർദ്ദത്തിലൂടെയാണ് കടന്നു പോയിരുന്നത്. ജോലി സംബന്ധമായി ഒത്തിരി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വ്യക്തിജീവിതത്തിലും പാളിച്ചകളുണ്ടായി. തന്റെ ഒരു സുഹൃത്താണ് നമിത ആചാര്യ എന്ന ആൾദൈവത്തെ തനിക്ക് പരിചയപ്പെടുത്തി തന്നത്. അവരുടെ നിർദ്ദേശപ്രകാരമാണ് സ്വാധി ആചാര്യയെ കണ്ടതും ഹീലിങ് നടത്തിയതെന്നും ഇന്ദ്രപാൽ പറഞ്ഞു.

പൊലീസ് യൂണിഫോമിലൂളള മസാജാണ് ഡൽഹി പൊലീസിന്റെ ഉറക്കം കളഞ്ഞത്. പൊലീസ് യൂണിഫോമിൽ കണ്ണുകളടച്ച് നിവൃതിയോടെ നമിത ആചാര്യയുടെ മസാജ് ആസ്വദിക്കുന്ന പൊലീസുകാരനെ സമൂഹമാധ്യമങ്ങൾ പഞ്ഞിക്കിട്ടതോടെ നടപടിയെടുക്കുകയല്ലാതെ പൊലീസിനു മറ്റു വഴികൾ ഇല്ലായിരുന്നു. എന്നാല്‍ സ്വാധിയെ സന്ദര്‍ശിക്കുന്ന ആദ്യ പൊലീസുകാരനല്ല ഇന്ദ്രപാല്‍. മുന്‍പും മുതിര്‍ന്ന രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥന്‍മാരും നമിത ആചാര്യയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദല്‍ഹി വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ആള്‍ദൈവം രാധാ മായെ എസ്.എച്ച്.ഒയുടെ കസേരയിലിരുത്തി സമീപത്ത് തൊഴുകൈകളുമായി നിന്ന പൊലീസുകാരന്റ ചിത്രവും വലിയ വിവാദമായിരുന്നു. മുംബൈയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കൂടിയാണ് രാധാ മാ.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam