പൊലീസിന്റെ സമ്മാനം കണ്ട് ഭാര്യയ്ക്ക് സംശയം; യുവാവ് പിടിച്ച പുലിവാൽ

നിയമം അനുസരിച്ചതിനുള്ള സമ്മാനമായിരുന്നു ആ യുവാവിന് ലഭിച്ച ചുവന്ന റോസാപ്പൂവ്. പക്ഷേ വീട്ടിലെത്തിയപ്പോൾ ഭാര്യ ഇടഞ്ഞു. റോസാപ്പൂവ് നൽകിയത് പൊലീസാണെന്ന് എത്ര പറഞ്ഞിട്ടും ഭാര്യ വിശ്വസിച്ചില്ല. ഒടുവിൽ കാര്യങ്ങൾ ഭാര്യയെ ബോധ്യപ്പെടുത്താൻ തെളിവു തേടിയിറങ്ങേണ്ടി വന്നു ആ യുവാവിന്. 

സംഭവമിങ്ങനെ:–

റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി  ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നവർക്ക് ലഖ്നൗ പൊലീസ് സമ്മാനമായി റോസാപ്പൂവ് നൽകിയിരുന്നു. ഇക്കൂട്ടത്തിലൊന്ന് കിട്ടിയ യുവാവ് ആത്മനിർവൃതിയോടെയാണ് വീട്ടിലെത്തിയത്. പക്ഷേ റോസപ്പൂവ് കണ്ട് ഭാര്യയ്ക്ക് സംശയം. ഇതോടെ അഭിനന്ദനം പ്രതീക്ഷിച്ച യുവാവ് പുലിവാല് പിടിച്ചു. ഭാര്യയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. 

ഒടുവിൽ അവസാന മാർഗമായി റോസപ്പൂവ് നൽകിയ പൊലീസുകാരനെ തേടി അയാൾ പുറപ്പെട്ടു. പൊലീസുകാരനെ കണ്ടെത്തി വീട്ടിലെ അനുഭവം പറഞ്ഞു. 

കാര്യം മനസ്സിലാക്കിയ പൊലീസുകാരന്‍ യുവാവ് റോസാപ്പൂ സ്വീകരിക്കുന്ന ഫോട്ടോ തന്റെ ഫോണിൽ നിന്നു കണ്ടെത്തി നൽകി. ആ ഫോട്ടോ കാണിച്ചാണ് യുവാവ് ഭാര്യയുടെ സംശയത്തിൽ നിന്നും രക്ഷപ്പെട്ടത്. യുവാവിന് റോസാപ്പൂ നൽകിയ പ്രേം സഹി എന്ന പൊലീസുകാരനാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചത്.