അപകടങ്ങൾ പെരുകുന്ന കീകി; ബ്രേക്കിടാൻ പൊലീസ്

കാറിൽ നിന്നും ചാടിയിറങ്ങി നൃത്തം ചെയ്യുന്ന ‘കീകി’ ചല‍ഞ്ച് ലോകം മുഴുവനും പടരുകയാണ്. സെലിബ്രിറ്റികളടക്കം  നിരവധി പേരാണ് ദിവസവും ചലഞ്ച് ഏറ്റെടുത്ത് രംഗത്തുവരുന്നത്. എന്നാൽ കീകിയുെട അപകട സാധ്യതകൾ വ്യക്തമാക്കുന്ന ഒരു വിഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കീകി ചലഞ്ചിന് അപകട സാധ്യത കൂടുതലാണെന്ന വിമർശനത്തിനു കൂടുതൽ ശക്തി പകരുന്നതാണ് പുതിയ ദൃശ്യങ്ങൾ.

കീകികയുെട ഭാഗമായി കാറിൽ നിന്നു ചാടിയിറങ്ങി നൃത്തം ചെയ്യുന്ന യുവാവിനെ വാഹനം ഇടിച്ചു തെറിപ്പിക്കുന്നതാണ് വിഡിയോയിലുള്ളത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ജെയ്‌ലിൻ നോർവുഡ് എന്ന യുവാവ് ‘കീ കി ഡു യു ലൗമി’ ഗാനം കേൾക്കുന്നതോ‌ടെ കാറിന് പുറത്തിറങ്ങി നൃത്തം ചെയ്യാനാരംഭിക്കുന്നു. എന്നാൽ റോഡിൽ വീണുകിടന്ന ഓയിലിൽ ചവിട്ടി യുവാവ് നിലത്തുവീഴുന്നു. 

ഇതേസമയം എതിരെ വന്ന കാര്‍ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിന്റെ മുകളിൽ കയറി ന‍ൃത്തം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്നും  എന്നാൽ ഓയിലിൽ വഴുതി വീണതുകൊണ്ടാണു അപകടം സംഭവിച്ചതെന്നും ജെയ്‌ലിൻ മാധ്യമങ്ങളോടു പറഞ്ഞു. ജെയ്‌ലിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെങ്കിലും ജെയ്‌ലിനെതിരെ കടുത്ത വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. കാറിൽ നിന്നും പുറത്തിറങ്ങി നൃത്തം ചെയ്യുന്ന യുവതിയെ കാറിടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങൾ മുമ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കീകിയുടെ ചലഞ്ചിന്റെ ഭാഗമായുണ്ടായ ചെറുതും വലുതുമായ പല അപകടങ്ങളുടേയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇത്തരം ചലഞ്ചുകള്‍ നടത്തുമ്പോഴുള്ള അപകട സാധ്യതകളെക്കുറിച്ച് പൊലീസ് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. കീകിയുെട ഭാഗമായി ധാരാളം നിയമലംഘനങ്ങൾ നടക്കുന്നതായും ഇത് അനുവദിക്കാനാവില്ലെന്നും സ്പെയിനിലെ മാഡ്രിഡ് സിറ്റി പൊലീസ് വ്യക്തമാക്കി. 

രാജ്യത്തെ പാതകൾ ചലഞ്ച് നടത്താനുള്ളതല്ലെന്ന് അമേരിക്കൻ പൊലീസും ട്വീറ്ററിലൂടെ അറിയിച്ചു. അബുദാബിയിൽ കീകി ചലഞ്ചിന്റെ ഭാഗമായ മൂന്നു പേരെ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചല​ഞ്ചിന്റെ ഭാഗമാവാനായി ലൈസൻസ് ഇല്ലാത്ത കൗമാരക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നതായി വ്യാപക പരാതിയുണ്ട്. 

കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ' ഇൻ മൈ ഫീലിങ്' എന്ന ഗാനം തരംഗമാണ്. ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളാണ് ചലഞ്ചിനായി തെരെഞ്ഞെടുക്കുന്നത്. ഓടുന്ന കാറിൽ 'കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്' എന്നു പാടി തുടങ്ങുമ്പോൾ കാറിൽ നിന്ന് ഇറങ്ങുകയും വാതിൽ തുറന്ന രീതിയിൽ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് ചലഞ്ച്.