അച്ഛൻ പറയുന്നു ‘ആ വൈറൽ ഗേൾ എന്റെ മകളാണ്’

ഫെയ്സ്ബുക്കിൽ ഒട്ടേറെ അശ്വതി അച്ചുമാരുടെ ഡിപിയായി മാറിയ കുഞ്ഞ് മുഖം. വാടസ്ആപ്പിൽ ഗുഡ്മോർണിങ് മെസേജിനൊപ്പം ചേർത്ത് വയ്ക്കാൻ‌ ഇഷ്ടപ്പെട്ട മുഖം. വിശേഷണങ്ങൾ ഒരുപാടാണ് ഇൗ ചിത്രത്തിന്. ആരാണ് ഇൗ കുട്ടി? ഇൗ ചിത്രം വ്യാജമാണോ? ഒടുവിൽ സോഷ്യൽ ലോകത്തിന് അതിന്റെ ഉത്തരം ലഭിച്ചു. ഇൗ കുഞ്ഞ് മിടുക്കി ആരാണെന്ന്.

കുസൃതിച്ചിരിയോടെ നാവ് പുറത്തേക്കിട്ട്, വാലിട്ടെഴുതി വലിയ കണ്ണുകളുള്ള ആരെയും ആകർഷിക്കുന്ന കുഞ്ഞ് മുഖം. പല ബസുകളിലും ഓട്ടോയിലും ഈ പെണ്‍കുട്ടിയുടെ ഓമന മുഖം ഇടം പിടിച്ചു. രൂപേഷ് അഞ്ചുമന എന്ന വ്യക്തിയുടെ മകളാണ് ഇൗ കുട്ടി.  െബംഗലൂരുവിലെ നാഷണല്‍ ഏയറോസ്പൈസ് ലാബില്‍ ജീവനക്കാരനാണ് ഇദ്ദേഹം.

ഈ ഫോട്ടോയുടെ രഹസ്യം ലോകം അറിഞ്ഞത് ‘ഞാനെടുത്ത ഫോട്ടോകള്‍’ എന്ന ഗ്രൂപ്പില്‍ നടത്തിയ ഒരു പോസ്റ്റിലൂടെയാണ്. ഈ ഗ്രൂപ്പില്‍ ‘ഞാനെടുത്ത മകളുടെ ഫോട്ടോ’ എന്ന പേരില്‍ രൂപേഷ് ഇൗ ചിത്രം പോസ്റ്റ് ചെയ്തു. പിന്നീട്  കുട്ടിയുടെ ഇപ്പോഴത്തെ ഫോട്ടോയും പോസ്റ്റ് ചെയ്താണ് രൂപേഷ് കുട്ടി തന്റെ മകളാണെന്ന് തെളിയിച്ചത്. 

ഇൗ ഫോട്ടോയിലെ കുട്ടിയുടെ അച്ഛൻ ഞാനാണെന്ന് തെളിയിക്കാനായി ഒരാളും ഇത്ര കഷ്ടപ്പെട്ടു കാണില്ലെന്നാണ് സമൂഹ മാധ്യമങ്ങളിലെ കമന്റ്. ഏതായാലും ആറുവർഷം മുൻപ് പങ്കുവച്ച ചിത്രത്തിന് ലഭിച്ച അതേ സ്വീകാര്യത പുതിയ ചിത്രത്തിനും സാമൂഹ മാധ്യമങ്ങൾ നൽകി കഴിഞ്ഞു. പുതിയ ചിത്രവും വൈറലാവുകയാണ്.