മോതിരം ഒളിപ്പിച്ച് പ്രിയങ്ക; നാടകമെന്ന് ആരാധകർ

ബോളിവുഡ് സൂപ്പർ നായിക പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമൊക്കെയുള്ള വാർത്ത പ്രചരിക്കുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും വാർത്തകളുണ്ട്. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ നടന്ന നിക്കിന്റെ സംഗീത നിശയിൽ പ്രിയങ്കയും പങ്കെടുത്തിരുന്നു. പരിപാടിയിൽ പ്രിയങ്ക ആടിപ്പാടുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഡൽഹിയിൽ നടക്കുന്ന ഒരു പരിപാടിക്കായി ഉടൻ ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്തു പ്രിയങ്ക. 

പ്രിയങ്കയെ കാത്ത് എയർപോർട്ടിൽ പാപ്പരാസികൾ ഉണ്ടായിരുന്നു. എയർപോർട്ടിൽ എത്തിയ പ്രിയങ്കയെ പാപ്പരാസികൾ വളഞ്ഞു. ഈ സമയത്ത് തന്റെ വിവാഹനിശ്ചയ മോതിരം ആരും കാണാതെ പ്രിയങ്ക പോക്കറ്റിലേക്ക് മാറ്റുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രിയങ്ക ഉടൻ തന്നെ കാറിൽ കയറി പോകുകയും ചെയ്തു. 

വിഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'മോതിരം മാറ്റുന്നത് വ്യക്തമാണ്. എന്താണ് ഇവർക്ക് ഇത് പരസ്യപ്പെടുത്തിയാൽ' എന്നാണ് പലരും ചോദിക്കുന്നത്. ചിലർ സ്ംഭവത്തെ 'നാടകം' എന്നും വിശേഷിപ്പിക്കുന്നു. അതേസമയം വിവാഹ നിശ്ചയം കഴിഞ്ഞുവോയെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പരസ്യപ്പെടുത്തനാകില്ലെന്നും ഞാനൊരു സ്ത്രീയാണെന്നുമായിരുന്നു പ്രിയങ്കയുടെ മറുപടി.