പിറന്നാൾദിനത്തിൽ കഴുത്തറ്റം വെള്ളത്തിൽ രക്ഷാപ്രവർത്തനം, ആ കുറിപ്പും വൈറൽ!

ഒരായിരം അപേക്ഷകളും പരാതികളുമായി ജനങ്ങൾ ആശ്രയിക്കുന്ന പൊലീസ് ഇന്ന് അപേക്ഷകളും നിർദേശങ്ങളുമായി രംഗത്തുണ്ട്. കനത്ത മഴയിൽ ഡാമുകൾ കൂടി തുറന്നുവിട്ടതോടെ ആശങ്കയിലായവർക്ക് ആശ്വാസം പകരാൻ. ഒപ്പം രക്ഷാപ്രവർത്തനവും  മുന്നറിയിപ്പുകളും. സർക്കാരും മാധ്യമങ്ങളും ട്രോളൻമാർ അടക്കം ഇൗ ആശങ്കകൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ ഒരു പൊലീസുകാരന്റെ ഫെയ്സ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

മനോജ് കുമാർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിങ്ങനെ : 

ഇന്ന് (അഗസ്റ്റ്:9 ) എന്റെ ജന്മദിനമാണ്. കാലത്ത് 6.00 മണി മുതൽ പാലക്കാട് ടൗണിൽ സഹപ്രവർത്തകർക്കൊപ്പം രക്ഷാപ്രവർത്തനം തുടങ്ങി. ഉച്ചയ്ക്ക് 11.30 മണിക്കാണ് പ്രഭാത ഭക്ഷണം കഴിക്കുവാനായത്. കനത്ത മഴ വിതച്ച ദുരിതത്തിലും അപകടത്തിലും ജനങ്ങളെ സഹായിച്ചതിൽ ലഭിച്ച ചാരിതാർത്ഥ്യമാണ് എനിക്ക് ലഭിച്ച പിറന്നാൾ സമ്മാനം. എങ്കിലും ഞാൻ മഴയെ ശപിക്കില്ല. മഴ വെള്ളത്തിന്റെ ഒഴുക്കിന്റെ വഴികൾ തടസപ്പെടുത്തിയ മനുഷ്യന്റെ ക്രൂരമായ അത്യാഗ്രഹത്തെയാണ് ഞാൻ ശപിക്കുന്നത്.