' ആ മണിക്കൂറുകൾ നരകതുല്യം; ഡ്രൈവർ സമാനമായ കേസിലെ പ്രതി'

ബാംഗളൂരിലെ കോറമംഗളയിൽ വച്ച് മലയാളി എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ സുകന്യ കൃഷ്ണയെ ടാക്സി ഡ്രൈവർ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത് വാർത്തയായിരുന്നു. ഒല ആപ്പ് ഉപയോഗിച്ചു കാബ് ബുക്ക് ചെയ്ത സുകന്യയ്ക്കു നേരെ തുടക്കം മുതലേ ടാക്സി ഡ്രൈവറുടെ അസഭ്യവർഷമായിരുന്നു. മൊബൈൽ തട്ടിയെടുക്കാനും ദിശമാറി സഞ്ചരിക്കാനും തുടങ്ങിയതോടെ യുവതി ബഹളം വയ്ക്കുകയും വാഹനം സിഗ്നലിലെത്തി നിന്നപ്പോൾ ചാടിയിറങ്ങി രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഏതാനും മണിക്കൂറുകൾ നരകതുല്യമായ അവസ്ഥയിലൂടെയാണ് തൻ കടന്നു പോയത് ഏന്ന് സുകന്യ പറയുന്നു. സംഭവത്തെക്കുറിച്ച് സുകന്യ കൃഷ്ണ മനോരമ ഓൺലൈനോട് മനസ്സ് തുറക്കുന്നു.

തുടക്കം മുതലേ പ്രശ്നം

ഞാൻ ആപ്പ് ഉപയോഗിച്ചു ബുക്ക് ചെയത പ്രകാരമാണ് വാഹനം എത്തിയത്. എന്നാൽ എനിക്ക് പോകേണ്ട ദിശയിൽ തിരക്ക് കൂടുതലായതിനാൽ  തുടക്കം മുതലേ ഡ്രൈവർ അസഭ്യ വർഷം തുടങ്ങി. തുടർന്ന് ആപ്പ് ഓഫ് ചെയ്യാനും മറ്റൊരു ദിശയിലേക്ക് വണ്ടി കൊണ്ടു പോകാനും ശ്രമിച്ചു. ആപ്പ് ഓഫാക്കിയാൽ ഒല അധികൃതർക്ക് വാഹനം ട്രാക്ക് ചെയ്യാൻ സാധിക്കില്ല. ബഹളം വച്ചു റോഡിലിറങ്ങിയ ഞാൻ ഏകദേശം ഒരു കിലോമീറ്റർ നടന്നാണ് താമസസ്ഥത്തെത്തിയത്. 

പൊലീസുകാരുടെ സമീപനം നിരാശാജനകം

കാബുകളിൽ യാത്ര ചെയ്യുന്നവർ ആക്രമിക്കപ്പെടുന്നത് ബാംഗളൂരിലെ നിത്യ സംഭവമാണ്. അതുകൊണ്ട് ഞാൻ വളരെയധികം ശ്രദ്ധച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ആക്രമണം എന്നെ വല്ലാതെ തളർത്തി. വീട്ടിലെത്തിയശേഷം സൈക്കിളിലാണ് മഡിവാള എന്ന സ്ഥലത്തുള്ള സുഹൃത്തുക്കളുടെ അടുത്തേക്കു പോയത്. കാരണം ഇനിയും കാബ് വിളിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലെത്തി.  

എന്നാൽ പൊലീസുകാരുടെ സമീപനം നിരാശാജനകമായിരുന്നു. കേസ് എടുക്കാനോ, പരാതി രേഖപ്പെടുത്താനോ ആദ്യം അവർ തയ്യാറായില്ല. സിസ്റ്റം പ്രവർത്തിക്കുന്നില്ല, ഇന്റർനെറ്റില്ല എന്നീ ബാലിശമായ കാരണങ്ങൾ നിരത്തുകയായിരുന്ന അവർ. പിന്നീട് എന്റെ പരാതി ശക്തമായപ്പോൾ  ഡ്രൈവറുടെ നമ്പറിൽ വിളിച്ച സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. ജോലി കഴിഞ്ഞു വരാം എന്നു മറുപടിയാണ് അയാളിൽ നിന്നു ലഭിച്ചത്. അതിനാൽ രാത്രി ഏറെ വൈകിയും എനിക്ക് സ്റ്റേഷനിൽ കാത്തിരിക്കേണ്ടതായി വന്നു. ഡ്രൈവർ എത്തിയപ്പോൾ തെളിവുകൾ ശേഖരിക്കുന്നതിനു പകരം ഫോൺ ഉപയോഗിക്കാനും ബന്ധുക്കളെ വിളിച്ചു വരുത്താനും അയാൾക്ക് അനുവാദം നൽകി.

ബന്ധുക്കൾ എത്തി എന്നെ ചീത്ത വിളിക്കാനാരംഭിച്ചു. അവരെ നിയന്ത്രിക്കാൻ പോലീസ് തയാറായില്ല. പകരം ഒത്തുതീർപ്പ് നടക്കുമെങ്കിൽ നടക്കട്ടെ എന്നു കരുതി. ഒത്തുതീർപ്പിനു ഞാൻ വഴങ്ങില്ലെന്നു മനസ്സിലായപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്തത്.

കേസ് ഇപ്പോൾ കോടതിയിൽ 

പ്രതി കുറ്റം സമ്മതിച്ചു. ഇന്നലെ നാലുമണിക്ക് കോടതിയിൽ ഹാജരാക്കി. ഇപ്പോൾ റിമാൻഡിലാണ്. മഹസർ തയാറാക്കാനും സംഭവസ്ഥലം  സന്ദർശിക്കാനും പ്രതിയുമായി വരാമെന്നു പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ഒന്നുമുണ്ടായില്ല. സ്റ്റേഷനിലേക്ക് വിളിക്കുമ്പോൾ വരും എന്ന മറുപടി മാത്രം. 

പ്രതിക്കെതിരെ വേറെയും ക്രിമിനൽ കേസുകൾ

അന്വേഷണത്തിൽ ഇയാൾക്കെതിരെ സമാനമായ വേറെയും കേസുകൾ ഉണ്ടെന്നാണ് മനസ്സിലായത്. എന്നാൽ പൊലീസ് വെരിഫിക്കേഷനു ശേഷമാണ് ഒല ഡ്രൈവർമാരെ തെരഞ്ഞെടുക്കുന്നതെന്നും പറയുന്നു. അങ്ങനെയെങ്കിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾക്ക് എങ്ങനെ വെരിഫിക്കേഷൻ ലഭിച്ചു. ഒലയിൽ ചോദിച്ചപ്പോൾ അവർ കൈ മലർത്തി. ആരാണ് ഇതിനെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കുക?