ഓവ് ചാലിൽനിന്നും നവജാതശിശുവിനെ രക്ഷിച്ച് വീട്ടമ്മ!

തോരാമഴയിലെ ദുരന്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പുറത്തു വരികയാണ്. ഓവു ചാലിൽ നിന്നും ഒരു വീട്ടമ്മ രക്ഷപ്പെടുത്തിയ നവജാത ശിശുവിന്റെ ദൃശ്യങ്ങൾ ഏതു കഠിന ഹൃദയരുടേയും മനിസിനെ അസ്വസ്ഥമാക്കും.

ചെന്നൈയിലെ വലസരവക്കം സ്വദേശിയായ വീട്ടമ്മ ഗീതയാണ് സംഭവ കഥയിലെ നായിക. രാവിലെ പാൽക്കാരന്റെ ശബ്ദം കേട്ടാണ് വീട്ടമയായ ഗീത പുറത്തേക്ക് വന്നത്. വീടിന് സമീപത്തായി ഒഴുകുന്ന ഓവ് ചാലിൽനിന്നും കരയുന്ന ശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു പാൽക്കാരൻ ഗീതയെ വീടിന് പുറത്തേക്ക് വിളിച്ചത്. ഓവിന് സമീപമെത്തിയ ഗീത ശബ്ദം കേൾക്കുന്നതിനായി ചാലിനോട് കാത് ചേർത്തു വച്ച് ആ ശബ്ദം ശ്രവിച്ചു. ഓവ് ചാലിന്റെ ഉള്ളിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ!

പുറത്തു വരുന്ന ശബ്ദം കോഴിക്കുഞ്ഞിന്റേതാണന്ന് ചിലർ അഭിപ്രായപ്പെട്ടു. പക്ഷേ പന്തികേട് തോന്നിയ ഗീത പിൻമാറിയില്ല. ഉള്ളിൽ അകപ്പെട്ടതെന്ന് അറിയാനുള്ള ആകാംക്ഷയായി മനസു നിറയെ. പിന്നെ രണ്ടും കൽപ്പിച്ച് ഓവ് ചാലിലേക്ക് ഇറങ്ങി. ഓവ് ചാലിൽ തപ്പിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച്ചയാണ് അവർ കണ്ടത്. പൊക്കിൽകൊടിപോലും മുറിച്ച് മാറ്റാത്ത ഒരു നവജാത ശിശു.

പൊക്കിൾകൊടി ആ പൈതലിന്റെ കഴുത്തിന് ചുറ്റും പിണഞ്ഞ് കിടക്കുകയായിരുന്നു . നിര്‍ത്താതെ നിലവിളിക്കുകയായിരുന്നു ആ കുരുന്ന്. പതുക്കെ അവന്റെ കാലുകളിൽ പിടിച്ച് അഴുക്ക് ചാലിൽനിന്നും വലിച്ചു പുറത്തെടുത്തു. തുടർന്ന് ചുറ്റും കൂടിനിന്ന ആളുകളോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

വെള്ളം ഉപയോഗിച്ച് കുഞ്ഞിനെ കഴുകി വൃത്തിയാക്കിയതിശേഷം ചെന്നൈ എഗ്മോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം കുഞ്ഞ്  ഇപ്പോള്‍ തികച്ചും ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സ്വാതന്ത്ര്യ ദിനപ്പുലരിയിൽ കിട്ടിയ കുഞ്ഞിന് താൻ 'സ്വാതന്ത്ര' എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഗീത പറയുന്നു. ഒരു ജീവൻ രക്ഷിക്കുന്നതിന് താൻ നിമിത്തമായതിൽ അഭിമാനമുണ്ടെന്നും ആ വീട്ടമ്മ പറയുന്നു.

അതേസമയം സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓവുചാലിൽ വെള്ളം ഇല്ലാത്തതിനാൽ വലിയൊരു അപകടം ഒഴിവായതായി പൊലീസ് പറഞ്ഞു. കുഞ്ഞ് സുഖമായിരിക്കുന്നു. അവനിപ്പോൾ എഗ്മോറിലെ സർക്കാർ അശുപത്രിയിലാണുള്ളത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ശിശുഭവനത്തിലേക്ക് അയയ്ക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

അതേസമയം കുഞ്ഞിനെ രക്ഷിച്ച് കമ്പിളിയിൽ പൊതിഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഓവ് ചാലിൽനിന്നും കുഞ്ഞിന് രക്ഷിച്ച ഗീതയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.