Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിനിടയിൽ അവശ്യ വസ്തുക്കൾക്ക് ഉയര്‍ന്ന വില; മുന്നറിയിപ്പുമായി പൊലീസ്

flood

പ്രളയത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ ദയനീയ സാഹചര്യം മുതലെടുത്ത് അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും മുന്നറിയിപ്പുമായി കേരള പൊലീസ്. സമൂഹ മാധ്യമത്തിലെ പേജിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സാഹചര്യം മുതലെടുത്ത് ഭക്ഷണസാധനങ്ങൾക്കും ആവശ്യ വസ്തുക്കൾക്കും ഉയർന്ന് നിരക്ക് ഇൗടാക്കുന്ന ചില സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം സംഭവം ശ്രദ്ധയിൽപ്പെടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അറിയിപ്പു നൽകി ഇട്ട പോസ്റ്റിനു താഴെ അമിത വില ഈടാക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് നിരവധി പേർ പരാതിപ്പെടുന്നുണ്ട്. 

ഡാമുകൾ െപാട്ടിയെന്നും വൈദ്യുതി നിലയ്ക്കുമെന്നുമുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ കേരള പൊലീസ് മുന്‍പ് രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങൾ കാര്യക്ഷമതയോടെ ഉപയോഗിക്കേണ്ട സാഹചര്യമാണിതെന്നും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും െഎ ജി മനോജ് എബ്രഹാം നേരത്തെ അറിയിച്ചിരുന്നു. 

ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ നാലു ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. പല ക്യാംപുകളിലും വെള്ളത്തിനും ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ക്ഷാമം നേരിടുന്നുണ്ട്. സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും പ്രവർത്തനങ്ങൾ ഏകോപിക്കാനും അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനും ശ്രമിക്കുകയാണ്.