അർണബ് ഗോസ്വാമിക്ക് കിടിലൻ മറുപടിയുമായി ‘ബല്ലാത്തൊരു പഹയൻ’

അർണബ് ഗോസ്വാമിയെ തേച്ചൊട്ടിച്ച് ‘ബല്ലാത്ത പഹയൻ’ വിഡിയോ ബ്ലോഗർ വിനോദ് നാരായണ്‍. ‘അർണബ് ഗോസ്വാമി.... ഞങ്ങള് മലയാളികൾക്കെ നാണം ലേശം കൊറവാണ്’ എന്നു കുറിപ്പോടെ  സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത വിഡിയോ വൈറലായി. എട്ടു ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്. 

ചാനൽ ചർച്ചയ്ക്കിടെ കേരളീയരെ ‘താൻ കണ്ടതിൽവച്ചേറ്റവും നാണംകെട്ട ജനത’ എന്നു വിശേഷിപ്പിച്ചുവെന്നാണ് അർണബിനെതിരെ ഉയര്‍ന്ന ആരോപണം. ഇതേത്തുടർന്ന് അർണബിനെതിരെ സമൂഹ മാധ്യമങ്ങളിൽ കനത്ത പ്രതിഷേധമുയർന്നു . ചീത്ത വിളിയും പരിഹാസവുമായി അർണബിന്റെയും ചാനലിന്റെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ട്രോളുകൾ നിറഞ്ഞു. കേരളത്തിലുള്ളവരെ നാണംകെട്ട ജനത എന്നു വിശേഷിപ്പിച്ച അർണബിനുള്ള മറുപടിയായിരുന്നു വിനോദ് നാരായണന്റെ പുതിയ വിഡിയോ.

സമകാലിക പ്രശ്നങ്ങളിൽ പ്രതികരണം അറിയിച്ചുകൊണ്ടുള്ള വിഡിയോകൾ  മുമ്പും ‘ബല്ലാത്ത പഹയനിൽ’ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോഴിക്കോടൻ ഭാഷയിലുള്ള ഇദ്ദേഹത്തിന്റെ പ്രതികരണങ്ങൾക്കു വൻസ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽനിന്നു ലഭിച്ചിട്ടുള്ളത്.

വിഡിയോയിലെ പ്രസക്ത ഭാഗങ്ങൾ.

‘‘ഞങ്ങള് മലയാളികള്‍ക്ക് നാണം കുറച്ചു കൊറവാ. പ്രത്യേകിച്ച് കാര്യങ്ങള് പറയുമ്പോ. ഞങ്ങടെ എടേല് ജാതീം മതോം രാഷ്ട്രീയോം ഒന്നും നോക്കാണ്ട് അന്യോനം സ്നേഹിക്കാനറിയാ. അതായത് കോഴിക്കോട്ട് ഭാഷേല് പറഞ്ഞാ മൊഹബത്തില് ജീവിക്കാനറിയാം. അങ്ങനെ ജീവിക്കാനറിയണേന് ഞങ്ങൾക്കു നാണം കൊറച്ച് കൊറവാണ്......

ഞങ്ങള്‍ടെ നാട്ടിലെ ഹിന്ദുക്കൾക്ക് പള്ളീല് കിടന്നുറങ്ങാനും മുസ്‌ലീങ്ങൾക്ക് അമ്പല പരിസരത്ത് നിസ്കരിക്കാനും കൊറച്ച് നാണം കൊറവാ. അതെന്താന്ന് പറഞ്ഞാ ഞങ്ങള് മലയാളികളാ. പിന്നെ അന്നെപ്പോലെ കാര്യങ്ങള് പറഞ്ഞ് പരത്തി കാര്യങ്ങളൊക്കെ വളച്ചൊടിക്കാനുള്ള കഴിവ് ഞങ്ങൾക്ക് കൊറച്ച് കൊറവാ. അതങ്ങട് ഞങ്ങള് സഹിച്ച്. ആ കഴിവ് ഇല്ലാത്തതിന് ഞങ്ങൾക്ക് നാണം ലേശം കൊറവാ........’’

ഇംഗ്ലീഷിലാണ് പിന്നീടുള്ള ഭാഗം. ‘‘ഞങ്ങൾക്കല്ല ഗോസ്വാമി നാണമില്ലാത്തത്, അതു നിങ്ങൾക്കാണ്. നിങ്ങൾ മാധ്യമപ്രവർത്തനത്തിനു തന്നെ അപമാനമാണ്. ഒരു സംഭാഷണം എങ്ങനെയായിരിക്കണമ‌െന്ന് നിങ്ങൾക്കറിയില്ല. മറ്റുള്ളവർ പറയുന്നത് കേട്ട് നിശബ്ദമായിരിക്കുന്നതിന്റെ ശക്തി അറിയില്ല. ‌അഥിതിയോടു സംസാരിക്കാൻ ആവശ്യപ്പെടുന്ന അതേ നിമിഷം അയാളോട് നിശബ്ദനാവാൻ നിങ്ങൾ പറയുന്നു. സംസാരിക്കണോ നിശബ്ദത പാലിക്കണോ എന്നു നിങ്ങളോട് ആരെങ്കിലും ചോദിക്കുന്ന കാലം അത്ര അകലത്തിലല്ല.’’

ഇങ്ങനെയെല്ലാമാണ് വിഡിയോയിൽ അർണബിനെ വിമർശിക്കുന്നത്. കോട്ടും ടൈയും ഉൗരികളഞ്ഞ് ലുങ്കി മടക്കി കുത്തി ‘ഇതാണ്ടാ മലയാളി, കോട്ടിട്ടാലും ചെലപ്പൊ ലുങ്കി ഇണ്ടാവും താഴത്ത്. അതുകൊണ്ട് ഞങ്ങൾക്കു നാണം ലേശം കൊറവാ’ എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.