വൈറലായ ഈ ചിത്രം പറയുന്നത് ആ അമ്മയുടെ നോവിന്റെ കഥ

‘ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് പിറന്ന് വീണ മാലാഖ’ എന്നാണു വൈറലായ ആ ചിത്രത്തെ സോഷ്യൽ ലോകം വിളിച്ചത്. കുഞ്ഞിന്റെ ചിത്രത്തിനൊപ്പം അവൾക്കായി ആ അമ്മ അനുഭവിച്ച വേദനകളാണ് ഇൗ ചിത്രം പങ്കുവയ്ക്കുന്നത്. 

സിറിഞ്ചുകൊണ്ടു തീര്‍ത്ത ഹൃദയത്തിനു നടുവിലാണ് ലണ്ടന്‍ ഓനെയ്ല്‍ എന്ന മാലാഖക്കുഞ്ഞ് കിടക്കുന്നത്. പാട്രീഷ്യ-കിമ്പര്‍ലി ദമ്പതിമാരാണ് കുട്ടിയുടെ മാതാപിതാക്കൾ. ന്യൂബോണ്‍ ഫോട്ടോഗ്രാഫര്‍ സാമന്ത പാര്‍ക്കറാണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട് നടത്തിയത്. 1616 സിറിഞ്ചുകളാണ് കുഞ്ഞിനു ചുറ്റുമുള്ളത്. ഈ സിറിഞ്ചുകളെല്ലാം ഐവിഎഫ് ചികിത്സക്കിടെ ലണ്ടന്‍റെ അമ്മ പാട്രീഷ്യക്ക് ഉപയോഗിച്ചതാണ്.

നാലുവര്‍ഷങ്ങള്‍ പാട്രീഷ്യയും ഭര്‍ത്താവ് കിമ്പര്‍ലി ഒനീലും കുഞ്ഞിനു വേണ്ടി ഒട്ടേറെ ചികിൽസകൾ നടത്തി വരുകയായിരുന്നു. ആ വേദനകളുടെയെല്ലാം ഓര്‍മ്മയ്ക്കായാണ് ഒരു ഫോട്ടോഷൂട്ട് നടത്താൻ കുടുംബം തീരുമാനിച്ചത്. അങ്ങനെയാണ് ഹൃദയസ്പർശിയായ ചിത്രം ജനിക്കുന്നത്. ഞങ്ങള്‍ കടന്നുപോയ വേദനകളിലൂടെ ആരെങ്കിലും കടന്നുപോകുന്നുണ്ടെങ്കില്‍ അവര്‍ക്കൊരു പ്രതീക്ഷയേകാനാണ് ഈ ചിത്രമെന്നു പാട്രീഷ്യ പറയുന്നു.

ചികിത്സ നടക്കുമ്പോള്‍ തന്നെ ന്യൂബോണ്‍ ഫോട്ടോഷൂട്ടിനുള്ള മാതാപിതാക്കൾ പദ്ധതിയിട്ടിരുന്നു. അതിനായി ചികിൽസയ്ക്ക് ഉപയോഗിച്ച സിറിഞ്ചുകള്‍ ഇവർ സൂക്ഷിച്ചുവെച്ചു.  29ലക്ഷം രൂപയാണ് ചികിത്സക്കായി ചെലവായത്.