ചെന്നൈ തെരുവിൽ പച്ചക്കറി വിറ്റ് സാമന്ത; അമ്പരന്ന് ജനക്കൂട്ടം

ചെന്നൈ നഗരത്തിൽ പച്ചക്കറി വിറ്റ് തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത. ഇന്ന് രാവിലെ തിരുവള്ളിക്കേനി ക്ഷേത്രത്തിന് സമീപത്തുള്ള ജാം ബസാര്‍ മാര്‍ക്കറ്റിലായിരുന്നു പച്ചക്കറി വില്‍പ്പനക്കാരിയായി സാമന്ത എത്തിയത്. 

കച്ചവടക്കാരിയെ കണ്ടവരുടെ മുഖത്താകട്ടെ അമ്പരപ്പ്. സിനിമ ചിത്രീകരണമാണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. നേരിൽ കാണാൻ കൊതിച്ച ഒട്ടേറെ പേർ ചുറ്റും കൂടി. സെൽഫിയെടുക്കാൻ വൻതിരക്ക്. പച്ചക്കറി വിൽപ്പനക്കാരിയുടെ ചുറ്റും ആൾക്കൂട്ടം കണ്ട് അതുവഴി പോയവരും ഒാടിയെത്തി. എന്നാല്‍ ഇതൊരു കാരുണ്യ പ്രവര്‍ത്തനമാണെന്ന് ആരാധകര്‍ മനസിലാക്കിയതോടെ പിന്നാലെ വന്നു കയ്യടി.

സാമന്തയുടെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയായ പ്രതായുഷയ്ക്കു വേണ്ടിയായിരുന്നു താരത്തിന്റെ ഇൗ പുതിയ വേഷം. 

യാതനകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സാ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രതായുഷ. 2014ലാണ് സംഘടന പ്രവർത്തനം ആരംഭിക്കുന്നത്. ഇരുമ്പുത്തുറൈ എന്ന ചിത്രത്തിന്‍റെ നൂറാം ദിന ആഘോഷത്തില്‍ പങ്കെടുക്കാനായാണ് സാമന്ത ചെന്നൈയില്‍ എത്തിയത്.