സിസിടിവി ക്യാമറ ചതിച്ചാശാനേ; മോഷണമുതൽ തിരികെ നൽകി ‘നല്ലവനായ കള്ളൻ’!

മോഷ്ണം സിസിടിവി ക്യാമറയിൽ പതിഞ്ഞെന്നു മനസ്സിലാക്കി മോഷണവസ്തു ഉടമയ്ക്കു തിരികെ നൽകിയ കള്ളന്റെ വിഡിയോ പങ്കുവെച്ച് മുംബൈ പൊലീസ്. ‘ഇൗ വിഡിയോ തമാശയാണ് എന്നാൽ, യഥാര്‍ത്ഥത്തിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും’ എന്ന കുറിപ്പോടെയാണ് 22 സെക്കന്റുള്ള വിഡിയോയാണ് പൊലീസ് പുറത്തുവിട്ടത്. 

ആള്‍ത്തിരക്കുള്ള കടയില്‍ വെച്ചായിരുന്നു മോഷണം. മുൻപിൽ നിൽക്കുന്ന ആളുടെ കീശയിൽനിന്നു വിദഗ്ദമായി ഒരാൾ പേഴ്സ് അടിച്ചുമാറ്റി. പക്ഷേ തൊട്ടടുത്ത നിമിഷം മോഷ്ടാവിന്റെ ശ്രദ്ധ സിസിടിവി ക്യാമറയിൽ  പതിഞ്ഞു. മോഷണം വ്യക്തമായി ക്യാമറയിൽ പതിഞ്ഞുവെന്നു മനസ്സിലാക്കിയ ഇയാൾ ക്യാമറയിലേക്കു നോക്കി കൈകൂപ്പുകയും പേഴ്സ് ഉടമയ്ക്കു കൈമാറുകയും ചെയതു. 

പോക്കറ്റിൽനിന്നു നിലത്തുവീണ പേഴ്സ് എടുത്തു തന്നതായിരിക്കുമെന്നു കരുതി ഉടമ നന്ദി പറയുകയും ഇയാൾ തിരിച്ച് കൈകുപ്പുകയും ചെയ്യുന്നുണ്ട്. ഇതിനുശേഷവും ഇയാൾ ക്യാമറയിൽ നോക്കി കൈകൂപ്പുന്നു. കൂടെ ഒരു ചിരിയും. മുംബൈ പൊലീസ് പങ്കുവെച്ച ‘സത്യസന്ധനായ കള്ളന്റെ’ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.