അപൂർവ ന‍ൃത്തം; തെരേസ മേയ്ക്ക് ട്രോളുകളും പുതിയ പേരും

ആഫ്രിക്കൻ പര്യടനത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് പുതിയൊരു പേര് ലഭിച്ചു. സമൂഹമാധ്യമങ്ങളില്‍ ‘മേബോട്ട്’ എന്ന പേരിലാണ് തെരേസ മേ ഇപ്പോൾ അറിയപ്പെടുന്നത്. ഇതൊന്നും പോരാതെ ട്രോളുകളും മീമുകളുമായി തെരേസ മേ സമൂഹമാധ്യമങ്ങളിൽ നിറയുകയായിരുന്നു. ആഫ്രിക്കൻ പര്യടനത്തിൽ രണ്ടു തവണ ‘അപൂർവയിനം നൃത്തവുമായി’ കളം നിറഞ്ഞതോടെയാണ് തെരേസേ മേയ്ക്ക് തേടി പുതിയ പേര് എത്തിയത്. 

ആഫ്രിക്കയിലെ കേപ് ടൗണിലെ െഎ.ഡി കിസെ സ്കൂളിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിദ്യാർഥികൾ ആടിയും പാടിയുമാണ് സ്വാഗതം ചെയ്തത്. ഇവരോടൊപ്പമാണ് മേ അപൂർവയിനം നൃത്തചുവടുകൾക്കു തുടക്കമിട്ടത്. റോബോട്ടിക് ഡിസ്കോയ്ക്ക് മേ നൽകിയ പുതിയ രൂപമാണിതെന്നു സമൂഹമാധ്യമങ്ങളിൽ കമന്റുകൾ വന്നു. പിന്നീട് ‘മേബോട്ടിക്’ ഡാൻസെന്ന് പേരും വന്നു. ചുവന്ന കോട്ടും ധരിച്ച് യന്ത്രം പോലെ കൈകാലുകള്‍ ചലിപ്പിച്ച് മേ കുട്ടികളോടൊപ്പം ന‍ൃത്തം ചെയതു. 

ഡാൻസ് ഡിപ്ലോമസി അവസാനിച്ചുവെന്നു കരുതിയവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് തെ‌ാട്ടടുത്ത ദിവസം കെനിയയിലും  ‘മേബോട്ടിക്സ്’ അരങ്ങേറിയത്. യുഎന്നിന്റെ നെയ്റോബി ക്യാംപസിലെത്തിയ തെരേസ മേ സ്കൗട്ട്സ് അംഗങ്ങൾക്കൊപ്പമാണ് ചുവടുകൾ വച്ചത്. പ്ലാസ്റ്റിക് ചലഞ്ചിന് തുടക്കമിട്ടശേഷം മേ അവിടെനിന്ന് പോകാനൊരുങ്ങവെ വൊളണ്ടിയർമാരായ സ്കൗട്ട് വിദ്യാർഥികൾ നൃത്തം ചെയ്യുന്നതു കണ്ട് ഒപ്പം കൂടി. കേപ്ടൗണിൽ ബാക്കിവെച്ചതെല്ലാം മേ ഇവിടെ പുറത്തെടുത്തു. ഡാഡി ഡാൻസ് എന്നാണ് മേയുടെ നൃത്തത്തിന് ഒരാൾ നൽകിയ പേര്. ഇതുവരെ ജീവിതത്തിൽ ചിരിക്കാത്തവരുണ്ടെങ്കിൽ മേബോട്ടിക്സ് കാണിച്ചാൽ മതിയെന്നും കമന്റുകൾ. 

കുട്ടികളോടൊപ്പം സ്വയം മറന്നു നൃത്തം ചെയ്യാന്‍ തയാറായ മേയെ തേടി നിരവധി പേർ രംഗത്തെത്തി. മൂന്നു ദിവസം നീണ്ടുനിന്നതായിരുന്നു തെരേസ മേയുടെ ആഫ്രിക്കൻ സന്ദര്‍ശനം. 2013 നെൽസൻ മണ്ടേലയുെട സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഡേവിഡ് കാമറൂണാണ് ഇതിനുമുൻപ് ആഫ്രിക്ക സന്ദർശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി.