Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കിളിനക്കോടിനെ അവഹേളിച്ചില്ല, ജീവിതം തകർക്കരുത്' കണ്ണീരോടെ പെൺകുട്ടി

kilinakode-issue

സമൂഹമാധ്യമത്തിൽ ലൈവിലൂടെ നാടിനെ അവഹേളിച്ചുവെന്ന പേരിൽ പെൺകുട്ടികൾക്കെതിരെ അധിക്ഷേപവും സൈബർ ആക്രമണവും തുടരുകയാണ്. മറുവശത്ത് പൊതുസമൂഹത്തില്‍ വലിയ വിഭാഗത്തിന്റെ പിന്തുണയുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം തുടരുന്ന സാഹചര്യത്തിൽ സത്യാവസ്ഥ വിശദീകരിച്ചു പെൺകുട്ടികളിലൊരാൾ രംഗത്തെത്തി. ശബ്ദസന്ദേശത്തിലൂടെ പൊട്ടിക്കരഞ്ഞായിരുന്നു പെൺകുട്ടി സംഭവം വിശദീകരിച്ചത്.

‘‘നാട്ടുകാരെ അപമാനിക്കാൻ വേണ്ടിയല്ല ആ വിഡിയോ എടുത്തത്. വെറും തമാശയ്ക്കു വേണ്ടിയെടുത്ത വിഡിയോ ഞങ്ങളുടെ ജീവിതം തന്നെ തകർക്കുന്ന അവസ്ഥയിലാണ്. പ്രചരിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ആ വിഡിയോയിലുള്ള ഒരാളാണ് ഞാൻ. ഞങ്ങളുടെ സുഹൃത്തിന്റെ കല്യാണത്തിനു വേണ്ടിയാണ് ഞങ്ങൾ അവിടെ എത്തിയത്. 12 പെൺകുട്ടികളും നാല് ആൺകുട്ടികളും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. പുതിയപെണ്ണിന്റെ കൂടെ നിന്ന് ഞങ്ങൾ സെൽഫി എടുത്തു. 

ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അവിടെ എത്തിയത്. 2.05 ന് അവിടെ നിന്ന് ഇറങ്ങുകയും ചെയ്തു. ഞങ്ങൾ സെൽഫിയെടുക്കുന്നതും സംസാരിക്കുന്നതും അവിടെ കൂടിയിരുന്ന ആളുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആൺകുട്ടികൾ ബൈക്കിനു പോയപ്പോൾ ഞങ്ങൾ നടന്നാണ് പോയത്. അവിടെ വാഹനസൗകര്യം കുറവായിരുന്നു. 2.45 ന് മാത്രമാണ് പിന്നെ ബസ് ഉണ്ടായിരുന്നത്. ഞങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയ വ്യക്തി അവിടെയെത്തുകയും മോശമായി ഞങ്ങളോട് സംസാരിക്കുകയും ചെയ്തു. കല്യാണത്തിനു വന്നാൽ കല്യാണം കൂടി പോകണമെന്നും തുടങ്ങി മോശമായ പല കാര്യങ്ങളും പറഞ്ഞു. ഞങ്ങൾക്ക് മോശം ഉദ്ദേശം ഉണ്ടായിരുന്നുവെന്നും അത് ചോദ്യം ചെയ്തപ്പോഴാണ് ഞങ്ങൾ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നുമായിരുന്നു ഇയാൾ പറഞ്ഞത്.

2.45 ആയെങ്കിലും ബസുണ്ടായില്ല, അപ്പോള്‍ ബസ്സില്ലെന്ന് ചിലര്‍ പറഞ്ഞു. പിന്നെയും അവിടെ നിന്ന് നടന്നു. ഒരു ഓട്ടോയും കിട്ടിയില്ല. 3 കിലോമീറ്റർ നടന്നു. അയാള്‍ അപ്പോള്‍ ഞങ്ങളെ പിന്തുടര്‍ന്നിരുന്നു. അയാള്‍ ഞങ്ങളുടെ പുറകിൽ നിന്ന് വിഡിയോ എടുത്തു. നാട്ടിലൊക്കെ ഗ്രൂപ്പുകളിലൊക്കെ എത്തിക്കുമെന്ന് പറഞ്ഞാണ് വിഡിയോ എടുത്തത്. ഇതോടെ ഞങ്ങള്‍ നടപ്പിന് വേഗം കൂട്ടി. ക്ലാസിൽ നിന്ന് കല്യാണം കൂടാൻ കഴിയാത്ത കുട്ടികളെ കാണിക്കാൻ വേണ്ടിയാണ് ഞങ്ങൾ ആ വിഡിയോ എടുത്തത്. ആ വിഡിയോ എങ്ങനെയോ ലീക്ക് ആയതാണ്. ഞങ്ങളുടെ ജീവിതം തന്നെയാണ് അത് നശിപ്പിക്കുന്നത്. 

ആ  നാടിനെ അവഹേളിക്കാനോ നാടിനെ നന്നാക്കാനോ അല്ല ആ വിഡിയോ ഇട്ടത്. ആ നാടിനെകുറിച്ചോ നാട്ടുകാരെകുറിച്ചോ ഒന്നും അവഹേളിക്കാനല്ല. മനസു കൊണ്ട് വിചാരിക്കാത്ത കാര്യമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ആ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ ഞങ്ങൾ പരാതി നൽകി.  അവിടെ വച്ച് ഞങ്ങളെ അപമാനിച്ചയാൾ  മാപ്പ് പറയുന്ന വിഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ആ വിഡിയോ ആരും ഷെയർ ചെയ്യരുത്. നിങ്ങളുടെ ഫോണിൽ നിന്ന് ആ വിഡിയോ ഡിലീറ്റ് ചെയ്യണം’’– പെൺകുട്ടി ശബ്ദ സന്ദേശത്തിൽ പറയുന്നു. 

പെൺകുട്ടികളുടെ പരാതിയിൽ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. വാട്സ്ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വ്യക്തിപരമായ അധിക്ഷേപത്തിനും സൈബർ ആക്രമണത്തിനും പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയോടനുബന്ധിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 506 എന്നിവ പ്രകാരമാണു കേസെടുത്തിരിക്കുന്നത്.

സംഭവം വിവാദമായതോടെ പെൺകുട്ടികൾ നാടിനെ അധിക്ഷേപിച്ചുവെന്ന് കാണിച്ചു പോലീസിൽ പരാതി നൽകിയെന്നും പെൺകുട്ടികൾ ഇപ്പോൾ പോലീസ് സ്റ്റേഷനിൽ ആണെന്നും ജനവികാരം ഇവരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചുവെന്നും കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെ യുവാക്കൾ ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചിരുന്നു. ഇതാണ് കുരുക്കായത്.

സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്തത് തടഞ്ഞതിനെ തുടർന്നാണ് പെൺകുട്ടികൾ വിഡിയോ എടുത്തത് എന്ന് സൂചിപ്പിക്കുന്ന തലക്കെട്ടിലാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. തുടർന്ന്, ഇവരെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള സൈബർ ആക്രമണമായിരുന്നു.

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത പ്രദേശമായ കിളിനക്കോട് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പെൺകുട്ടികൾ. ആൺകുട്ടികളായ സഹപാഠികൾക്ക് ഒപ്പം സെൽഫി എടുക്കുകയും അവരുടെ വാഹനങ്ങളിൽ തിരിച്ചു പോകാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഒരുപറ്റം ആളുകൾ തടഞ്ഞു നിർത്തുകയും അധിക്ഷേപിക്കുകയും നട്ടുച്ചയ്ക്ക് നടുറോഡിലൂടെ നടത്തിച്ചുവെന്നും പെൺകുട്ടികൾ പരാതി പറയുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതു പോലെ പെൺകുട്ടികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ലെന്നും ഇവരുടെ നേരിട്ടുളള പരാതിയിൽ കുറ്റക്കാർക്കെതിരെ കേസെടുക്കുകയായിരുന്നുവെന്ന് വടകര എസ്ഐ സംഗീത് പുനത്തിൽ മനോരമ ന്യൂസ് ഡോട്ട് കോമിനോട് ഇന്നലെ തന്നെ പറഞ്ഞിരുന്നു. ആരും അവരെ വിളിച്ചു വരുത്തിയതല്ല രക്ഷിതാക്കൾക്കൊപ്പം അവർ നേരിട്ടു വന്നു പരാതി നൽകുകയായിരുന്നുവെന്നും എസ്ഐ പറഞ്ഞു.