12കാരിയെ വിവാഹം കഴിച്ച 65കാരൻ !

ലോകം എത്ര പുരോഗമിച്ചിട്ടും പലയിടങ്ങളിലും ഇന്നും ബാലവിവാഹങ്ങള്‍ക്കു യാതൊരു കുറവുമില്ല. വിവാഹമെന്തെന്നോ അതിന്റെ അർഥ വ്യാപ്തികളോ അറിയാത്ത പ്രായത്തിൽ വരണമാല്യവുമണിഞ്ഞ് നിൽക്കേണ്ടി വരുന്ന പല കുരുന്നുകളും ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തുമുണ്ട്. ഇതിനിടയിലേക്കാണ് ഇന്ത്യയ്ക്കു പുറത്തു നിന്നുമൊരു വാർത്ത വരുന്നത്. അറുപത്തിയഞ്ചുകാരൻ ഒരു പന്ത്രണ്ടുകാരിയെ വിവാഹം കഴിച്ചു. താടിയും മുടിയും നരച്ച് പ്രസന്നവദനനായി നിൽക്കുന്ന വൃദ്ധനായ വരന് അരികിൽ ഭയം നിറഞ്ഞു നിൽക്കുന്ന മിഴികളോടെ നിൽക്കുകയാണ് ആ കൊച്ചു പെൺകുട്ടി. ന്യൂയോര്‍ക്കിലെ ജനസാഗരത്തിനിടയിൽ നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് ഇരുവരും. ഇത്തരമൊരു കാഴ്ച്ച നിങ്ങളിൽ എന്തു മാനസികാവസ്ഥയാണ് ഉണ്ടാക്കുക.. പ്രതികരിക്കാൻ തയ്യാറാകുമോ അതോ അത് എന്നെ ബാധിക്കുന്ന വിഷയമേയല്ലെന്നു ചിന്തിച്ചു മാറി നിൽക്കുമോ?

വൃദ്ധന്‍ ഒരു ബാലികയെ വിവാഹം കഴിച്ച കാഴ്ച കാണുന്ന സമൂഹത്തിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നു കണ്ടെത്താനാണ് യൂട്യൂബറായ കോബി പേർസിൻ ഇത്തരമൊരു സാഹസത്തിനു മുതിർന്നത്. അറുപത്തിയഞ്ചുകാരനായ വൃദ്ധനും പന്ത്രണ്ടുകാരിയായ പെൺകുട്ടിയും വെറും നടനും നടിയും. കോബിയാണ് ഫോട്ടോഗ്രാഫറായി നിന്നത്. ഫോട്ടോഷൂട്ടും ആളുകളുടെ പ്രതികരണവുമെല്ലാം ഒരു ഒളിക്യാമറയിലൂടെ ഷൂട്ട് ചെയ്യുന്നുമുണ്ടായിരുന്നു. ചിലരൊക്കെ കണ്ടില്ലെന്നു നടിച്ചു, ചിലരാകട്ടെ പെൺകുട്ടിയെ അവസ്ഥയെ ഓര്‍ത്ത് പരിതപിച്ചു അത്ഭുതം എന്നു പറയാം ഒട്ടേറെ പേർ ചോദ്യം ചെയ്തു മുന്നോട്ടു വന്നു. വരനെ പോലീസിലേൽപ്പിക്കാൻ വരെ ആളുകള്‍ രംഗത്തെത്തി. 2016 ഫെബ്രുവരിയിലെ യൂണിസെഫ് റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമുള്ള നാലിലൊന്നു പെൺകുട്ടികളാണ് പതിനെട്ടു വയസിനു താഴെ വിവാഹിതരാകുന്നത്. ചോദ്യം ചെയ്യാം ബാലവിവാഹത്തെ, കുരുന്നുകൾ പഠിച്ചും കളിച്ചും വളരട്ടെ... പ്രായവും പക്വതയുമെത്തുമ്പോൾ വിവാഹിതരാകട്ടെ...