ജീവൻ വേണേൽ മാറിക്കോ!

തലയോട്ടി രൂപത്തിലുള്ള ശിരോകവചവുമായി കൊച്ചിയിലൂടെ പോകുന്ന മോട്ടോർ സൈക്കിൾ യാത്രികൻ.ചിത്രം. ജോസ്കുട്ടി പനയ്ക്കൽ

കേരളത്തിന്റെ ഫാഷൻനഗരമാണ് കൊച്ചി. ആ ഫാഷൻ ഹെൽമറ്റിലും കയറിയാൽ ചിലപ്പോൾ ഭയപ്പെടുത്തുന്നതായി മാറിയേക്കാം. വഴിയരികിലെ നിയമാനുസൃതമല്ലാത്ത ഹെൽമറ്റ് കച്ചവടം മുതൽ ആയിരക്കണക്കിന് രൂപയുടെ ഹെൽമറ്റുകൾ വരെ ദിനംപ്രതി കൊച്ചിയിൽ വിറ്റുപോകുന്നുണ്ട്. തെർമോകോൾ തുണിയിൽ പൊതിഞ്ഞ് ഹെൽമറ്റ് രൂപത്തിലാക്കി പൊലീസിന്റെ കണ്ണിൽ പൊടിയിടാൻ മാത്രം ഇത് ഉപയോഗിക്കുന്നവരും ചുരുക്കമല്ല. കോടതിവിധിയെത്തുടർന്ന് കർശനമായി പാലിച്ചുപോന്നിരുന്ന നിയമം പൊലീസ് തെല്ലൊന്നയഞ്ഞപ്പോൾ പലരും അതൊരു സൗകര്യമായി കണ്ട് പ്രവർത്തിക്കാൻ തുടങ്ങി. മറ്റുചിലരാകട്ടെ ഇവ വാഹനത്തിന്റെ ഹാൻഡിലിൽ തൂക്കിയിട്ടങ്ങനെ യാത്രചെയ്യും.

വളവിലോ തിരിവിലോ പരിശോധന ഉണ്ടെന്നറിഞ്ഞാൽ മാത്രം തലയിലേറ്റും. ‘മുടി ചീത്തയാകും... തലയിൽ ചൂട് അനുഭവപ്പെടുന്നു..’ എന്നിങ്ങനെയാണ് ഹെൽമറ്റ് ‘നിഷേധികളിൽ’ പലരും നിരത്തുന്ന ന്യായങ്ങൾ. പക്ഷേ ലക്ഷങ്ങൾ വിലയുള്ള മോട്ടോർസൈക്കിളിൽ തിരക്കിനിടയിലൂടെ പരൽമീൻ പായുംപോലെ കുതിക്കുമ്പോൾ തലക്ക് കോടികളുടെ വിലയുണ്ടെന്നുള്ള കാര്യം വെറുതെയെങ്കിലും ഓർമ്മിക്കുന്നത് നല്ലതല്ലേ?