ചൈനയിലെങ്ങും വൈറലായി എഫോർ വെ‌യ്സ്റ്റ് ചലഞ്ച്, എന്നാലും ഇത് ഇത്തിരി കൂടിപോയോ??

എ ഫോർ ഷീറ്റ് പേപ്പർ വച്ച് വെയ്സ്റ്റ് സൈസ് അളക്കുന്ന പെൺകുട്ടികൾ

അസൈൻമെന്റ് എഴുതാനായി എഫോർ ഷീറ്റ് പേപ്പറുകൾ വാങ്ങിക്കൂട്ടിയപ്പോൾ ചൈനയിലെ പെൺകൊടികൾ ഒരിക്കലും കരുതിക്കാണില്ല കാലങ്ങൾക്കു ശേഷവും തങ്ങൾ എഫോർ ഷീറ്റിനെ ആശ്രയിക്കേണ്ടി വരുമെന്ന്. പഠിത്തവും അസൈൻമെന്റ്സുമൊക്കെ കഴിഞ്ഞപ്പോൾ നാമെല്ലാം പാവം എഫോർ ഷീറ്റിനെ മറന്നെങ്കിലും ചൈനയിലെ സുന്ദരികൾക്ക് അങ്ങനെ മറക്കാനാവില്ല . കാരണം അവർ ഇപ്പോൾ ശരീര സൗന്ദര്യം അളക്കുന്നതു തന്നെ എഫോർ ഷീറ്റിനെ അടിസ്ഥാനമാക്കിയാണ്.

എ ഫോർ ഷീറ്റ് പേപ്പർ വച്ച് വെയ്സ്റ്റ് സൈസ് അളക്കുന്ന പെൺകുട്ടികൾ

ബെല്ലി ബട്ടൺ ചലഞ്ചിനു ശേഷം ചൈനയിൽ പുത്തൻ തരംഗമാവുകയാണ് എഫോർ വെ‌യ്സ്റ്റ് ചലഞ്ച്. പേരുപോലെ തന്നെ എഫോർ ഷീറ്റു വച്ചൊരു ചലഞ്ച്. ഒരു എ ഫോർ ഷീറ്റ് പേപ്പർ അരക്കെട്ടിൽ വച്ച് എഫോർ ഷീറ്റിനൊപ്പമോ അതിലും കുറവോ ആണു തങ്ങളുടെ ഇടുപ്പിന്റെ വീതിയും എന്നു തെളിയിക്കുകയാണ് ലക്ഷ്യം. 8.27 ഇഞ്ചു മാത്രം വരുന്ന പേജിനേക്കാൾ കുറവും അല്ലെങ്കിൽ അതിനൊപ്പവുമാണെങ്കിൽ സംശയിക്കേണ്ട ഇന്റർനെറ്റിലെ താരമാകും. നൂറിൽപ്പരം പെൺകുട്ടികളാണ് വെല്ലുവിളി ഏറ്റെടുത്ത് പല തരത്തിലുമുള്ള ഫോട്ടോകൾ മൈക്രോബ്ലോഗിങ് സൈറ്റുകളിൽ പങ്കുവച്ചിരിക്കുന്നത്. എഫോർ വെയ്സ്റ്റ് സൈസ് ആണ് ആരോഗ്യകരവും സുന്ദരവും എന്ന വാദത്തോടെ പെൺകുട്ടികൾ ഈ ചലഞ്ച് ആഘോഷമാക്കുകയാണ്.

എ ഫോർ ഷീറ്റ് പേപ്പർ വച്ച് വെയ്സ്റ്റ് സൈസ് അളക്കുന്ന പെൺകുട്ടികൾ

അതിനിടെ എഫോർ വെ‌യ്സ്റ്റ് ചലഞ്ചിനെതിരെ വിമർശനമായും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇതാണു നേടിയെടുക്കേണ്ട ഫിറ്റ്നസ് ഗോൾ എന്ന നിലയിലേക്ക് പെൺകുട്ടികൾ ചെന്നെത്തിയിരിക്കുകയാണെന്നും ഇത്രയും കുറഞ്ഞ വെയ്സ്റ്റ് സൈസ് സ്വന്തമാക്കാനുള്ള ശ്രമം അപകടകരവും അനാരോഗ്യകരവുമാണെന്നും പറയുന്നു അവർ.