ഷോപ്പിങ്ങിനെത്തിയ പെൺകുട്ടിയെ കണ്ടു ഫോട്ടോഗ്രാഫർ ഞെട്ടി, ചറപറാ ക്ലിക്ക്, സംഗതി വൈറൽ

പരമ്പരാഗത വസ്ത്രമണിഞ്ഞ് സൂപ്പർ മാർക്കറ്റിലെത്തിയ പെൺകുട്ടി

സ്വീഡിഷ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ യോൺ പെർസൺ ഹിംബ ഗോത്രത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി തയ്യാറാക്കാനാണു നമീബിയയിലെത്തിയത്. ഒരു ദിവസം അൽപം ഷോപ്പിംഗ് ആകാമെന്നു കരുതിയാണ് അവിടുത്തെ സൂപ്പർമാർക്കറ്റിൽ യോണ്‍ പോയത്. ഷോപ്പിങ്ങിനിടയിലാണ് സൂപ്പർമാർക്കറ്റിലെ സാധനങ്ങൾക്കിടയിലൂടെ ട്രോളിയും തള്ളി വരുന്ന ഒരു പെൺകുട്ടിയെ കണ്ടത്. സോപ്പുപൊടികൾ നിറച്ച റാക്കിലൂടെ ആത്മവിശ്വാസത്തോടെ നടന്നു വരുന്ന ആ പെൺകുട്ടിയെ കൗതുകത്തോടെയല്ലാതെ നോക്കാനാവില്ലായിരുന്നു. കാരണം തീർത്തും പരമ്പരാഗതമായ ഗോത്രവസ്ത്രമണിഞ്ഞാണ് അവൾ ഷോപ്പിങ് മാളിലെത്തിയിരുന്നത്.

അവളുടെ പുറത്തെ സഞ്ചിയിൽ ഒരു കൊച്ചുകുഞ്ഞുമുണ്ടായിരുന്നു. ഒട്ടും മടിക്കാതെ യോണിലെ ഫൊട്ടോഗ്രാഫറുണർന്നു. യോൺ അവരുടെ ചിത്രങ്ങൾ ചറപറാന്ന് എടുത്തു. ആദ്യം യോൺ ചിത്രമെടുക്കുന്നത് അവൾ കണ്ടില്ല. പിന്നെയവള്‍ക്കത് മനസ്സിലായെന്ന് തോന്നുന്നു. യോണിനു ഞെട്ടലായിരുന്നുവെങ്കില്‍ അവിടെയുള്ളവരെ സംബന്ധിച്ചിടത്തോളം ഇതു സാധാരണ കാഴ്ചയായിരുന്നു. ഹിംബ ഗോത്രത്തിലെ പെണ്‍കുട്ടികൾ എപ്പോഴും ഇങ്ങനെയാണ് നടക്കാറ്, അതിപ്പോൾ ഗ്രാമത്തിലായാലും വലിയ സിറ്റികളിൽ പോയാലും. മറ്റു ഗോത്രത്തിലെ പെണ്‍കുട്ടികളെപ്പോലെ വിദേശികളെ കാണിക്കാനായി അവർ മോഡേൺ വസ്ത്രമൊന്നും ധരിക്കാറില്ലത്രേ.

പലതായി പിരിച്ചുകെട്ടിയ മുടി പൂപോലെ മുഖത്തിന് ചുറ്റും വിടർത്തിയിട്ട്, അമിത സൂര്യപ്രകാശത്തിൽ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാൻ പ്രത്യേകതരം ചെളി ശരീരത്തിൽ പുരട്ടി, ആട്ടിന്‍തോലുകൊണ്ടു നിർമ്മിച്ച വസ്ത്രവുമണിഞ്ഞു കൂളായി ഷോപ് ചെയ്യുകയായിരുന്നു അവൾ. ആ മോഡേണ്‍ വേഷത്തിൽ ന‌ടക്കുന്ന പല പെൺകുട്ടികളുടെയും കവച്ചുവെക്കും വിധത്തിൽ ആത്മവിശ്വാസവുമായി നടക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണു വൈറലായത്.