പുരികം കൊണ്ടൊരു കിടിലൻ ഡാൻസ്, കാരണമായതു നാഗവല്ലി !

അമൃത ജയകുമാർ, മണിച്ചിത്രത്താഴിൽ ശോഭന

നൃത്തത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ ഒരിക്കലും അവസാനിക്കില്ല. അത്രത്തോളം ഭാവഭേദങ്ങളുള്ള കലാരൂപമാണത്. ക്ലാസിക്കൽ, വെസ്റ്റേൺ, ബാലെറ്റ്, ഹിപ്ഹോപ്, ബെല്ലി ഡാൻസ് എന്നിങ്ങനെ എണ്ണിയാലും തീരാത്തത്ര വകഭേദങ്ങളുണ്ട് ഡാൻസിന്. കൈകാലുകൾ കൊണ്ടു തീർക്കുന്ന കാവ്യരചനയാണു നൃത്തം. അപ്പോ ഒരു സംശയം കൈകാലുകൾ ഉപയോഗിക്കാതെ നൃത്തം ചെയ്യാമോ? തീർച്ചയായും അതും പുരികം കൊണ്ട്, പറയുന്നതു തിരുവനന്തപുരം സ്വദേശിയായ അമൃത ജയകുമാർ ആണ്. മലയാളികൾക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഐബ്രോ ഡാന്‍സിനെ പ്രചാരമാക്കിയതിന്റെ ക്രെഡിറ്റ് അമൃതയ്ക്കാണ്. വിവിധ ഗാനങ്ങൾക്കൊപ്പം അനായാസേന പുരികം കൊണ്ടു നൃത്തം ചെയ്യുന്ന അമൃതയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ് ഇപ്പോൾ.

എല്ലാത്തിനും കാരണം ശോഭനയുടെ നാഗവല്ലി

പുരികം കൊണ്ടുള്ള നൃത്തം കൂളായി ചെയ്യുന്ന രീതി പഠിക്കുംമുമ്പ് അമൃതയ്ക്കൊരു കാലമുണ്ടായിരുന്നു. ടിവി സിനിമകളിൽ കണ്ണുംനട്ടിരുന്ന ഒരു കാലം. ആ കാലത്തു കണ്ട ക്ലാസിക് ചിത്രം മണിച്ചിത്രത്താഴാണ് അമൃതയിലെ ഐബ്രോ ഡാൻസറെ വളര്‍ത്തിയത്. ചിത്രത്തിൽ അല്ലിക്ക് ആഭരണം എടുക്കാൻ പോകേണ്ടെന്നു നകുലൻ പറയുമ്പോൾ വിടമാട്ടേ എന്നു പറയുന്ന ഗംഗ അമൃതയുടെ മനസിലെവിടെയോ കയറിക്കൂടി. പുരികം വളച്ചു വിടമാട്ടേ എന്ന ഡയലോഗ് പറയുന്ന നാഗവല്ലിയായി അമൃത വീടിനുള്ളിൽ നിറഞ്ഞൊഴുകി. അപ്പോൾ സഹോദരിയാണ് താൻ അനായാസം പുരികം ഉയർത്തുന്നതിനെക്കുറിച്ചു പറയുന്നത്. അന്നുതൊട്ടു ചെറിയ താളങ്ങൾക്കൊപ്പം പുരികം ഉയർത്തിയും താഴ്ത്തിയും ശീലിച്ചു തുടങ്ങി. സംഗതി തനിക്കു വശമാകുന്നുണ്ടെന്നു മനസിലായതോടെ ആദ്യം പതിയെയുള്ള ഗാനങ്ങൾക്കൊപ്പവും പിന്നീടു സ്പീഡിലുള്ള ഗാനങ്ങൾക്കൊപ്പവും ഐബ്രോ ഡാൻസ് ചെയ്തു ശീലിച്ചു.

വൈറല്‍ ആയപ്പോൾ സീരിയസായി

സത്യത്തിൽ ഐബ്രോ ഡാൻസിനെ താൻ സീരിയസ് ആയി കണ്ടത് അതു സമൂഹമാധ്യമത്തിൽ വൈറൽ ആയപ്പോൾ മാത്രമാണെന്നു പറയുന്നു അമൃത. അതുവരേക്കും ഇതിത്രയും പ്രചാരം ലഭിക്കുന്ന കാര്യമാണെന്ന് അറിഞ്ഞിരുന്നതേയില്ല. സുഹൃത്തുക്കളും വീട്ടുകാരും നിർബന്ധിച്ചപ്പോഴാണ് ഐബ്രോ ഡാൻസ് ചെയ്തുള്ള വി‍ഡിയോ ഫേസ്ബുക്കിൽ അപ്‌ലോഡു ചെയ്യാൻ തീരുമാനിച്ചത്. ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു ലഭിച്ചത്. പലരും വിളിച്ച് അഭിനന്ദിച്ചു, ഒട്ടേറെ പേർ മെസേജുകളിലൂ‌ടെ മനോഹരമായിട്ടുണ്ടെന്നും ഇതു സീരിയസ് ആയി എടുക്കണമെന്നും പറഞ്ഞു. ഇതിനിടയിൽ ഐബ്രോ ഡാൻസ് പൊതുവേദിയിൽ അവതരിപ്പിക്കാമോ എന്നു ചോദിച്ച് ഒരു കൂട്ടര്‍ സമീപിക്കുകയും ചെയ്തു. എന്നാല്‍ താനിതുവരെയും അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നു പറയുന്നു അമൃത.

സംഗീതത്തെ ഏറെ ഇഷ്ടപ്പെ‌ടുന്ന നല്ലൊരു ഗായിക കൂടിയായ അമൃത മാർ ഇവാനിയോസ് കോളേജിൽ നിന്നും പിജി കഴിഞ്ഞ് ഇരിക്കുകയാണിപ്പോൾ. ഇനി ഐബ്രോ ഡാൻസ് ഇത്രയും മനോഹരമായി ചെയ്യുന്നയാളല്ലേ നൃത്തം ചെയ്യുമോയെന്നു ചോദിച്ചാൽ അതിനും അമൃത റെഡിയാണ്. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ലെന്നേയുള്ളു, പക്ഷേ വേണമെങ്കിൽ ഒരു പാട്ടിനു ചുവടുവെക്കാനൊക്കെ കഴിയും. അല്ല, പുരികം കൊണ്ടു മാജിക് തീർക്കുന്നയാള്‍ അതും ചെയ്തില്ലെങ്കിലല്ലേ അത്ഭുതമുള്ളു....