ഗ്യാരേജില്‍ കയറി വന്ന ഭീമൻ അതിഥിയെ കണ്ട് ഉടമ ഞെട്ടി, വിഡിയോ

യുഎസ്  സ്വദേശിയായ ഡാള്‍മറുടെ ഗാരേജിൽ കഴിഞ്ഞ ദിവസം ഒരഥിതി വന്നു. ചോദിക്കാതെയും പറയാതെയും പെട്ടന്നു പ്രത്യക്ഷപ്പെട്ട ഈ കക്ഷിയെ എന്തു ചെയ്യണം എന്നറിയാതെ ഡാള്‍മര്‍ ശരിക്കും കുടുങ്ങി. 8 അടി നീളവും 300 പൗണ്ട് ഭാരവും കണക്കാക്കപ്പെടുന്ന ഒരു ഭീമൻ ചീങ്കണ്ണിയാണ് ഡാള്‍മറുടെ ഗാരേജിൽ എത്തിയത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് ചീങ്കണ്ണി ഡാള്‍മറുടെ കണ്ണിൽപ്പെടുന്നത്. ഗാരേജിന്റെ നില്‍ക്കുകയായിരുന്ന ഡാള്‍മര്‍ അകത്തെന്തോ  ശബ്ദം കേട്ടാണു  നോക്കിയത്. അപ്പോഴതാ പഴയ ഒരു ജീപ്പിനോട് ചേർന്ന് കിടക്കുന്നു ഭീമാകാരനായ ചീങ്കണ്ണി. ആദ്യം അൽപം ഭയന്നെങ്കിലും ഡാള്‍മര്‍ വലിയ വടി ഉപയോഗിച്ച് ചീങ്കണ്ണിയെ മുന്നോട്ടു കുതിക്കുന്നതിൽ നിന്നും തടഞ്ഞു.

എന്നാല്‍ ആക്രമണകാരിയായ ചീങ്കണ്ണി ഗാരേജിലെ സാധനങ്ങള്‍  വാലുകൊണ്ട് അടിച്ച് തെറിപ്പിച്ചു. മാത്രമല്ല  ഡാള്‍മറിനെ ആക്രമിക്കാന്‍ മുന്നോട്ടു വരികയും ചെയ്തു. എന്നാൽ ചീങ്കണ്ണി തട്ടിയിട്ട വസ്തുക്കൾ അതിന്റെ തന്നെ മേൽ വന്നു വീണതിനാൽ അതിനു കൂടുതൽ അനങ്ങാൻ സാധിച്ചില്ല.  ഒടുവിൽ പേടിച്ചരണ്ട ഡാൾമർ സഹായത്തിനായി സുഹൃത്തിനെ വിളിക്കുകയായിരുന്നു. 

ഗാരേജിൽ എത്തിയ സുഹൃത്ത്  ഉടന്‍ തന്നെ പോലീസിനെ വിളിച്ചു വരുത്തി. വിവരമറിഞ്ഞ പോലീസുകാര്‍ ചീങ്കണ്ണിയെ പിടികൂടാനുള്ള ആളുകളുമായാണ് എത്തിയത്.ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഗാരേജില്‍ നിന്നു ചീങ്കണ്ണിയെ പിടികൂടി. പിടികൂടിയ ചീങ്കണ്ണിയെ ടെക്‌സസിലെ ചീങ്കണ്ണി ഫാമിലേക്കു മാറ്റി. ചീങ്കണ്ണിയെ പിടികൂടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.