കണ്ണു നനയ്ക്കും ഈ വിഡിയോ, കാഴ്ചയുടെ മഹത്വം!

കണ്ണുള്ളവനു കണ്ണിന്റെ വിലയറിയില്ല എന്ന ചൊല്ലു കേട്ടിട്ടില്ലേ... ശരിയാണത് കണ്ണുള്ള നമ്മളാരെങ്കിലും കണ്ണില്ലാത്തവനെക്കുറിച്ചു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാഴ്ച എന്ന സൗഭാഗ്യത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വിഡിയോ കണ്ടാൽ നാമേവരും ഒരേ സ്വരത്തിൽ പറയും കാഴ്ച ഒരു വലിയ അനുഗ്രഹം തന്നെയാണെന്ന്. നാലുമാസം പ്രായമുള്ള ഒരു കുഞ്ഞ് ആദ്യമായി തന്റെ അമ്മയെ കാണുന്ന കാഴ്ചയാണ് കണ്ണുകളെ ഈറനണിയിക്കുന്നത്.

വാഷിങ്ടൺ സ്വദേശിയായ ഡേവിഡിന്റെ മകൻ നാലുമാസം പ്രായമുള്ള ലിയോപോൾ‍ഡ് ആണ് കാഴ്ചവൈകല്യത്തെ മറികടന്ന് ഇപ്പോൾ അച്ഛനമ്മമാരെ നേരിട്ടു കണ്ടത്. ഒക്യുലോക്യുട്ടേനിയസ് ആൽബിനിസം എന്ന അപൂർവ രോഗം മൂലം ജന്മനാ ശരിയായ കാഴ്ച്ചയില്ലാതിരുന്ന കുഞ്ഞ് പ്രത്യേക കണ്ണടയിലൂ‌ടെ തന്റെ അമ്മയെയും അച്ഛനെയും ആദ്യമായി കാണുകയാണ്.

കണ്ണടവച്ച് ഏതാനും നിമിഷം അന്ധാളിച്ചിരുന്ന ലിയോ പിന്നീട് തല പതിയെ ഉയർത്തി അമ്മ വിളിക്കുന്നയി‌ടത്തേക്ക് പുഞ്ചിരിയോടെ നോക്കുകയായിരുന്നു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചതിനു ശേഷമാണ് ഡേവിഡും ഭാര്യയും ഈ അപൂർവ നിമിഷം വി‍ഡിയോയിൽ പകർത്തിയത്. മകന്‍ തങ്ങളെ കണ്ട നിമിഷത്തെ കാമറയിൽ പകർത്തുമ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നുവെന്ന് ഡേവിഡ് പറഞ്ഞു.