ശരീരം രണ്ടായി മുറിഞ്ഞിട്ടും ആ യുവാവ് പറഞ്ഞു, എന്റെ കണ്ണുകൾ ദാനം ചെയ്യണം

ഹരീഷ് നഞ്ചപ്പ

എത്രയൊക്കെ പുരോഗമനം കൈവന്നിട്ടും മനുഷ്യത്വം െതാട്ടുതീണ്ടാത്ത കാഴ്ചകളാണ് നാൾക്കുനാൾ കണ്ടുകൊണ്ടിരിക്കുന്നത്. മരണത്തോടു മല്ലിട്ടു നടുറോഡിൽ കിടന്നു എത്ര തേങ്ങിവിളിച്ചാലും കണ്ടില്ലെന്നു നടിച്ചു പോകുന്നവരാണ് ഏറെയും. സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി പായുമ്പോൾ ജീവനു വേണ്ടി കേഴുന്ന സാധുക്കള്‍ക്കു വേണ്ടി കളയാൻ എവിടെ സമയം. ഇത്തരത്തിലൊരു ക്രൂരമായ സംഭവത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബാംഗ്ലൂർ നഗരം. ശരീരം രണ്ടായി വേർപെട്ട് ഇരുപതു മിനുട്ടോളം നടുറോഡിൽ കിടന്നു കേണിട്ടും ഒരൊറ്റ മനുഷ്യൻ തിരിഞ്ഞു നോക്കിയില്ല. തന്റെ ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പായ ആ യുവാവ് ഉറക്കെ ഉരുവിടുന്നുണ്ടായിരുന്നു, ഞാൻ മരിക്കുമെന്നുറപ്പാണ് എന്റെ കണ്ണുകൾ ദാനം ചെയ്യണേ...

ഇരുപത്തിനാലുകാരനായ ഹരീഷ് നഞ്ചപ്പയാണ് നടുറോഡിൽ കിടന്നു പിടഞ്ഞു മരിച്ച ആ യുവാവ്. തിരിഞ്ഞു നോക്കാതെ പോയ മുഖങ്ങളെല്ലാം ലജ്ജിക്കണം മരണത്തിനുമുന്നിലും മനുഷ്യത്വം കൈവിടാത്ത ഹരീഷ് എന്ന യുവാവിനെ.

സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഹരീഷ് ജോലിക്കു വേണ്ടി ബാംഗളൂരുവിലേക്കു വരുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിനു പിന്നിൽ ഒരു ട്രക്ക് ആഘാതത്തിൽ വന്നിടിക്കുകയും ഹരീഷിന്റെ ശരീരത്തിനു മുകളിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ശരീരം അരയ്ക്കു താഴെ നിന്ന് രണ്ടായി വേർപെട്ട ഹരീഷ് ഇരുപതു മിനുട്ടോളം സഹായത്തിനു വേണ്ടി നിലവിളിച്ചു. തന്നെ രക്ഷിക്കണമെന്നല്ല മറിച്ച് താൻ മരിക്കും തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്നായിരുന്നു ഹരീഷ് ഉറക്കെ വിളിച്ചു പറഞ്ഞത്. അൽപം കഴിഞ്ഞെത്തിയ ആംബുലൻസിൽ ഹരീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചിരുന്നു. െഹൽമറ്റ് ധരിച്ചതിനാൽ ഹരീഷിന്റെ കണ്ണുകൾക്ക് യാതൊന്നും സംഭവിച്ചിട്ടില്ലെന്നും അവ ദാനം ചെയ്യാൻ യോഗ്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.