ഒബാമയുടെ കിടിലന്‍ ഡാന്‍സ്, വിഡിയോ വന്‍ ഹിറ്റ്

ബറാക് ഒബാമ

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ലോകം മുഴുവന്‍ വലിയ ആരാധകക്കൂട്ടം തന്നെയുണ്ട്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യരാജ്യത്തെ അദ്ദേഹം നയിച്ചത് ചേഞ്ച് എന്ന കിടിലന്‍ കാംപെയ്‌നുമായി എത്തിയാണ്. അന്നുമുതല്‍ തുടങ്ങിയതാണ് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ ബറാക് ഒബാമയ്ക്കുള്ള സ്വാധീനം. അമേരിക്കയുടെ പ്രസിഡന്റ് പദമൊഴിഞ്ഞ ശേഷം ഒബാമ എന്തെല്ലാം ചെയ്യുന്നുവെന്ന് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഒബാമ വൈറ്റ് ഹൗസ് വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നു വരെ നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞുവച്ചിരുന്നു.

എന്നാല്‍ ഇതൊന്നും ഒബാമ ആരാധകര്‍ക്കു വിഷയമല്ല. ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായി നില്‍ക്കുന്നത് രണ്ടു കാര്യങ്ങളാണ്, ഒന്ന് ഒബാമ ഫ്രഞ്ച് പ്രസിഡന്റാകണമെന്ന പ്രചരണങ്ങള്‍. അത് വൈറലായി കഴിഞ്ഞപ്പോഴാണ് അടുത്തതെത്തിയത്. ഇതുകണ്ടാല്‍ ആരുമൊന്നു ഞെട്ടും. കരുത്തുറ്റ രാഷ്ട്രത്തെ നയിക്കാനും മാറ്റം പ്രസംഗിക്കാനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും മാത്രമല്ല തനിക്കറിയുക, നന്നായി ഡാന്‍സ് കളിക്കാനും സാധിക്കുമെന്നു തെളിയിച്ചിരിക്കുകയാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ്. 

അതെ, ഒബാമായുടെ കിടിലന്‍ ഡാന്‍സ് വിഡിയോ ആണ് ഇന്ന് ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 12 സെക്കന്‍ഡ് മാത്രമാണ് ഒബാമയുടെ ഡാന്‍സ് വിഡിയോയുടെ ദൈര്‍ഘ്യം. എന്നാല്‍ ട്വിറ്ററിലെ ആരാധകര്‍ ഇത് ആഘോഷമാക്കുകയാണ്. ഏറ്റവും ആരാധ്യനായ പ്രസിഡന്റ് എന്നും ഐ ലവ് യു ഒബാമയെന്നുമെല്ലാം ട്വീറ്റുകള്‍ പ്രവഹിക്കുകയാണ്. ഒബാമയുടെ ഡാന്‍സില്‍ യുവാക്കള്‍ കോരിത്തരിക്കുന്നതു കണ്ട് ട്രംപ് എങ്ങാനും പുതിയ വല്ല സാഹസത്തിനും മുതിരുമോയെന്ന പേടിയിലാണ് അമേരിക്കന്‍ ജനത!