സുന്ദരി പോസ്റ്റിട്ടോ, പക്ഷേ പ്രസിഡന്റിനെ തൊട്ടു കളിക്കരുത്!

മാർവെ ബുയുക്‌സറാക്

തുർക്കി പ്രസിഡന്റ് തയീപ് എർദോഗനെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കവിത പോസ്റ്റ് ചെയ്ത തുർക്കി സുന്ദരി മാർവെ ബുയുക്‌സറാക് കുറ്റക്കാരിയെന്നു കോടതി. പ്രസിഡന്റിനെ ‘പരസ്യമായി അപമാനിക്കുന്ന’ കവിത പോസ്റ്റ് ചെയ്തതിന് ഇരുപത്തേഴുകാരി മാർവെയ്ക്ക് ഒരു വർഷത്തെ തടവുശിക്ഷയാണു വിധിച്ചിരിക്കുന്നത്. ശിക്ഷ ഉടനെ നടപ്പാക്കില്ല.

തുർക്കി ദേശീയഗാന വരികളുടെ പാരഡിയെന്നോണം ആരോ എഴുതിയ ‘മാസ്റ്റേഴ്സ് പോയം’ എന്ന കവിതയാണ് രണ്ടു വർഷം മുൻപ് മാർവെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടി‍ൽ പോസ്റ്റ് ചെയ്തത്. അന്ന് എർദോഗൻ പ്രസിഡന്റല്ല, പ്രധാനമന്ത്രിയായിരുന്നു.

‘ബിഗ് മാസ്റ്റർ’ എന്ന് അർഥമുള്ള ‘ബുയുക് ഉസ്ത’ എർദോഗന്റെ ഇരട്ടപ്പേരായി പലപ്പോഴും ഉപയോഗിക്കുന്നതിനാലാണ് ‘മാസ്റ്റേഴ്സ് പോയം’ എന്നു കവിതയ്ക്കു പേരു വന്നത്.