ഒരു കാർ ലക്ഷ്യമാക്കി ഒന്നും രണ്ടുമല്ല, 24000 തേനീച്ചകൾ...!!!

കാറിനെ പൊതിഞ്ഞിരിക്കുന്ന തേനീച്ചക്കൂട്ടം

തേനീച്ചക്കുട്ടങ്ങളുെട ഒരുമ അതൊന്നു വേറെ തന്നെയാണ്. തങ്ങളുടെ റാണിയ്ക്കു വേണ്ടി ജീവൻ കൊടുക്കാൻ പോലും തയ്യാറാണ് തേനീച്ചകൾ. അതുകൊണ്ടു തന്നെയാണ് ഒരു കാറിനുള്ളിൽ റാണി തേനീച്ച കുടുങ്ങിയപ്പോൾ ബാക്കിയുള്ള തേനീച്ചക്കൂട്ടങ്ങളാകെ ആ കാറിനെ പിന്തുടർന്നത്. കാറിനുള്ളിൽ കുടുങ്ങിയ റാണി തേനീച്ചയെ രക്ഷിക്കാന്‍ തേനീച്ചക്കുട്ടങ്ങളൊന്നാകെ കാറിനെ പിന്തുടർന്നത് ഇരുപത്തിനാലുമണിക്കൂറാണ്. അതും ഒന്നും രണ്ടുമല്ല ഏകദേശം ഇരുപതിനായിരത്തോളം തേനീച്ചകൾ.

കാരോൾ ഹൊവാർത് എന്ന അറുപത്തിയെട്ടുകാരിയുടെ മിറ്റ്സുബിഷി ഔട്ട്ലാൻഡറിലണ് റാണി തേനീച്ച കുടുങ്ങിയത്. എന്നാൽ എപ്പോഴാണു റാണി കയറിപ്പറ്റിയതെന്നു കരോളിനൊരു നിശ്ചയവുമില്ല. നാച്വർ റിസർവിൽ സന്ദര്‍ശിക്കവേയാകാം റാണി കുടുങ്ങിയതെന്നാണു കരോളിന്റെ നിഗമനം, ശേഷം ഹേവർഫോർഡ്‌വെസ്റ്റിലെത്തി കാരോൾ ഷോപ്പിങ് ചെയ്യാൻ പോയപ്പോഴേയ്ക്കും ആയിരക്കണക്കിനു തേനീച്ചക്കുട്ടങ്ങള്‍ കാറിനു ചുറ്റും വളഞ്ഞു. കാറിനെ ചുറ്റി തേനീച്ചകൾ പറക്കുന്നതു ആദ്യം കണ്ടത് നാഷണൽ പാർക്ക് റേഞ്ചർ ആയ ടോം മോസെസ് ആണ്.

കാറിനു പുറകിൽ ബ്രൗൺ നിറത്തിൽ കൂടിക്കിടക്കുന്നത് എന്താണെന്നാണ് ആദ്യം ശ്രദ്ധിച്ചത്. അവ തേനീച്ചകളാണെന്നു മനസിലായതോടെ ഇനിയവ ആരെയെങ്കിലും ഉപദ്രവിക്കുമോയെന്നും ടോം ഭയന്നു. തുടർന്ന് മൂന്നു ബീകീപ്പർമാരും ടോമും ചേർന്ന് തേനീച്ചക്കൂട്ടത്തെ കാർഡ്ബോർഡ് പെട്ടിയിലേക്കാക്കുകയായിരുന്നു. തകൃതിയായി ഷോപ്പിങ് ന‌ടത്തുന്ന കാരോൾ ഇതൊന്നും അറിഞ്ഞതുമില്ല. തിരിച്ചു വന്നപ്പോൾ തന്റെ വണ്ടിയ്ക്കു മുന്നിൽ നിൽക്കുന്ന ആൾക്കൂട്ടത്തെ കണ്ടപ്പോഴാണ് കാരോൾ ഞെട്ടിയത്. എന്താണെന്നു നോക്കാൻ അടുത്തു വന്നപ്പോൾ ദാ തന്റെ വണ്ടിയെ പൊതിഞ്ഞിരിക്കുന്നു പതിനായിരക്കണക്കിനു തേനീച്ചകള്‍.

തേനീച്ചകളെയെല്ലാം നീക്കി വണ്ടിയുമെ‌ടുത്തു സമാധാനത്തോടെ കാരോൾ വീട്ടിലേക്കു പോയി തൊട്ടടുത്ത ദിവസം എഴുന്നേറ്റപ്പോൾ വണ്ടിയ്ക്കു പുറകിൽ വീണ്ടും തേനീച്ചക്കൂട്ടങ്ങൾ. തുടർന്നു രണ്ടാമതും ബീകീപ്പർമാരെ വിളിച്ചുവരുത്തി അവയെ നീക്കം ചെയ്യുകയായിരുന്നു. റാണി തേനീച്ച അകത്തുണ്ടായതിനാലാണ് ബാക്കിയുള്ളവ തന്റെ വണ്ടിയെ പിന്തുടരുന്നതെന്നാണ് ബീകീപ്പർമാർ പറഞ്ഞതെന്ന് കാരോൾ പിന്നീടു പറഞ്ഞു.