പലതരത്തിലുള്ള പ്രൊപോസൽ വിഡിയോകൾ നാം കണ്ടിട്ടുണ്ട‌്. കാമുകിക്കു സര്‍പ്രൈസ് സമ്മാനങ്ങൾ നൽകി പ്രൊപോസ് ചെയ്യുന്ന കാമുകന്മാരാണ് ഏറെയും. ചില വിഡിയോകള്‍ കാണുമ്പോൾ തന്നെ തലതല്ലി ചിരിക്കാന്‍ തോന്നും, അത്രത്തോളം തമാശയായിരിക്കും അവയിലൊക്കെ. പക്ഷേ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പ്രൊപോസൽ വിഡിയോ അതിൽ നിന്നൊക്കെ വ്യത്യസ്തമാണ്, എത്ര മനക്കട്ടിയോടെ ഇരിക്കുന്നവർക്കും അറിയാതെ കണ്ണുനിറഞ്ഞു പോകും ഈ വിവാഹാഭ്യര്‍ഥന കണ്ടാൽ. അതിനുകാരണം മറ്റൊന്നുമല്ല ഇവിടെ കാമുകനും കാമുകിയും ഡൗൺസിൻഡ്രോം ബാധിച്ചവരാണ്, അവരുടെ നിഷ്കളങ്ക പ്രണയമാണു ഹൃദയം തൊടുന്നത്.
ഡാനിയും ആഷ്‌ലിയും ഡൗൺസിൻഡ്രോം ബാധിച്ചു ജനിച്ചവരാണ്. ആഷ്‌ലിയുടെ ഇരുപത്തിയൊന്നാം പിറന്നാളിന്റെ ചടങ്ങിനിടയിലാണ് ഡാനി സർപ്രൈസ് ആയി വിവാഹാഭ്യർഥന നടത്തിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സമ്മാനപ്പൊതികൾ ഓരോന്നായി തുറക്കുകയായിരുന്നു ആഷ്‌ലി. അതിനിടയിലാണ് ഡാനി സമ്മാനിച്ച ഡയമണ്ട് റിങ് കാണുന്നത്. അപ്രതീക്ഷിതമായുള്ള ഡാനിയുടെ സമ്മാനം കണ്ടു ആഷ്‌ലി സ്വയംമറന്ന് ആഹ്ലാദിക്കുകയാണ്. ഡയമണ്ട് റിങ് നൽകി പരമ്പരാഗത രീതിയില്‍ കാൽമുട്ടിലിരുന്നാണ് ഡാനി കിടിലനായി 'വിൽ യു മാരീ മീ' എന്നു ചോദിക്കുന്നത്. ഈ സമയമൊക്കെയും ആനന്ദാധിക്യത്താൽ ഉറക്കെ ചിരിക്കുന്ന ആഷ്‌ലിയെ കാണാം.
ആഷ്‌ലിയുടെ സഹോദരി കോർട്നീ ഗ്രാൻഹാഗ് ആണ് വിഡിയോ റെക്കോർഡു ചെയ്തത്. ഇപ്പോൾ ഇരുവർക്കും 21 വയസു മാത്രമേ പ്രായമായിട്ടുള്ളു, നാലുവർഷത്തിനുള്ളിൽ ഇരുവരും വിവാഹിതരാകുമെന്ന് കോര്‍ട്നി പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി പ്രണയത്തിലുള്ള ആഷ‌്‌ലിയും ഡാനിയും പഠിച്ചതും ജോലി ചെയ്തതുമെല്ലാം ഒരുമിച്ചായിരുന്നു.