സദാചാര പോലീസുകാർക്കു ചുട്ടമറുപടിയുമായി കലക്ടർ ബ്രോ

കോഴിക്കോട് കലക്ടർ എൻ പ്രശാന്ത്

സമൂഹത്തിലെ പ്രശ്നങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ കൂടി പ്രതികരണം എന്നു പഠിപ്പിച്ച കലക്ടറാണ് കോഴിക്കോടിന്റെ സ്വന്തം കലക്ടര്‍ ബ്രോ എൻ. പ്രശാന്ത്. സാമൂഹിക പരിവർത്തനങ്ങൾക്കും സഹായങ്ങൾക്കുമെല്ലാം കലക്ടറുടെ ഫേസ്ബുക്ക് മാധ്യമമാകാറുണ്ട്. ഇപ്പോഴത്തെ വിശേഷം മറ്റൊന്നുമല്ല കൂൺ പോലെ മുളച്ചു പൊന്തുന്ന സദാചാര പോലീസുകാർക്കു ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് കലക്ടർ ബ്രോ. കൺമുന്നിലെ പട്ടിണി പാവങ്ങൾക്കു സഹായം നല്‍കാത്ത, അപകടം കാണുമ്പോൾ വഴിതിരിഞ്ഞു പോകുന്ന സഹജീവികളോടു അനുകമ്പയില്ലാത്ത വിരലിലെണ്ണാവുന്ന ചില ചെറുപ്പക്കാർ സദാചാരം പഠിപ്പിക്കാനിറങ്ങിയിരിക്കുകയാണെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടായിരിക്കുമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. കലക്ടർ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

''ഈ പോസ്റ്റിനു രണ്ടു ഭാഗങ്ങളുണ്ട്‌. ഒന്നാം ഭാഗം ഒരു അഭ്യർത്ഥനയാണു. ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിനു ഒരു സമൂഹത്തിൽ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങൾക്ക്‌ പരിധിയില്ല.‌ ഇത്തരം സാദ്ധ്യതകളിലേക്ക്‌ ഉയരാവുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ഒട്ടനവധി പ്രവർത്തനങ്ങൾക്ക്‌ കോഴിക്കോട്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. നമുക്കിത്‌ തുടരാം. ഇത്‌ എല്ലാവരോടുമായിട്ട്‌. രണ്ടാമത്തേത്‌ ഒരു മുന്നറിയിപ്പാണു.വിരലിലെണ്ണാവുന്ന ചില ചെറുപ്പക്കാരോട്‌. കണ്മുന്നിലെ പട്ടിണിപ്പാവങ്ങളെ കാണുമ്പൊ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട്‌ കണ്ടാൽ പ്രതികരിക്കാത്ത, അയൽപക്കത്ത്‌ കള്ളൻ കയറിയാൽ പ്രതികരിക്കാത്ത, റോഡരികിൽ അപകടം കണ്ടാൽ ഇടപെടാത്ത ഒരു പറ്റം യുവാക്കൾ, സംസ്കാരം തകരുന്നുണ്ടോ എന്ന് കണ്ണിൽ എണ്ണ ഒഴിച്ച്‌ ജാഗരൂകരായി പ്രതികരിക്കാൻ തക്കം നോക്കിയിരിക്കുന്നു! ഒളിഞ്ഞ്‌ നോട്ടവും നാട്ടിൽ സദാചാര 'പോലീസ്‌' ചമയലും നന്നല്ല. അതു വേണ്ട. കർശ്ശന നടപടിയുണ്ടാവും''