ഭക്ഷണം കഴിക്കാത്തതിന് സ്പൂൺ ചൂടാക്കി പൊള്ളിക്കൽ ; അനാഥാലയത്തിൽ നിന്നും ഞെട്ടിക്കുന്ന വിഡിയോ

കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. സ്വകാര്യ ഇടങ്ങളിലും പൊതുയിടങ്ങളിലുമെല്ലാം അവർ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ കുട്ടികള്‍ക്കു നേരെയുള്ള ക്രൂരതയെ വെളിവാക്കുന്നതിന്റെ ഞെട്ടിക്കുന്ന വിഡിയോ ആണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. തെലങ്കാനയിലെ അനാഥ മന്ദിരത്തിലെ കുട്ടികളാണ് ജീവനക്കാരിൽ നിന്നും പീഡനങ്ങൾക്കിരയാകുന്നത്. ഭക്ഷണം കഴിക്കുവാൻ വിസമ്മതിക്കുന്ന കുഞ്ഞുങ്ങളെ തീയിൽ വച്ചു പൊള്ളിച്ച സ്പൂൺ വച്ചാണ് ജീവനക്കാർ അനുസരിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയെങ്കിലും നടന്നതിനെ അംഗീകരിക്കാന്‍ ജീവനക്കാർ തയ്യാറായിരുന്നില്ല.

എന്നാൽ എത്ര നിഷേധിച്ചാലും ക്രൂരതയുടെ നേർചിത്രം നൽകുകയാണ് സ്ഥാപനത്തിൽ വച്ചിരുന്ന സിസിടിവി. കുട്ടികളിൽ പലരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കാണാമായിരുന്നു. കുട്ടികൾ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ജീവനക്കാർ സ്പൂൺ ചൂടാക്കി ശരീരത്തിൽ വച്ചത്. ദൃശ്യങ്ങളിൽ കാണുന്നവരില്‍ പലരും അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുമാണ്. ജീവനക്കാര്‍ സംഭവം നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ കാര്യങ്ങൾ വ്യക്തമായകിനാൽ ശക്തമായ നടിപടിയുമായി മുന്നോട്ടു പോകുമെന്ന് കരിംനഗർ പ്രോജക്ട് ഡയറക്ടർ മോഹൻ റെഡ്ഡി പറഞ്ഞു.