കുട്ടികളെ ബിക്കിനിയണിയിച്ചു ഫാഷൻ ഷോ; വൻ പ്രതിഷേധം

ഫാഷൻ ഷോയിൽ ബിക്കിനിയണിഞ്ഞു റാംപിൽ ന‌ടക്കുന്ന കുട്ടികൾ

കുട്ടികളെ ബിക്കിനിയണിയിച്ചു റാംപിൽ നടത്തിയ ഫാഷൻ ഷോ വൻ വിവാദത്തിൽ. മിയാമി ഫാഷൻ വീക്കില്‍ സ്വിംസ്യൂട്ട് നിർമാതാക്കളായ ഹോട്ട് അസ് ഹെൽ ആണ് സ്കൂൾ കുട്ടികളെ ടു പീസ് ബിക്കിനിയണിയിച്ചു ഫാഷൻ ഷോ നടത്തിയത്. ബിക്കനിയണിഞ്ഞ യുവതികൾക്കൊപ്പമായിരുന്നു കുട്ടികളുടെയും ഫാഷൻ ഷോ. ചിത്രങ്ങൾ #Spring2017 എന്ന ഹാഷ്ടാഗിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. അതോടെയാണു പ്രതിഷേധം സൂനാമിയായി ആഞ്ഞടിച്ചത്.

മുതിർന്നവർ എന്തു വേണമെങ്കിലും ധരിച്ചോട്ടെ, നാട്ടുകാരുടെ മുൻപിൽ കുട്ടികളെ ബിക്കിനിയണിയിച്ചു നിർത്തുക, എന്നിട്ട് അതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുക എന്ന നിലപാടായിരുന്നു ഫാഷൻ ഷോ സംഘടിപ്പിച്ച അധികൃതരുടേത്. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ശിശുക്ഷേമ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധ പോസ്റ്റുകളിൽ പലതും വായിക്കാൻ കൊള്ളാത്തതുകൊണ്ടു കമ്പനി അധികൃതർ തന്നെ നീക്കം ചെയ്തു.

അതേസമയം, ക്യൂട്ട്, സ്വീറ്റ് തുടങ്ങിയ വാക്കുകളുമായി കുട്ടിമോഡലുകളെ പ്രോൽസാഹിപ്പിച്ചവരുമുണ്ട്. എന്തായാലും മറ്റു കമ്പനികൾ സൂക്ഷിക്കുക. കുട്ടികളെ ബിക്കിനിയണിയിച്ചു വെറുതെ പുലിവാലു പിടിക്കേണ്ട.