കൊച്ചിയിലെ ട്രാഫിക് ജാമൊക്കെ എന്ത്...!!

ട്രാഫിക് സിഗ്നലിലെ ചുവപ്പൊന്ന് പച്ചയാകുന്നതും കാത്ത് ഏതാനും മിനിറ്റുകൾ നിൽക്കുമ്പോൾ തന്നെ ആകെ മൊത്തം ഒരു അസ്വസ്ഥതയാണ്. ചോറുണ്ണതിനിടെ ആരോ തൊണ്ടയ്ക്ക് കുത്തിപ്പിടിച്ചതു പോലെ. കൊച്ചിയിലാണെങ്കിൽ മെട്രോ നിർമാണം കാരണം ട്രാഫിക് ആകെ താറുമാറായി കിടക്കുന്നു– ‘എല്ലാം നിങ്ങളുടെ നന്മയ്ക്കു വേണ്ടിയല്ലേ..’ എന്ന പരസ്യവാചകം വരെ പുറത്തിറക്കേണ്ടി വന്നു അധികൃതർക്ക്. പക്ഷേ നമ്മൾ ഇതുവരെ കണ്ട ട്രാഫിക് ജാം ഒക്കെ എന്ത്...

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ കഴിഞ്ഞ ദിവസമുണ്ടായ ഒരു ട്രാഫിക് ജാമിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ട്രെൻഡായിക്കഴിഞ്ഞു. 2200 കിലോമീറ്ററോളം വരുന്ന റോഡിൽ കാത്തുകെട്ടിക്കിടക്കുന്ന ആയിരക്കണക്കിനു വാഹനങ്ങൾ. ഒരു ഡ്രോൺ ഉപയോഗിച്ച് ആ കാഴ്ച പകർത്തിയപ്പോൾ അതിന് ആ കുരുക്കിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് പറന്നുപൂർത്തിയാക്കാൻ പോലും സാധിച്ചില്ല. ലോകത്തിൽ ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും ഭീകരമായ ഗതാഗതക്കുരുക്കിന്റെ പട്ടികയിലേക്കും ഇതു കയറിപ്പറ്റി. ജി4 ബെയ്ജിങ്–ഹോങ്കോങ്–മക്കാവു എക്സ്പ്രസ് വേയിലായിരുന്നു ഒക്ടോബർ ആറിന് ഉച്ചയ്ക്ക് രണ്ടോടെ ഈ കുരുക്കുണ്ടായത്.

ഒന്നു മുതൽ ഏഴു വരെയുള്ള ചൈനീസ് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ജനങ്ങളെല്ലാം കൂട്ടത്തോടെ വിനോദയാത്രയ്ക്കും മറ്റുമായി പുറത്തിറങ്ങിയ സമയമായിരുന്നു അത്. ടൂറിസം വകുപ്പിന്റെ കണക്കു പ്രകാരം ഏകദേശം 75 കോടി ജനങ്ങളാണ് ഈ സമയത്ത് ഒഴിവുകാല ആഘോഷത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോവുക. ആഘോഷമെല്ലാം കഴിഞ്ഞ് പലരും ബെയ്ജിങ്ങിലേക്ക് തിരികെപ്പോകുമ്പോഴായിരുന്നു ഈ കുരുക്ക്.

50 വരികളായിട്ടാണ് ജി4 എക്സ്പ്രസ് വേയുടെ നിർമാണം. പക്ഷേ പുതുതായി നിർമിച്ച ഒരു ടോൾഗേറ്റിന്റെ സൗകര്യമനുസരിച്ച് നടത്തിയ ചെറിയൊരു ഗതാഗത പരിഷ്കാരമാണ് പണി തന്നത്. 50 വരിയിലെ യാത്രയെന്നത് ആ ടോൾബൂത്തിനടുത്ത് വച്ച് 20 വരിയിലേക്കു മാറ്റി. അതോടെ യാത്ര ഒരു കുപ്പിക്കഴുത്തു പോലെയായി. ഒന്നിനുപിറകെ ഒന്നായി ആയിരക്കണക്കിന് വാഹനങ്ങൾ കാത്തുനിൽക്കെയാണ് സംഭവം. എന്തായാലും എക്സ്പ്രസ് വേയിൽ അതോടെ മൈലുകളോളം കുരുക്കിന്റെ പൊടിപൂരം. മണിക്കൂറുകളോളമാണ് വാഹനങ്ങൾ വഴിയിൽ കിടന്നത്. എപ്പോഴാണ് ഈ കുരുക്കു തീർന്ന് ഗതാഗതം സുഗമമായതെന്ന വാർത്ത അധികൃതർ പുറത്തുവിട്ടിട്ടില്ല. 2010 ഓഗസ്റ്റ് 10ന് ചൈനയിലെ ജി6 ബെയ്ജിങ്–ടിബറ്റ് എക്സ്പ്രസ് വേയിലുണ്ടായ ഗതാഗതക്കുരുക്കാണ് ഇന്നുവരെ ലോകത്തിലുണ്ടായതിൽ വച്ച് ഏറ്റവും വലുത്. അന്ന് 100 കി.മീ. വരെ ദൂരത്തിലാണ് വാഹനങ്ങൾ കാത്തുകെട്ടിക്കിടന്നത്. ആ കുരുക്കൊന്ന് അഴിച്ചു തീർത്തതാകട്ടെ 12 ദിവസങ്ങൾ കഴിഞ്ഞും. അന്ന് പല ഡ്രൈവർമാരും അഞ്ച് ദിവസം വരെയാണ് റോഡിൽ കിടന്നത്.