താഴേക്കു നോക്കല്ലേ... തല കറങ്ങും... !

കോയ്‌ലിങ് ഡ്രാഗൺ ക്ലിഫ്

ഒരേ രീതിയിലുള്ള ജീവിതം എപ്പോഴും മനംമടുപ്പിക്കുന്നതായിരിക്കും. ഇത്തിരിയെങ്കിലും വ്യത്യസ്തത കൊണ്ടുവരുമ്പോഴേ ജീവിക്കുന്നതിന് ഒരു അര്‍ഥമുണ്ടെന്നൊക്കെ തോന്നൂ. യാത്രകളിലൂടെയാണു ചിലർ ബോറൻ ലൈഫിനു ഫുൾസ്റ്റോപ്പിടുന്നത്. പ്രത്യേകിച്ചു യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ കെട്ടുംപൂട്ടിയൊരു യാത്ര.. അതിത്തിരി വ്യത്യസ്തവും സാഹസികവും കൂടിയായാലോ? വെറും സാഹസികമല്ല അതിസാഹസികമെന്നൊക്കെ പറയും വിധത്തിലൊരു വിനോദ സഞ്ചാര കേന്ദ്രത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്, അതാണു കോയ്‌ലിങ് ഡ്രാഗൺ ക്ലിഫ്.

ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ സാൻജിയാജി നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഈ ഡ്രാഗൺ ക്ലിഫ് എന്താണെന്നല്ലേ? ഒന്നാന്തരം ഒരു ആകാശക്കാഴ്ച്ച സമ്മാനിക്കുന്ന 100 മീറ്റർ നീളമുള്ള കണ്ണാ‌ടിപ്പാതയാണിത്. 4600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടിയാൻമെൻ കൊടുമുടിയുടെ വശത്തായി പണികഴിപ്പിച്ചിരിക്കുന്ന ഈ ഡ്രാഗൺ ക്ലിഫ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തുവെന്നതാണു പുതിയ വിശേഷം. നേരത്തെ തടികൊണ്ടു നിർമ്മിച്ചിരുന്ന ഈ നടപ്പാത അടുത്തിടെയാണ് ഗ്ലാസുകൊണ്ടു നിർമ്മിച്ചത്.

കോയ്‌ലിങ് ഡ്രാഗൺ ക്ലിഫ്

ഡ്രാഗൺ ക്ലിഫ് വിനോദസഞ്ചാരികൾക്കായി തുറന്നതോടെ ജനപ്രവാമാണിവി‌ടെ. താഴേക്കൊന്നു നോക്കിയാൽ യാതൊരു തടസങ്ങളുമില്ലാതെ നീണ്ടുകി‌ടക്കുന്ന ആഴക്കാഴ്ച്ചകൾ കാണാം. ആകാശത്തുമ്പത്തു നിന്നും ആസ്വദിക്കാമെന്ന ആഗ്രഹത്തോടെ പോകുമ്പോൾ ഒരൽപം ധൈര്യം അധികം ഉണ്ടായിരിക്കുന്നതും നല്ലതാണ് കാരണം താഴേയ്ക്കു നോക്കിയാൽ ചിലപ്പോൾ തലകറങ്ങാനും സാധ്യതയുണ്ട്. പലരും തുടക്കത്തിൽ പ്രകടിപ്പിച്ച ആവേശം കണ്ണാടിപ്പാതയിൽ കാലു കുത്തിയപ്പോൾ കാണിച്ചില്ലെന്നാണ് അറിയുന്നത്. ചിലരൊക്കെ പേടിമൂലം ഒരു അരികുചേർന്നു നടന്നപ്പോൾ മറ്റുചിലർ കൂളായി സെൽഫിയൊക്കെയെടുത്ത് കാഴ്ചകളൊക്കെ ആസ്വദിച്ചാണു യാത്ര ചെയ്തത്.

നേരത്തെ തന്നെ വിനോദസഞ്ചാരികൾക്കായി ഒരുക്കുന്ന വ്യത്യസ്തതകൾ കൊണ്ടു പ്രസിദ്ധമാണ് സാൻജിയാജി നാഷണൽ പാർക്. ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള ഗ്ലാസുകൊണ്ടുള്ള പാലം കഴിഞ്ഞ മേയിലാണ് ഉദ്ഘാടനം ചെയ്തത്. തീർന്നില്ല യാത്രികർക്കായി പാറക്കെട്ടുകൾക്കു നടുവിൽ ഭീമനൊരു ലിഫ്റ്റ് നിർമ്മിച്ചും സാൻജിയാജി നാഷണൽ പാർക് പ്രസിദ്ധി നേടിയിരുന്നു. 1070 അടി നീളമുള്ള ഈ ലിഫ്റ്റ് വുലിങ്‌യുവാൻ സീനിക് ഏരിയയിലാണു സ്ഥിതി ചെയ്യുന്നത്. യാത്രക്കാരെ താഴെ നിന്നും പർവതത്തിന്റെ മുകളിലേക്കെത്തിക്കുവാനായിരുന്നു 'ഹണ്ട്ര‍ഡ് ഗ്രാഗൺസ് സ്കൈ ലിഫ്റ്റ്' എന്ന ഈ ലിഫ്റ്റ് പണികഴിപ്പിച്ചത്.