ശുദ്ധവായു കുപ്പിയിലാക്കിയത് വിൽപനയ്ക്ക്

കുടിവെള്ളം കുപ്പിയിലാക്കി വന്നപ്പോൾ അത്ഭുതപ്പെട്ടവർ ഈ വാർത്തകേട്ടാൽ എന്തുപറയും? ശുദ്ധവായു കുപ്പിയിലാക്കിയത് വിൽപനയ്ക്കെത്തിയിരിക്കുകയാണ് ഇപ്പോൾ. അന്തരീക്ഷവായു ഏറെ മലിനമാക്കപ്പെട്ട ചൈനയിൽ ഒരു കനേഡിയൻ കമ്പനിയാണ് മലനിരകളിൽ നിന്നുള്ള ശുദ്ധവായു വിൽപനയ്ക്കെത്തിച്ചിരിക്കുന്നത്. ബാൻഫ്, ലേക് ലൂയിസ് മലനിരകളിൽ നിന്നു ശേഖരിച്ച ശുദ്ധവായുവാണ് അലുമിനിയം കാനുകളിലാക്കി വിൽപനയ്ക്കെത്തിച്ചിരിക്കുന്നത്.

വൈറ്റാലിറ്റി എയർ എന്ന കമ്പനിയാണ് പുതിയ സംരംഭത്തിനു പിന്നിൽ. 7.7 ലീറ്റർ ശുദ്ധവായുവിന് വില പത്തുമുതൽ 20 വരെ ഡോളർ വരും. ആദ്യവിൽപനയ്ക്കെത്തിച്ച 500 ബോട്ടിൽ ഷോപ്പിങ് സൈറ്റുകളിൽ വിൽപനയ്ക്കു വച്ച് ഉടനെ തന്നെ വിറ്റുപോയതായി കമ്പനി വക്താവ് അറിയിച്ചു. അടുത്ത ഷിപ്മെന്റ് 700 കുപ്പികൾ വൈകാതെ വിൽപനയ്ക്കെത്തും.

വ്യാവസായിക ലക്ഷ്യം മാത്രമല്ല വിറ്റാലിറ്റി എയർ പദ്ധതിക്കു പിന്നിൽ, പകരം ചൈന നേരിടുന്ന അന്തരീക്ഷമലിനീകരണ പ്രതിസന്ധിയിൽ പെടുന്നവർക്ക് ആശ്വാസമാകുക എന്നതും ലക്ഷ്യമിടുന്നതായി കമ്പനി അവകാശപ്പെടുന്നു. പരിസ്ഥിതി മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ബീജിങ്ങിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിരുന്നു. ഷാങ്ഹായ്‌യിലും സമാന സാഹചര്യമാണുള്ളത്. ‌‌