അർധരാത്രി നഗരമധ്യത്തിൽ തനിച്ചായ യുവതിക്കരികിലേക്ക് മാലാഖമാരെപ്പോലെ അവരെത്തി !

പ്രിയങ്ക കാംബോജ് തന്നെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ ഓം പ്രകാശിനും ദയാ കിഷനുമൊപ്പം

പട്ടാപ്പകലോ രാത്രിയോ എന്നു വ്യത്യാസമില്ലാതെ സ്വാതന്ത്രത്തോടെയും ഭയചിന്തകളേതുമില്ലാതെയും യാത്ര ചെയ്യാൻ കഴിയുക എന്നതാണ് ഒരു സ്ത്രീയെ സംബന്ധിച്ചി‌ടത്തോളം ഏറ്റവും സന്തോഷപ്പെടുത്തുന്ന കാര്യം. പക്ഷേ ഇന്നത്തെ കാലത്ത് തനിച്ചൊരിടത്ത് അകപ്പെട്ടാൽ പിന്നെ ആ സ്ത്രീ അടുത്ത പുലരി കാണുമോ എന്നതു തന്നെ സംശയമാണ്. അത്രയ്ക്കും ഭീതിപ്പെടുത്തുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പക്ഷേ രാജ്യതലസ്ഥാനത്തു നിന്നും കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വാർത്ത നന്മയുടേതാണ്, നന്മയുടെ നിറകുടമായ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച്.

ഡൽഹി സ്വദേശിയായ പ്രിയങ്ക കാംബോജ് എന്ന യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥരോടുള്ള തന്റെ കടപ്പാടറിയിച്ച് ഫേസ്ബുക്കിൽ ആ സംഭവം വിവരിച്ചത്. അർധരാത്രി ഒന്നരയോടെയാണ് പ്രിയങ്ക സഞ്ചരിച്ച വാഹനം കേടായത്. തുടർന്ന് കാർ സർവീസിങ് സെന്ററിലേക്കു വിളിച്ച് സഹായം അഭ്യർഥിച്ചെങ്കിലും അവര്‍ ന്യായമായ തുകയുടെ ഇരട്ടിയും അതിലധികവുമൊക്കെ ആവശ്യപ്പെട്ടു. ആ സമയത്താണ് അതുവഴി ഒരു പൊലീസ് കൺട്രോൾ റൂം വാൻ ക‌ടന്നുവന്നത്. പ്രിയങ്കയെ കണ്ട പൊലീസ് ഉദ്യോഗസ്ഥർ കാര്യം എന്തെന്നു തിരക്കി. ശേഷം പൊലീസ് ഉദ്യോഗസ്ഥർ തന്നെ പ്രിയങ്കയുടെ കാറിലെ ടയർ മാറ്റുകയും വീട്ടിൽ സുരക്ഷയോടെ എത്താനുള്ള സാഹചര്യം ഉറപ്പാക്കുകയും ചെയ്തു.

തന്നെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ ഓം പ്രകാശിനും ദയാ കിഷനുമുള്ള നന്ദി അറിയിച്ച പ്രിയങ്ക ഇരുവർക്കുമൊപ്പമുള്ള ചിത്രവും ഫേസ്ബുക്കില്‍ പങ്കുവച്ചു. അർധരാത്രി അവൾ പുറത്തിറങ്ങിയത് എന്തിനാണ് എന്നു ചോദിക്കുന്ന ഭൂരിഭാഗത്തിനിടയിൽ സഹായഹസ്തവുമായി കടന്നുവന്ന മാലാഖമാരാണ് ആ പൊലീസ് ഉദ്യോഗസ്ഥരെന്നാണ് ഭൂരിഭാഗം പേരുടെയും വാദം. അതെ, തനിച്ചകപ്പെട്ടാൽ ചോദ്യങ്ങശരങ്ങൾ െകാണ്ടു മൂടുന്നതിനേക്കാൾ ഇതുപോലെ നന്മവെളിച്ചമാകുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് നാടിനു വേണ്ടത്.