ഒരൊറ്റ ഫെയ്സ്ബുക് പോസ്റ്റ് മതി; ജീവിതം മാറിമറിയാൻ

ഒരുപാട് ആഗ്രഹിച്ചു തുടങ്ങിയതായിരുന്നു ജോൺ മാക്മിലൻ ആ ഫിഷ് ആൻഡ് ചിപ്സ് ഷോപ്. ചെറുപ്പം മുതലേയുണ്ട് കുക്കിങ്ങിൽ താൽപര്യം. പക്ഷേ ജോലി കിട്ടിയത് ഇലക്ട്രീഷ്യനായിട്ട്. അപ്പോഴും ഫിഷ് സ്പെഷ്യൽ ഷോപ് എന്ന ആഗ്രഹം മനസിൽ കിടന്നു.   അങ്ങനെ ഒരുപാടു കാലത്തെ അധ്വാനത്തിൽനിന്നു സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് സ്കോട്ട്ലൻഡിലെ ലെത്ബ്രിജിൽ ഷോപ് തുറന്നു– ഫിഷ് ആൻഡ് ചിപ്സ് ഷോപ്.

രാവിലെ 6.30 മുതൽ രാത്രി എട്ടരവരെയായിരുന്നു ഷോപ് സമയം. പാർക്കിങ്ങിനു വേണ്ടുവോളം സ്ഥലം. പക്ഷേ രുചികരമായ   മീനും ചിപ്സും സാലഡുമൊക്കെ ഒരുക്കി കാത്തിരുന്നതു വെറുതെയായി. ദിവസം പത്തോ പതിനഞ്ചോ പേർ. ബാക്കി സമയം താടിക്കു കൈയും കൊടുത്ത് ഈച്ചയെ ആട്ടിയിരുന്നു ജോൺ മാക്മിലൻ. ഒരിക്കൽ തന്റെ കടയിൽ ആളുകൾ തിക്കിത്തിരക്കുന്നതു സ്വപ്നവും കണ്ട് അങ്ങനെയിരിക്കുമ്പോഴാണ് ദേവദൂതനെപ്പോലെ ഒരാൾ കടയിലേക്കു കടന്നു വരുന്നത്. വെറുതെ ആ വഴി കടന്നു പോയപ്പോഴാണ് കോളിൻ റോസ് ആളില്ലാത്ത ഷോപ് കാണുന്നത്. ചുമ്മാ മെനു നോക്കിയേക്കാം എന്നു വിചാരിച്ചു ഉള്ളിൽ കയറിയപ്പോൾ കൗണ്ടറിൽത്തന്നെ ജോൺ മാക്മിലൻ ഇരിപ്പുണ്ട്.  ഓർഡർ ചെയ്ത ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ കോളിൻ റോസ് മാക്മിലന്റെ കഥയും കേട്ടു.  അവിടെനിന്നിറങ്ങിയ കോളിൻ റോസ് നേരെ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു–  ഫീലിങ് ഇനി കഴിക്കാൻ വയ്യായേ.... 

ഇത്ര രുചികരമായ ഭക്ഷണം അടുത്തെങ്ങും കഴിച്ചിട്ടില്ലെന്നും മൂക്കറ്റം കഴിച്ച് അനങ്ങാൻ വയ്യാത്ത അവസ്ഥയിലാണു താനെന്നും എല്ലാവരും ഈ കടയിൽനിന്നു ഭക്ഷണം വാങ്ങി ടേസ്റ്റ് ചെയ്യണമെന്നുമായിരുന്നു പോസ്റ്റ്. 

നിമിഷങ്ങൾക്കകം പോസ്റ്റ് വൈറലായി. മണിക്കൂറുകൾക്കകം ഷോപ്പിനു മുൻപിൽ വൻ ക്യൂ. ഇവിടെയെന്താ നൂറു രൂപ വീതം കൊടുക്കുന്നുണ്ടോ എന്ന് ശ്രീനിവാസൻ സ്റ്റൈലിൽ ജോൺ മാക്മിലൻ ആദ്യമൊന്നു സംശയിച്ചെങ്കിലും ആളുകൾക്കെല്ലാം ഓർഡർ അനുസരിച്ചു ഫിഷും ചിപ്സും ഒരുക്കി കൊടുത്തു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ പാചകത്തിനായി ഒരാളെക്കൂടി നിയമിച്ചിരിക്കുകയാണ് ജോൺ. എന്താ ലേ. ഒരു ഫെയ്സ് ബുക് പോസ്റ്റ് മതി. ജീവിതം മാറ്റി മറിക്കാൻ.