ദീപികയുടെ പുതിയ പരസ്യചിത്രം വൈറൽ, കണ്ടത് 34 ലക്ഷം പേർ

ദീപിക പദുക്കോൺ

ഇന്ത്യൻ വനിതാ കായികതാരങ്ങൾക്കൊപ്പം ബോളിവുഡ് സ്റ്റാർ ദീപികാ പദുക്കോണും ചേർന്ന പുതിയ പരസ്യചിത്രം വൈറലാകുന്നു. സ്പോർട്സ് അനുബന്ധ ഉൽപന്ന നിർമാതാക്കളായ ‘നൈക്കി’യുടെ ഏറ്റവും പുതിയ പരസ്യമാണ് ഇതിനോടകം ഹിറ്റായത്. ഫെയ്സ്ബുക്ക് ചീഫ് ഓപറേറ്റിങ് ഓഫിസറായ ഷെറിൽ സാൻഡ്ബെർഗ് ഉൾപ്പെടെ തങ്ങളുടെ ഔദ്യോഗിക പേജിൽ ഈ വിഡിയോ ഷെയർ ചെയ്തതോടെ സംഗതി രാജ്യാന്തരതലത്തിലും പ്രശസ്തമാവുകയാണ്. ചക് ദേ ഇന്ത്യയിലെ പാട്ടു കേൾക്കുന്ന അതേ ആവേശത്തോടെ പരസ്യ ഗാനത്തിനൊപ്പം ലോകം മുഴുവൻ താളം പിടിക്കുന്നു– ഡാ ഡാ ഡിങ്.

ഫുട്ബോളും ക്രിക്കറ്റും റസ്‌ലിങ് ബോക്സിങ്ങും അത്‌ലറ്റിക്സുമൊക്കെയായി വനിതകൾ ട്രാക്കിൽ നിറഞ്ഞ നൈക്കി പരസ്യം ഫെയ്സ് ബുക്കിൽ ദീപിക പദുക്കോൺ ഷെയർ ചെയ്തതോടെയാണ് ആരാധകർ ഏറ്റുപിടിച്ചത്. ഫെയ്സ്ബുക്കിൽ 60 ലക്ഷം ഹിറ്റുകൾ. യുട്യൂബിൽ പരസ്യം കണ്ടത് 34 ലക്ഷം പേർ. ഹോക്കി താരം റാണി റാംപൽ, ഫുട്ബോൾ താരം ജ്യോതി ആൻ ബററ്റ്, സർഫിങ് താരം ഇഷിത മാളവ്യ തുടങ്ങിയ വൻതാരങ്ങൾക്കൊപ്പം നൂറോളം കായിക താരങ്ങളാണു പരസ്യത്തിൽ വരുന്നത്.

ദീപിക പദുക്കോൺ ഫെയ്സ് ബുക്ക് പേജ് സ്റ്റാറ്റസിൽ ഇങ്ങനെ കുറിച്ചു:
‘രണ്ടു വർഷങ്ങൾക്കു മുൻപ് ഞാൻ അതികഠിനമായ ഡിപ്രഷൻ അനുഭവിച്ച സമയം ഉണ്ടായിരുന്നു. എന്നെത്തന്നെ കൈവിട്ടുപോയി എന്നു തോന്നിയ സമയം. പക്ഷേ എന്നിലെ അത്‌ലിറ്റ് തിരിച്ചുവരവിനുള്ള കരുത്തും ധൈര്യവും എനിക്കു നൽകി’. ആ ധൈര്യവും ഊർജവും കാഴ്ചക്കാരിലേക്കു കൂടു പ്രസരിപ്പിക്കും ഈ പരസ്യചിത്രം. റിയോ ഡി ജനേറോയിലേക്ക് ഒളിംപിക് മെഡലുകൾ സ്വപ്നം കണ്ട് ഇന്ത്യയിലെ എക്കാലത്തെയും വലിയ ടീം പോകുമ്പോൾ ഇന്ത്യയൊന്നാകെ ആവേശത്തോടെ ആർപ്പു വിളിക്കുന്നത് ഇങ്ങനെയാകാം– ഡാ ഡാ ഡിങ്.